narendra-modi

ന്യൂഡൽഹി: ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമം പരിഹാരിക്കാത്തതിൽ കേന്ദ്രസർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഡൽഹി ഹൈക്കോടതി. ഡൽഹിക്ക് വകയിരുത്തിയ ഓക്‌സിജൻ പുനർനിശ്ചയിക്കണമെന്ന് നിർദേശിച്ചിട്ടും കേന്ദ്രസർക്കാർ ഒന്നും ചെയ്‌തിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആവശ്യമായ സമയത്ത് ആശുപത്രികളിൽ ഓക്‌സിജൻ എത്തിക്കാത്തതിനെ തുടർന്ന് നിരവധി ജീവനുകളാണ് നഷ്‌ടമായതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഓക്‌സിജൻ വിതരണം സംസ്ഥാന സർക്കാരിന്റെ ജോലിയാണെന്ന് കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഓക്‌സിജൻ വിതരണം സംസ്ഥാനസർക്കാരിനൊപ്പം കേന്ദ്രത്തിന്റെയും ഉത്തരവാദിത്തമാണെന്ന് കോടതി വ്യക്തമാക്കി. ഓക്‌സിജൻ വിതരണത്തിലെ ആശയക്കുഴപ്പം പരിഹരിക്കാൻ ആശുപത്രി അധികൃതരുടെയും ഓക്‌സിജൻ വിതരണക്കാരുടെയും സംയുക്ത യോഗം വിളിച്ച് ചേർക്കാൻ ഡൽഹി ചീഫ്‌സെക്രട്ടറിയോട് കോടതി നിർദേശിച്ചു.

യോഗത്തിൽ ഓക്‌സിജൻ വിതരണത്തിനുളള കൃത്യമായ മാർഗരേഖ തയ്യാറാക്കി നാളെ സമർപ്പിക്കാനും കോടതി നിർദേശിച്ചു. അതിനിടെ, ഓക്‌സിജൻ ടാങ്കറുകൾ രാജസ്ഥാനിൽ പിടിച്ച് വച്ചിരിക്കുകയാണെന്ന് ഡൽഹിയിലേക്ക് ഓക്‌സിജൻ വിതരണം ചെയ്യുന്ന ഇനോക്‌സ് കോടതിയെ അറിയിച്ചു. ടാങ്കറുകൾ വിട്ടുനൽകാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.