തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന്റെ ഭാഗമായി നേരത്തെ രൂപം കൊടുത്ത പഞ്ചായത്ത്, വാർഡ്തല സമിതികൾ പുനഃസംഘടിപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചു. ഇതിൽ വീഴ്ച വരുത്തുന്ന പഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും പഞ്ചായത്ത് ഡയറക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടർ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
പുതുക്കിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് വാർഡ്തല സമിതികൾ, കൊവിഡ് പോസിറ്റീവ് ആയവരുടെ കുടുംബാംഗങ്ങൾക്ക് ആർ.ടി.പി.സി.ആർ പരിശോധന നൽകുന്നതിന് മുൻഗണന നൽകണം. ജനങ്ങൾ കൂടുതലായി തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലെ രോഗികളെ അടിയന്തര പ്രാധാന്യത്തോടെ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് മാറ്റേണ്ടതും വാർഡ്തല സമിതികളുടെ ചുമതലയാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സാമൂഹ്യ അകലം അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നെന്ന് ഉറപ്പു വരുത്തുകയും വേണം.
സെക്ടറൽ മജിസ്ട്രേട്ടുമാർക്ക് പിന്തുണ
കൊവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ബോധവത്കരണത്തിനൊപ്പം സെക്ടറൽ മജിസ്ട്രേട്ടമാർക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയും നൽകേണ്ടതും വാർഡ്തല സമിതികളാണ്. പൊലീസ്, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ആശാ വർക്കർമാർ എന്നിവർക്കും വേണ്ട സഹായങ്ങൾ ചെയ്തുനൽകണം.
അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ കൊവിഡ് വ്യാപനം പ്രതിരോധിക്കാൻ ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കണം. കൊവിഡ് ബാധിച്ച് തൊഴിൽ ക്യാമ്പുകളിൽ കഴിയുന്നവരുടെ നിരീക്ഷണച്ചുമതലയും ഇവർക്കാണ്. രോഗികളുടെ എണ്ണം കൂടിയാൽ ക്യാമ്പുകൾ ക്ളസ്റ്ററായി കണ്ട് രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതോടൊപ്പം ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്യണം.
മുതിർന്നവരെ മറക്കരുത്
മുതിർന്നവർ, പാലിയേറ്റീവ് കെയർ സെന്ററുകളിൽ കഴിയുന്നവർ ജീവിതശൈലീ രോഗങ്ങളുള്ളവർ ഭിന്നശേഷിക്കാർ, തീരദേശത്ത് താമസിക്കുന്നവർ, ചേരികളിലും മറ്റും താമസിക്കുന്നവർ, തൊഴിലുറപ്പ് ജോലിക്കാർ, കുടുംബശ്രീ പ്രവർത്തകർ, അന്യസംസ്ഥാന തൊഴിലാളികൾ എന്നിവരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണമെന്ന് വാർഡ് തല സമിതികളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇവർക്ക് കൊവിഡ് ടെസ്റ്റ് നടത്തണം. ഏത് സാഹചര്യവും നേരിടുന്നതിന് റാപ്പിഡ് റെസ്‌പോൺസ് ടീമിനെ സജ്ജമാക്കി നിറുത്തണം.
പരിധിയിൽ കൂടുതൽ കൊവിഡ് രോഗികളുള്ള പ്രദേശങ്ങളെ കണ്ടെയ്‌ൻമെന്റ്, മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതും ഈ സമിതികളുടെ ചുമതല ആയിരിക്കും. ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവരുമായി ആലോചിച്ച് വേണം ഇത്തരം നടപടികൾ സ്വീകരിക്കാൻ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംബന്ധിച്ച വിവരങ്ങൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നോ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നോ ശേഖരിച്ച ശേഷം പഞ്ചായത്തുകൾ അത് കൊവിഡ് ജാഗ്രതാ പോർട്ടലുകളിൽ കൃത്യമായി അപ്‌ഡേറ്റ് ചെയ്യണം. ഈ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ട ചുമതല പഞ്ചായത്ത് സെക്രട്ടറിമാർക്കായിരിക്കും. വലിയ തോതിൽ രോഗവ്യാപനമുള്ള സ്ഥലങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ ജിയോ മാപ്പിംഗ് നടത്തണം.
മാലിന്യ നിർമ്മാർജ്ജനവും
ക്വാറന്റൈൻ കേന്ദ്രങ്ങളിലെയും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലെയും മാലിന്യ നിർമ്മാർജ്ജനവും വാർഡ്തല സമിതികളുടെ ചുമതലയാണ്. മാളുകൾ, സിനിമാ തിയേറ്ററുകൾ, ഓഡിറ്റോറിയങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ബ്രേക്ക് ദ ചെയിൻ പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. വിവാഹം, മരണാനന്തര ചടങ്ങുകൾ അടക്കമുള്ള പരിപാടികളിൽ ആൾക്കൂട്ടം ഉണ്ടാകുന്നില്ലെന്നും ഉറപ്പാക്കണം.