case-diary

ഭോപ്പാൽ : തന്നെയും മക്കളെയും ഉപേക്ഷിച്ച് 45കാരനൊപ്പം താമസം തുടങ്ങിയ യുവതിയോട് പ്രതികാരം ചെയ്ത ഭർത്താവ് പിടിയിലായി. ഭാര്യയുടെ ലിവ് ഇൻ പങ്കാളിയെ കുത്തിക്കാലപ്പെടുത്തികയായിരുന്നു ഭർത്താവ് രാംപ്രസാദ് യാദവ്.. മദ്ധ്യപ്രദേശിലെ ജബൽപ്പൂരിൽ ശനിയാഴ്ച രാത്രിയാണ് 45കാരനായ രാജുവിനെ രാംപ്രസാദ് കുത്തിക്കൊലപ്പെടുത്തിയത്. രോഗിയാണെന്ന് പറഞ്ഞ് മകളെ കാണാനായാണ് പ്രതി ഭാര്യയെയും രാജുവിനെയും ഭോപ്പാലിൽ നിന്ന് ജബൽപുരിലേക്ക് വിളിച്ചു വരുത്തിയത്. ജബൽപ്പുരിലെ റെയിൽവേ സ്റ്റേഷന് സമീപത്തു വെച്ചാണ് രാജുവിനെ കുത്തിക്കൊന്നത്.

ജബൽപൂരിലെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷന് കീഴിലുള്ള റെയിൽവേ സ്റ്റേഷന് സമീപമുള്ള പഴയ പ്രകാശ് കോളനിയിലാണ് സംഭവം. ജബൽപൂർ സ്വദേശിയായ രാജു കഴിഞ്ഞ നവംബർ മുതൽ ഭോപ്പാലിൽ താമസിച്ചു വരികയായിരുന്നു. പ്രതി രാം പ്രസാദ് യാദവിന്റെ ഭാര്യ നീതു (38)വുമായി ഒളിച്ചോടിയാണ് രാജു ഭോപ്പാലിൽ വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങിയത്. ഭാര്യ തന്നെയും അവരുടെ ഒരു മകളെയും രണ്ട് ആൺമക്കളെയും ഉപേക്ഷിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതി പൊലീസിന് മൊഴി നൽകി.

മടങ്ങിവരാൻ ഭർത്താവ് സമ്മർദ്ദം ചെലുത്തിയെങ്കിലും നീതു വിസമ്മതിച്ചു. മകൾക്ക് അസുഖം ബാധിച്ചതിനാൽ ശനിയാഴ്ച ജബൽപൂരിലേക്ക് വരാൻ രാം പ്രസാദ് ജാദവ്, നീതുവിനെ വിളിച്ചു പറഞ്ഞു. പ്രതി ഭാര്യയെയും രാജുവിനെയും സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തി. അവർ എത്തിയപ്പോൾ തന്റെ ബൈക്ക് പാർക്ക് ചെയ്തിരുന്ന കോളനിയിലേക്ക് തന്നോടൊപ്പം വരാൻ രാജുവിനോട് ആവശ്യപ്പെട്ടു. ഭാര്യയോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടു. കുറച്ച് സമയത്തിന് ശേഷം പ്രതി ഒറ്റയ്ക്ക് മടങ്ങി.

രാജുവിനെക്കുറിച്ച് നീതു ചോദിച്ചപ്പോൾ കൊന്നുവെന്ന് രാംപ്രസാദ് പറഞ്ഞു. സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന രാജുവിനെയാണ് കണ്ടതെന്ന് നീതു പൊലീസിനോട് പറഞ്ഞു.