അറ്റ്ലാന്റിക് സമുദ്രത്തിൽ കരീബിയൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് രാഷ്ട്രമാണ് ബാർബഡോസ്. ഈ രാജ്യത്ത് ഓയിസ്റ്റിൻസ് മേഖലയിലെ ക്രൈസ്റ്റ് ചർച്ച് പാരിഷ് ഹാളിന്റെ പരിസരത്ത് സ്ഥിതി ചെയ്യുന്ന കല്ലറയാണ് 'ചേസ് വോൾട്ട് '. ബാർബഡോസിലെത്തുന്ന സഞ്ചാരികളുടെ മുഖ്യ ആകർഷണ കേന്ദ്രങ്ങളിലൊന്നാണ് ഇപ്പോൾ ഈ കല്ലറകൾ.
1812 ഓഗസ്റ്റ് 9നാണ് ഈ കല്ലറയെ ചുറ്റിപ്പറ്റിയുള്ള കഥകളുടെ തുടക്കം. ബാർബഡോസിൽ താമസമാക്കിയ സമ്പന്നനായ ബ്രിട്ടീഷ് വംശജൻ കേണൽ തോമസ് ചേസിന്റെ മൃതദേഹം മറവു ചെയ്യാനായി തുറന്നതായിരുന്നു ഈ കല്ലറ. കല്ലറ തുറന്ന എല്ലാവരും ഞെട്ടിപ്പോയി. തോമസ് ചേസിന്റെ രണ്ട് പെൺമക്കളുടെ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ മൃതദേഹവും ഈ കല്ലറയിൽ തന്നെയായിരുന്നു അടക്കം ചെയ്തിരുന്നത്. എന്നാൽ, കല്ലറയിലെ ശവപ്പെട്ടികളെല്ലാം വച്ച സ്ഥാനത്ത് നിന്ന് മാറി ക്രമരഹിതമായി കിടക്കുന്നു ! അതേ സമയം, സ്ഥാനം മാറിയതല്ലാതെ പെട്ടികളൊന്നും തുറന്നിട്ടില്ലായിരുന്നു.
തോമസിന്റെ മക്കളായ ആൻ 1808ൽ രണ്ടാം വയസിലും ഡോർകസ് 1812ൽ പന്ത്രണ്ടാം വയസിലുമാണ് മരിച്ചത്. തോമസിന്റെ മരണ ശേഷം നാല് വർഷങ്ങൾക്ക് ശേഷം മറ്റൊരു കുടുംബാംഗത്തിന്റെ മൃതദേഹം സംസ്കരിക്കാൻ കല്ലറ തുറന്നപ്പോഴും സമാന കാഴ്ചയാണ് കണ്ടത്. അന്ന് തോമസ് ചേസിന്റെ ശവപ്പെട്ടിയ്ക്കുൾപ്പെടെ സ്ഥാന ചലനം സംഭവിച്ചിരുന്നു. ഓരോ തവണ കല്ലറ തുറക്കുമ്പോഴും ശവപ്പെട്ടികൾ സുരക്ഷിതമായി വച്ച ശേഷം പുറത്ത് നിന്ന് ആർക്കും തുറക്കാനാകാത്ത തരത്തിൽ പൂട്ടിയിരുന്നു. എന്നിട്ടും ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് ഏവരും ആശ്ചര്യപ്പെട്ടു. അന്വേഷണത്തിൽ മറ്റാരും അകത്ത് കടന്നിട്ടില്ലെന്നും കല്ലറയിലേക്ക് മറ്റ് ഭൂഗർഭ രഹസ്യ പാതകൾ ഇല്ലെന്നും ബോദ്ധ്യമായി.
കല്ലറയുടെ കവാടം ഒഴികെ ബാക്കിയെല്ലാം മണ്ണിനടിയിലാണ്. കല്ലറയുടെ വാതിൽ ഒരാൾക്ക് എളുപ്പം തുറക്കാനാവുന്നതുമല്ലായിരുന്നു. മാർബിൾ കൊണ്ട് നിർമ്മിച്ച കല്ലറയുടെ കൂറ്റൻ വാതിൽ ഒന്നിൽ കൂടുതൽ പേർ ചേർന്ന് തള്ളി നീക്കേണ്ടതുണ്ട്. 1819ൽ ചേസ് കല്ലറയിൽ മറ്റൊരു മൃതദേഹം കൂടി അടക്കം ചെയ്തു. ഇത്തവണ ബാർബഡോസ് ഗവർണർ തന്നെ ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കുകയും കല്ലറയുടെ കോൺക്രീറ്റ് കവാടം അടച്ചുപൂട്ടി മുദ്ര പതിപ്പിക്കുകയും ചെയ്തു. കല്ലറയ്ക്കുള്ളിൽ തറയിൽ മണ്ണ് പാകുകയും ചെയ്തു. ആരെങ്കിലും കല്ലറയ്ക്കുള്ളിലെത്തി ശവപ്പെട്ടികൾ മാറ്റിയാൽ അതിന്റെ പാടുകൾ മണ്ണിൽ അവശേഷിക്കും.
ഏകദേശം ഒരു വർഷത്തിന് ശേഷം കല്ലറ വീണ്ടും തുറന്നു. കല്ലറയുടെ കവാടത്തിനും പൂട്ടിനുമൊന്നും യാതൊരു വ്യത്യാസവുമില്ലായിരുന്നു. എന്നാൽ, തുറന്നപ്പോൾ കണ്ടത് ശവപ്പെട്ടികൾ സ്ഥാനം തെറ്റിക്കിടക്കുന്നത് തന്നെയാണ്. ചില ശവപ്പെട്ടികൾ കുത്തനെ വച്ച നിലയിലുമായിരുന്നു. മണ്ണിൽ അസ്വാഭാവികമായ പാടുകളൊന്നും കണ്ടതുമില്ല.
ഒടുവിൽ ചേസ് കുടുംബാംഗങ്ങളും അധികൃതരും ഒരു തീരുമാനത്തിലെത്തി. കല്ലറയിലെ ശവപ്പെട്ടികളെല്ലാം പുറത്തെടുത്ത് അവയെ പ്രത്യേകം അടക്കം ചെയ്യുക എന്നതായിരുന്നു അത്. അതോടെ ശൂന്യമായി മാറിയ ആ കല്ലറയ്ക്ക് അധികൃതർ എന്നന്നേക്കുമായി താഴിട്ടു. ശരിക്കും ചേസ് വോൾട്ടിൽ സംഭവിച്ചതെന്താണെന്ന് ആർക്കും അറിയില്ല.
ചേസ് വോൾട്ടിലെ ചലിക്കുന്ന ശവപ്പെട്ടികൾക്ക് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമല്ലാത്തതിനാൽ അവ ഇന്നും 'അർബൻ ലെജന്റ്സ് " അഥവാ ആധുനിക കെട്ടുകഥകളായാണ് കണക്കാക്കപ്പെടുന്നത്. കല്ലറയെപ്പറ്റി ബാർബഡോസുകാർക്കിടയിൽ നിരവധി വിശ്വാസങ്ങൾ പ്രചാരത്തിലുണ്ട്. അതേസമയം, ഈ സംഭവങ്ങൾ നടക്കുന്ന സമയത്തെ ന്യൂസ് പേപ്പറുകളോ ക്രൈസ്റ്റ് ചർച്ചിൽ നടന്ന ശവസംസ്കാരങ്ങളുടെ രേഖയോ ലഭിച്ചിട്ടില്ലെന്ന ചിലരുടെ ആരോപണം ചേസ് വോൾട്ടിലെ ചലിക്കുന്ന ശവപ്പെട്ടികൾ കെട്ടുകഥയാണെന്ന വാദത്തിന് ആക്കം കൂട്ടുന്നു.