clave

വാഷിംഗ്ടൺ:മികച്ച ചിത്രം, മികച്ച സംവിധായിക, മികച്ചനടി എന്നീ മൂന്ന് പുരസ്കാരങ്ങൾ നേടി 93-ാമത്​ ഓസ്​കർ പുരസ്​കാര വേദിയിൽ പുതുചരിത്രമെഴുതി ചൈനീസ് വംശജയായ സംവിധായിക ക്ളോയ് ഷാവോ. നൊമാഡ്‌ലാൻഡ് എന്ന ചിത്രത്തിലൂടെയാണ് ഈ നേട്ടം.

ഓസ്കാറിൽ മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യൻ വംശജയും രണ്ടാമത്തെ വനിതയുമാണ് ക്ളോയ് ഷാവോ.

നൊമാഡ്‌ലാൻഡിലെ നായിക കഥാപാത്രമായ ഫേണിനെ അവതരിപ്പിച്ച ഫ്രാൻസസ് മക്ഡൊമാൻ മികച്ച നടിയായപ്പോൾ, ദ ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിൻസ് മികച്ച നടനായി.

ഫ്രാൻസസിന് നാലാമതും ആന്റണി ഹോപ്കിൻസിന് രണ്ടാമതുമാണ് ഓസ്കാർ ലഭിക്കുന്നത്. മികച്ച നടനുള്ള അവാർഡ്​ നേടുന്ന ഏറ്റവും ​പ്രായം കൂടിയ താരമെന്ന ബഹുമതിയും 83കാരനായ ആന്റണിക്ക്​ സ്വന്തം.

മികച്ച സഹനടനായി ഡാനിയൽ കലൂയ (​ജൂദാസ് ആൻഡ് ദി ബ്ലാക്ക് മെസയ്യ), മികച്ച സഹനടിയായി ദക്ഷിണ കൊറിയൻ നടിയായ യൂ ജുംഗ് യൂംഗ് (മിനാരി) എന്നിവരെ തിരഞ്ഞെടുത്തു. ഇതാദ്യമായാണ് ദക്ഷിണ കൊറിയൻ അഭിനേതാവിന് ഓസ്‌കാർ പുരസ്കാരം ലഭിക്കുന്നത്.

മികച്ച അന്താരാഷ്ട്ര ഫീച്ചർ ചിത്രത്തിനുള്ള പുരസ്‌കാരം അനദർ റൗണ്ട് സ്വന്തമാക്കി. ഇന്നലെ വെളുപ്പിനെ അഞ്ചരയ്ക്കാണ് പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചത്.

 ഓർമ്മയിൽ ഇർഫാനും ഭാനുവും

അന്തരിച്ച ​നടൻ ഇർഫാൻ ഖാനെയും ​വസ്​ത്രാലങ്കാര വിദഗ്ദ്ധ ഭാനു അത്തയ്യയെയും ഓസ്‌കാർ വേദിയിൽ അനുസ്മരിച്ചു. അനുസ്​മരണ വിഡിയോയിലും ഉൾപ്പെടുത്തി. 1982ൽ ഗാന്ധി എന്ന ചിത്രത്തിലൂടെ ഇന്ത്യയിൽ നിന്ന് ആദ്യമായി ഒാസ്കാർ നേടിയയാളാണ്​ ഭാനു. അന്താരാഷ്​ട്ര സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ഇർഫാൻ.