throat-pain

തൊണ്ടവേദനയ്ക്ക് കാരണമായി പ്രത്യേകിച്ചെന്തെങ്കിലും ഒരു രോഗം ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല. വളരെ ഉച്ചത്തിലും ദീർഘ നേരവും സംസാരിക്കുന്നത്,​ ചൂടുള്ളത് കഴിച്ച് തൊണ്ടയിലെ പൊള്ളൽ,​ വർദ്ധിച്ച വായ് വരൾച്ച,​ വായ് തുറന്നുകിടന്നുള്ള ഉറക്കം,​ ചില രോഗങ്ങളുടെ ലക്ഷണം എന്നിവ കാരണം തൊണ്ടവേദനയുണ്ടാകാം.

ഭക്ഷണം പോലുള്ള എന്തെങ്കിലും ഇറക്കുമ്പോഴോ അല്ലാതെയോ തൊണ്ടയുടെ ഭാഗത്ത് വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ അനുഭവപ്പെടുന്നതിനെയാണ് പൊതുവേ തൊണ്ടവേദന എന്ന് പറയുന്നത്. ജലദോഷം, പകർച്ചപ്പനി, അണുബാധ എന്നിവയും തൊണ്ടവേദനയ്ക്ക് കാരണമാകാം.

പനി, തലവേദന, ടോൺസിലുകളിൽ വെളുത്ത പൊട്ടുകൾ പോലെ കാണുക, ടോൺസിലുകൾ ചുവന്നു വീർക്കുക എന്നിവയും തൊണ്ടവേദനയുള്ളവരിൽ കാണാം.

താൽക്കാലികമായും പെട്ടെന്നുമുണ്ടാകുന്ന തൊണ്ടവേദനയെ ഫാരിഞ്ചൈറ്റിസ് എന്നാണ് പറയുക. അവ പെട്ടെന്നുതന്നെ ശമിക്കുന്നതുമാണ്. ദീർഘനാൾ നിലനിൽക്കുന്ന തൊണ്ട വേദനയാണെങ്കിൽ അതിന് കാരണമായ രോഗകാരണത്തെ കണ്ടെത്തി ചികിത്സിച്ച് മാറ്റേണ്ടതുണ്ട്.

വൈറസ് ബാധ കൊണ്ടുണ്ടാകുന്ന തരത്തിലുള്ള തൊണ്ടവേദന 3 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ കുറയുന്നതാണ്.

അലർജി കാരണവും ബാക്ടീരിയ കാരണവുമുണ്ടാകുന്നത് അതിലും കൂടുതൽ സമയമെടുത്ത് മാത്രമേ പരിഹരിക്കാനാകൂ. ഭക്ഷണമിറക്കുന്നതിനോ ശ്വാസമെടുക്കുന്നതിനോ തടസ്സമുണ്ടായാൽ കൂടുതൽ ശ്രദ്ധയോടെയുള്ള ചികിത്സ വേണ്ടിവരും.

വൈറസ് കാരണമുള്ള തൊണ്ടവേദനയ്ക്കൊപ്പം മൂക്കൊലിപ്പ്, ചുമ, കണ്ണിൽ നിന്ന് വെള്ളം വരിക, കണ്ണ് ചുവപ്പ്, തുമ്മൽ,പനി, ശബ്ദവ്യത്യാസം, ശരീരവേദന എന്നിവയും കാണാം. മറ്റുള്ളവ പുകവലി, വായുമലിനീകരണം,
അലർജിക്ക് കാരണമായ മറ്റു വസ്തുക്കൾ എന്നിവ കൊണ്ട് ഉണ്ടായതായിരിക്കും.

ധാരാളം വെള്ളം കുടിക്കുക, ഉപ്പിട്ട ചൂടുവെള്ളം കവിൾകൊള്ളുക, ആശ്വാസം നൽകുന്ന ഔഷധങ്ങൾ അലിയിച്ചിറക്കുക, കഷായം കവിൾകൊള്ളുകയും കുടിക്കുകയും ചെയ്യുക, ചെറിയ ചൂടുള്ള വെജിറ്റബിൾ സൂപ്പ് അല്ലെങ്കിൽ ചിക്കൻ സൂപ്പ് കുടിക്കുക, വാഴപ്പഴം, പപ്പായ എന്നിവ കഴിക്കുക, ചുമയുള്ളപ്പോൾ ഉപയോഗിക്കുന്ന സിറപ്പുകൾ തുള്ളി തുള്ളിയായി കുടിച്ചിറക്കുക, ഇഞ്ചിനീർ ചേർത്ത വെള്ളമോ ചായയോ കുടിക്കുക, തൊണ്ടയ്ക്ക് വിശ്രമം ലഭിക്കുന്ന വിധം മാത്രം സംസാരിക്കുക, തൊണ്ടയിൽ പുറമേ മരുന്ന് പുരട്ടുക തുടങ്ങിയവയും തൊണ്ട വേദനയെ ശമിപ്പിക്കും. 'തൊണ്ടവേദനയും വേദനതന്നെയല്ലേ?' എന്ന് കരുതി വേദനാസംഹാരികൾ ഉപയോഗിക്കുന്നത് ദോഷം ചെയ്യും. പ്രത്യേകിച്ചും കുട്ടികൾ.

മദ്യം, കോഫി, നല്ല എരിവുള്ള ഭക്ഷണം, തക്കാളി, പുളിയുള്ള പഴങ്ങൾ, പുളി കൂടിയ മറ്റ് ആഹാരങ്ങൾ, അസിഡിക് സ്വഭാവമുള്ള ഭക്ഷണം എന്നിവ തൊണ്ട വേദനയുള്ളപ്പോൾ ഒഴിവാക്കണം.

അണുബാധ കൊണ്ടുണ്ടായ തൊണ്ട വേദനയുടെ കാരണം ദന്ത രോഗമോ മോണരോഗമോ ആണെങ്കിൽ അവയുടെ ചികിത്സയ്ക്കും വായുടെ വൃത്തിക്കും പ്രാധാന്യം നൽകണം. ഇത്തരം ആൾക്കാരിൽ തൊണ്ടവേദന മാറിയതിന് ശേഷം പുതിയൊരു ടൂത്ത്ബ്രഷ് ഉപയോഗിക്കുന്നത് അണുബാധ വീണ്ടുമുണ്ടാകുന്നത് തടയാനാകും. ഇതോടെ തൊണ്ടവേദന തന്നെ മാറുന്നതായി കാണാറുണ്ട്.

തൊണ്ടവേദന എന്നത് നിസ്സാരമായി കരുതാനാകില്ല. എന്നാൽ,​ അതിനുവേണ്ടി അമിതമായ മരുന്നുകളുടെ ഉപയോഗം വേണ്ടിവരില്ലെന്നതാണ് യാഥാർത്ഥ്യം.