oscar

വാഷിംഗ്ടൺ: എന്നും തന്റേതായ ലോകത്ത് ഒതുങ്ങാൻ ആഗ്രഹിച്ച ആന്റണി ഹോപ്കിൻസെന്ന പ്രതിഭയ്ക്ക് അഭിനയം എന്നും അഭിനിവേശമായിരുന്നു. അഭിനയ രംഗത്ത് ആറ് പതിറ്റാണ്ട് പൂർത്തിയായിക്കഴിഞ്ഞപ്പോൾ തന്റെ രണ്ടാമത്തെ ഓസ്കർ പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് ഹോപ്കിൻസ്. ഓസ്കറിന് അർഹനായ ഏറ്റവും പ്രായം കൂടിയ നടനാണ് അദ്ദേഹം.

83 കാരനായ ആന്റണിയ്ക്ക് ഫ്‌ളോറിയന്‍ സെല്ലര്‍ സംവിധാനം ചെയ്ത ദ ഫാദർ എന്ന ചിത്രത്തിലെ ആന്റണി എന്ന കഥാപാത്രം അനശ്വരമാക്കിയതിനാണ് അദ്ദേഹത്തിന് ഓസ്കർ ലഭിച്ചത്.

ചെറുപ്പത്തിൽ വളരെ ഒതുങ്ങിയ പ്രകൃതമായിരുന്നു ഹോപ്കിൻസിന്റേത്. പഠനത്തേക്കാൾ അദ്ദേഹത്തിന് താൽപര്യം ചിത്രം വരയ്ക്കാനും പിയാനോ വായിക്കാനുമൊക്കെയായിരുന്നു. വീട്ടുകാരെ ഭയന്നാണ് ഹോപ്കിൻസ് പഠനത്തിൽ അൽപ്പമെങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ, പഠനത്തിൽ അദ്ദേഹം ഒട്ടും സമർത്ഥനായിരുന്നില്ല. വെൽഷ് നടനായ റിച്ചാഡ് ബർട്ടൻ ഹോപ്കിൻസിന്റെ അടുത്ത സുഹൃത്തായിരുന്നു. റിച്ചാഡിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടാണ് ഹോപ്കിൻസ് അഭിനയരംഗത്ത് ചുവടുറുപ്പിക്കുന്നത്. നാടകങ്ങളിൽ അവിസ്മരണീയ പ്രകടനം കാഴ്ച വച്ച ഹോപ്കിൻസ് ഒടുവിൽ സിനിമയിലെത്തി.

 ആ വെളുത്ത ബസ്

1967ൽ പുറത്തിറങ്ങിയ ദ വൈറ്റ് ബസാണ് ഹോപ്കിനസിന്റെ ആദ്യ ചിത്രം. ഹാംലെറ്റിലെ ക്ലോഡിയസ് എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം പ്രശസ്തനായി. യംഗ് വിന്‍സ്റ്റണ്‍, എ ബിഡ്ര‌്ജ് ടൂ ഫാര്‍, ദ എലഫന്റ് മാൻ, ബ്രാം സ്റ്റോക്കേർസ് ഡ്രാക്കുള, ദ റിമെയിൻസ് ഒഫ് ദ ഡേ, ദ മാസ്‌ക്ക് ഒഫ് സോറോ, ഹാർട്ട്സ് ഇൻ അറ്റ്‌ലാന്റിസ്, നിക്‌സൺ, ഫ്രാക്ചർ, തോർ ട്രിലജി, ആൻഡ്രേ റോസ്, മിസ് കണ്ടക്ട് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അദ്ദേഹം അവിസ്മരണീയ പ്രകടനം കാഴ്ചവച്ചു.ലോക സിനിമയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മഹാന്മാരായ നടന്മാരിൽ ഒരാളാണ് അദ്ദേഹം. രണ്ട് തവണ ഓസ്കർ പുരസ്കാരം കരസ്ഥമാക്കിയ ഹോപ്കിൻസിന് ആറ് തവണ ഓസ്‌ക്കറിൽ നാമനിർദ്ദേശം ചെയ്തിരുന്നു. സംവിധായകൻ, നിർമ്മാതാവ്, പിയാനിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം തിളങ്ങി.

 ദ സൈലസ് ഒഫ് ലാംമ്പ്സ്

1991ൽ പുറത്തിറങ്ങിയ സൈലന്റ്‌സ് ഒഫ് ലാമ്പ്‌സിലെ ഹാനിബാള്‍ ലെക്ടര്‍ എന്ന കഥാപാത്രമാണ് ആന്റണി ഹോപ്കിന്‍സിന് ആദ്യ ഓസ്‌ക്കര്‍ നേടി കൊടുത്തത്. സീരിയല്‍ കൊലയാളിയും നരഭോജിയുമായ ഹാനിബാള്‍ ലെക്ടറായി അദ്ദേഹം പകർന്നാടുകയായിരുന്നു.