ബെയ്ജിംഗ്: ചെെനയിൽ നിന്നുളള സിചുവാൻ എയർലെെൻസ് ഇന്ത്യയിലേക്കുളള എല്ലാ ചരക്കു വിമാനങ്ങളും 15 ദിവസത്തേക്ക് നിർത്തിവച്ചു. ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റു മെഡിക്കൽ സപ്ലെെകളും ചെെനയിൽ നിന്നും വാങ്ങാനുളള സ്വകാര്യ വ്യാപാരികളുടെ ശ്രമങ്ങൾക്ക് ഇത് തടസമാകും. കൊവിഡ് പ്രതിരോധത്തിന് ചെെന ഇന്ത്യക്ക് എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തതിരിക്കുന്നതിനിടെയാണ് ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത്.
സിചുവാൻ എയലെെൻസിന്റെ ഭാഗമായ സിചുവാൻ ചുവാൻഹാംഗ് ലോജിസ്റ്റിക് ലിമിറ്റഡ് തിങ്കളാഴ്ച സെയിൽസ് ഏജന്റുമാർക്ക് അയച്ച കത്തിൽ, സിയാനിൽ നിന്നും ഡൽഹിയിലേക്കടക്കമുളള ആറു റൂട്ടുകളിൽ സർവീസ് നിർത്തിവയ്ച്ചിരിക്കുന്നതായി പറയുന്നു. ചെെനയിൽ നിന്നും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എത്തിക്കുന്നതിന് ഇരുവശത്തുമുളള സ്വകാര്യ വ്യാപാരികൾ നടത്തുന്ന തീവ്ര ശ്രമങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാകും.
ഇന്ത്യയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ പുറത്തു നിന്നും രാജ്യത്ത് എത്താനിടയുളള കൊവിഡ് കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനായാണ് 15 ദിവസത്തേക്ക് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. സിചുവാൻ എയർലെെൻസിന്റെ പ്രധാനപ്പെട്ട റൂട്ടുകളാണ് ഇന്ത്യയിലേക്കുളളത്. വിമാന സർവീസ് നിർത്തിവയ്ക്കാനുളള തീരുമാനം കമ്പനിക്ക് വലിയ നഷ്ടമുണ്ടാക്കി. മാറ്റമില്ലാതെ തുടരുന്ന ഈ സാഹചര്യത്തിൽ, തങ്ങൾ ഖേദിക്കുന്നതായും ഏജന്റുമാർ സാഹചര്യം മനസിലാക്കണമെന്നും കത്തിൽ പറയുന്നു. 15 ദിവസങ്ങൾക്കുശേഷം കമ്പനി സ്ഥിതിഗതികൾ അവലോകനം ചെയ്യുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെ വില ചെെനീസ് നിർമാതാക്കൾ 35 മുതൽ 40 ശതമാനം വരെ ഉയർത്തിയതായും പരാതികളുണ്ട്. ചരക്കു കൂലി 20 ശതമാനത്തോളം ഉയർത്തിയതായി ചരക്ക് കെെമാറൽ കമ്പനിയായ സിനോ ഗ്ലോബൽ ലോജിസ്റ്റിക്സിന്റെ പ്രതിനിധി പറഞ്ഞതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.