തൃശൂർ: കൊടകരയിൽ ഒരു ദേശീയപാർട്ടിക്കായി കൊണ്ടുവന്ന കുഴൽപ്പണം കവർന്ന സംഭവത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകി ഡി ജി പി ലോക്‌നാഥ് ബെഹ്റ. കുഴൽപ്പണം കൊണ്ടുവന്നത് ഏത് പാർട്ടിക്ക് വേണ്ടിയാണെന്ന് വ്യക്തമായിട്ടില്ലെന്നാണ് ഡി ജി പി നൽകിയ റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും, ചോദ്യം ചെയ്യൽ നടക്കുന്നതായും ഡി ജി പി വിശദീകരിക്കുന്നു.
തൃശൂർ എസ് പിയുടെ റിപ്പോർട്ടും തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിട്ടുണ്ട്. വാഹനകവർച്ച കേസിൽ ഒമ്പത് പേർ ഇതുവരെ കസ്റ്റഡിയിലായിട്ടുണ്ട്. ക്വട്ടേഷൻ സംഘത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ, തൃശൂർ സ്വദേശികളാണ് പിടിയിലായത്. കവർച്ചയിൽ നേരിട്ട് പങ്കെടുത്ത ഏഴു പേരും ഇവർക്ക് താമസമൊരുക്കിയ രണ്ട് പേരുമാണ് ഇത്.
എറണാകുളത്തെ ഒളിസങ്കേതത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്‌താൽ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസ് കരുതുന്നത്. ഇവരെ ചോദ്യം ചെയ്‌ത് വരികയാണെന്നും സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും തൃശൂർ റൂറൽ എസ് പി ജി പൂങ്കുഴലി വ്യക്തമാക്കി.
വാഹനത്തിൽ പണം കൊണ്ടുപോകുന്ന വിവരം എങ്ങനെ ചോർന്നു കിട്ടി, ഈ പണം എവിടെ സൂക്ഷിച്ചിരിക്കുന്നു എന്നീ കാര്യങ്ങളാണ് ഇനി അറിയേണ്ടത്. സംഭവത്തിൽ പ്രധാന പ്രതിയെന്ന് കരുതുന്ന രഞ്ജിത്തിനെ പിടികൂടാനുളള ശ്രമം തുടരുകയാണ്. എറണാകുളത്ത് പ്രതികൾക്കൊപ്പം താമസിച്ചിരുന്ന രഞ്ജിത്ത് പൊലീസെത്തിയ സമയത്ത് സംഘത്തിലുണ്ടായിരുന്നില്ല.
വ്യാപാര ആവശ്യത്തിനായുളള 25 ലക്ഷം രൂപയും കാറും കവർന്നുവെന്നാണ് കോഴിക്കോട് സ്വദേശി ധർമരാജന്റെ പരാതി. എന്നാൽ കാറിൽ മൂന്നരക്കോടി രൂപയുണ്ടായിരുന്നെന്നും ഇത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒരു ദേശീയ പാർട്ടിക്ക് വേണ്ടി കൊണ്ടുപോയ പണമാണെന്നുമാണ് ആരോപണം.