മുംബയ്: സർക്കാർ ആശുപത്രിയിൽ ഓക്‌സിജൻ എത്തിച്ച വകയിൽ തനിക്ക് ലഭിക്കാനുളള ലക്ഷങ്ങൾ വേണ്ടെന്ന് വച്ച് മഹാരാഷ്ട്രയിൽ നിന്നുളള ബിസിനസുകാരൻ പ്യാരേ ഖാൻ. ഓക്സിജൻ എത്തിക്കാനുപയോഗിച്ച തന്റെ ടാങ്കർ ലോറികളുടെ വാടക ഇനത്തിൽ ലഭിക്കാനുളള 85 ലക്ഷത്തോളം രൂപയാണ് ഇദ്ദേഹം വേണ്ടെന്നു വച്ചത്. തുക നൽകാൻ അധികൃതർ തയാറായെങ്കിലും പണം വേണ്ടെന്നും അത് തന്റെ റംസാൻ സക്കാത്തായി കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.
ഇന്ന് 400 കോടിരൂപ ആസ്ഥിയുള്ള അംഷി ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഉടമയാണ് പ്യാരേ ഖാൻ. എന്നാൽ ഈ കാണുന്ന സൗഭാഗ്യങ്ങൾക്കു പിന്നിൽ അദ്ദേഹത്തിന്റെ കഠിന പ്രയത്‍നവും കഷ്ടപ്പാടുമുണ്ട്. 1995 ൽ നാഗ്പുർ റെയിൽവേ സ്റ്റേഷനു പുറത്ത് ഓറഞ്ച് വിൽപ്പനക്കാരനിൽ നിന്നും തുടങ്ങിയതാണ് ഇദ്ദേഹത്തിന്റെ ജീവിതം.
ഇപ്പോൾ രാജ്യത്തെങ്ങും സർവീസ് നടത്തുന്ന 2,000 ലേറെ ട്രക്കുകൾ ഇദ്ദേഹത്തിന്റേതായുണ്ട്. ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലും ഇന്ന് പ്യാരേ ഖാന്റെ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. ഓക്സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ തന്റെ സ്വന്തം ചെലവിൽ ഓക്സിജൻ എത്തിച്ച് നൽകാനുള്ള നീക്കങ്ങളും ഇദ്ദേഹം ആരംഭിച്ചിട്ടുണ്ട്.