nadal

ബാഴ്സലോണ: ബാഴ്സലോണ ഓപ്പൺ ടെന്നീസ് കിരീടത്തിൽ റാഫേൽ നദാൽ മുത്തമിട്ടു. ഫൈനലിൽ ഗ്രീക്ക് സൂപ്പർ യുവതാരം സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനെ കീഴടക്കിയാണ് നദാൽ ചാമ്പ്യനായത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-4,​ 6-7,​ 7-5നായിരുന്നു റാഫേൽ ജയം ഉറപ്പിച്ചത്. ആദ്യ സെറ്ര് വലിയ പ്രശ്‌നമില്ലാതെ നദാൽ നേടിയെങ്കിലും തൊട്ടടുത്ത ടൈബ്രേക്കറോളം നീണ്ട അടുത്ത സെറ്ര് സ്വന്തമാക്കി സിറ്റ്‌സിപാസ് ഒപ്പമെത്തി.

എന്നാൽ നിർണായകമായ മൂന്നാം സെറ്റ് വാശിയേറിയ പോരാട്ടത്തിനൊടുവിൽ ടൈബ്രേക്കറിലൂടെ സ്വന്തമാക്കി നദാൽ കിരീടം ഉറപ്പിക്കുകയായിരുന്നു.കളിമൺ കോർട്ടിൽ നദാലിന്റെ 61-ാം കിരീടമാണിത്. മൂന്ന് മണിക്കൂറും 38 മിനിട്ടും നീണ്ട ഈ പോരാട്ടം എ.ടി.പി ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ മത്സരങ്ങളിലൊന്നായിരുന്നു. നദാലിന്റെ 12-ാം ബാഴ്സലോണ ഓപ്പൺ കിരീട നേട്ടമാണിത്. കിരീട നേട്ടത്തോടെ റാങ്കിംഗിൽ ഡാനിയേൽ മെദ്‌വദേവിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനും നദാലിനായി. നൊവാക്ക് ജോക്കോവിച്ചാണ് ഒന്നാം സ്ഥാനത്ത്.