sooranad

കൊല്ലം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബഡ്‌ജറ്റുകളെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ. ധനമന്ത്രി അവതരിപ്പിച്ച ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച വിവിധ പദ്ധതികൾ സപ്ളിമെന്ററി ബ‌ഡ്‌ജറ്റിൽ പ്രഖ്യാപിക്കും എന്നാണ് അറിയിച്ചത്. ഇവ അടുത്ത ജൂലായിൽ മാത്രമേ ഉണ്ടാകുവെന്ന് വിമർശിക്കുകയാണ് ശൂരനാട് രാജശേഖരൻ. ഫേസ്‌ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

ശൂരനാട് രാജശേഖരന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം ചുവടെ:

കവിതകളുടെ മേമ്പൊടിയോടെ കോടികളുടെ പാക്കേജ് പ്രഖ്യാപനങ്ങൾ ഡോ.തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിൽ ഉണ്ടായിരിക്കും. 5000 കോടിയുടെ തീരദേശ പാക്കേജ്, 5000 കോടിയുടെ ഇടുക്കി പാക്കേജ്, 5000 കോടിയുടെ വയനാട് പാക്കേജ് തുടങ്ങിയ പാക്കേജുകൾ ഐസക്കിന്റെ ബജറ്റിലൂടെ പുറത്ത് വന്നു. പ്രഖ്യാപിച്ച പാക്കേജുകൾക്ക് തുക വകയിരുത്തിയോ എന്ന് ചോദിച്ചാൽ അത് സപ്ലിമെന്ററി ബജറ്റിൽ പ്രഖ്യാപിക്കും എന്ന് നിയമത്തിന്റെ ചട്ടക്കൂട്ടിൽ നിന്ന് ഐസക്ക് മറുപടി നൽകും.

സപ്ലിമെന്ററി ബജറ്റിൽ ഓരോ പാക്കേജിനും ഐസക്ക് പുതിയ ശീർഷകം തുറന്ന് 1000 രൂപയുടെ ടോക്കൺ പ്രോവിഷൻ വകയിരുത്തും. ഈ ബജറ്റ് സർക്കസല്ലാതെ നാളിതു വരെ ഈ പാക്കേജുകൾക്ക് ഒരു പൈസയും ഐസക്ക് കൊടുത്തിട്ടില്ല. നിയമസഭയിൽ എം.എൽ എമാർ പ്രഖ്യാപിച്ച പാക്കേജുകളിൽ മേൽ എത്ര തുക ഇതുവരെ നൽകി എന്ന് ചോദ്യം പലവട്ടം ചോദിക്കുമ്പോഴും വിവരം ശേഖരിച്ചു വരുന്നു എന്ന ഉത്തരം നൽകി ഐസക്ക് തടി തപ്പും. അവസാന ബജറ്റിൽ കോവിഡ് വാക്‌സിൻ ഫ്രീ ആയി നൽകും എന്നായിരുന്നു ഐസക്കിന്റെ പ്രഖ്യാപനം. തുക വകയിരുത്തിയോ എന്ന് ചോദിച്ചാൽ അടുത്ത സപ്ലിമെന്ററി ബജറ്റിൽ പ്രഖ്യാപിക്കും എന്ന് ഐസക്ക് മറുപടിയും നൽകും.

തോമസ് ഐസക്ക് സൂചിപ്പിക്കുന്ന സപ്ലിമെന്ററി ബജറ്റ് എന്താണ് എന്ന് പരിശോധിക്കാം. മെയ് 2 ന് തെരഞ്ഞെടുപ്പ് ഫലം, മെയ് 15ഓടു കൂടി പുതിയ സർക്കാർ , മെയ് 25 ഓടു കൂടി നിയമസഭ തുടങ്ങുന്നു, സ്‌പീക്കറെ തെരഞ്ഞെടുക്കുന്നു, അംഗങ്ങളുടെ സത്യപ്രതിജ്ഞ തുടങ്ങിയ പരിപാടികൾക്കു ശേഷം നീയമസഭ പിരിയുന്നു, പിന്നിട് ജൂൺ പകുതിയോടെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ സമ്മേളനം തുടങ്ങുന്നു, ബജറ്റ്, സപ്ലിമെന്ററി ബജറ്റ് തുടങ്ങിയവ അവതരിപ്പിക്കുന്നു. സപ്ലിമെന്ററി ബജറ്റ് പാസായി ഗവർണർക്ക് അയച്ച് നോട്ടിഫിക്കേഷൻ വരുന്നു. ഈ ചടങ്ങുകൾ എല്ലാം കഴിഞ്ഞ് 2021 ജൂലൈ അവസാനത്തോടെ മാത്രമേ സപ്ലിമെന്ററി ബജറ്റിൽ പ്രഖ്യാപിച്ച തുകകൾ ചെലവഴിക്കാൻ സാധിക്കുകയുള്ളു. അതായത് കോവിഡ് വാക്‌സിന്റെ തുക ഐസക്ക് പറഞ്ഞതു പോലെ സപ്ലിമെന്ററി ബജറ്റിൽ നിന്ന് ചെലവഴിക്കാൻ സാധിക്കുക ജൂലൈ അവസാനവാരം ആയിരിക്കും. പ്രഖ്യാപനത്തിൽ ആത്മാർത്ഥ ഉണ്ടായിരുന്നെങ്കിൽ ബജറ്റിൽ തന്നെ പുതിയ ശീർഷകം കൊണ്ട് വന്ന് തുക വകയിരുത്തിയാൽ മതിയായിരുന്നു. ഏപ്രിൽ മുതൽ ചെലവ് ചെയ്യാൻ സാധിക്കുമായിരുന്നു. ഇതൊന്നും ചെയ്യാതെ വായിൽ തോന്നുന്നത് കോതക്ക് പാട്ട് എന്ന മാതിരി ബജറ്റ് ചട്ടങ്ങൾ പാടി നടക്കുകയാണ് ഐസക്ക്.

തോമസ് ഐസക്കും കോവിഡ് വാക്സിനും; ഒരു താത്വിക അവലോകനം - കവിതകളുടെ മേമ്പൊടിയോടെ കോടികളുടെ പാക്കേജ് പ്രഖ്യാപനങ്ങൾ ഡോ.തോമസ്...

Posted by Dr SooranadRajasekharan on Sunday, 25 April 2021