വയനാട്: മാനന്തവാടിയിൽ ആരോഗ്യ പ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ താൽക്കാലിക ലാബ് ടെക്‌നീഷ്യനായ അശ്വതിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകും വഴി മരണമടഞ്ഞത്. 25 വയസായിരുന്നു. കൊവിഡ് രോഗം മൂർച്ഛിച്ച് ഇന്നലെ രാത്രി മുതൽ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ വച്ച് നില മെച്ചപ്പെടാതെ ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട്ടേക്ക് പോരും വഴിയാണ് അശ്വതി മരിച്ചത്.
ഒന്നര മാസം മുൻപ് കൊവിഡ് പ്രതിരോധത്തിനുളള രണ്ട് ഡോസ് വാക്‌സിനും അശ്വതി സ്വീകരിച്ചിരുന്നു. വൃക്ക രോഗത്തിനുളള മരുന്നുകൾ ഏറെ നാളായി കഴിക്കുന്നയാളാണ് അശ്വതി. മേപ്പാടി സ്വദേശിയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച മൃതദേഹം പോസ്‌റ്റ്മോർട്ടത്തിന് ശേഷം കൊവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്‌കരിക്കും.