ബ്രിട്ടനിലെ പ്രശസ്തമായ ആഡംബര ഗോൾഫ് റിസോർട്ട് ഇനി മുകേഷ് അംബാനിയുടെ പേരിൽ. കൺട്രി ക്ലബ് സമുച്ചയം സ്റ്റോക് പാർക്ക് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 597 കോടി രൂപയ്ക്ക് (5.7 കോടി പൗണ്ട്) സ്വന്തമാക്കിയത്
.
ബക്കിങ്ങാംഷറിലാണ് സ്റ്റോക് പാർക്ക്. ഇവിടത്തെ ആഡംബര സൗധത്തിന് 900 വർഷം പഴക്കം കണക്കാക്കുന്നു. 1908 വരെ സ്വകാര്യവസതിയായിരുന്നു. പിന്നീട് ആഡംബര ഹോട്ടലും ഗോൾഫ് കോഴ്‌സും ടെന്നിസ് കോർട്ടുകളും പൂന്തോട്ടങ്ങളുമൊക്കെയായി പ്രവർത്തിക്കുകയായിരുന്നു.. രണ്ട് ജയിംസ് ബോണ്ട് ചിത്രങ്ങളടക്കം പല ഹോളിവുഡ് സിനിമകൾക്കും ഇവിടം പശ്ചാത്തലമായിട്ടുണ്ട്.. ഷീൻ കോണറിയുടെ പ്രശസ്തമായ ഗോൾഡ് ഫിംഗർ (1964), പിയേഴ്സ് ബ്രോസ്‌നന്റെ ടുമാറോ നെവർ ഡൈസ് (1994) എന്നിവ സ്റ്റോക്ക് പാർക്കിലാണ് ചിത്രീകരിച്ചത്. കൂടാതെ നിരവധി ഹോളിവുഡ് ചിത്രങ്ങൾക്ക് ഇവിടെ വേദിയായി.
റിലയൻസിന്റെ ഉപസ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്‌മെന്റ്‌സ് ആൻഡ് ഹോൾഡിങ്‌സ് ലിമിറ്റഡാണ് സ്റ്റോക് പാർക്ക് ലിമിറ്റഡിന്റെ മുഴുവൻ ഓഹരികളും വാങ്ങിയത്.