cmo

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്ന് അറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആൾക്കൂട്ടമുണ്ടാക്കുന്ന സാമൂഹിക, സാംസ്‌കാരിക, മതപര പരിപാടികളും ഒഴിവാക്കണം. പള‌ളികളിൽ നിയന്ത്രണങ്ങൾ തുടരും. ചെറിയ പള‌ളികളിൽ ആൾ എണ്ണം വീണ്ടും കുറയ്‌ക്കും. സംസ്ഥാനത്ത് ലോക്‌ഡൗൺ ഉണ്ടാകില്ല. എന്നാൽ വാരാന്ത്യത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ നിയന്ത്രണം തുടരും. അത്യാവശ്യ സർവീസുകളെ അന്ന് ഉണ്ടാകൂ. സർക്കാർ, അർത്ഥ സർക്കാർ സ്ഥാപനങ്ങൾക്ക് അന്ന് അവധി നൽകും. വിവാഹ ചടങ്ങുകൾക്ക് 75 പേരെ എന്നത് 50 ആയി ചുരുക്കി.

വോട്ടെണ്ണൽ ദിവസങ്ങളിൽ കൗണ്ടിംഗ് സെന്ററിലേക്ക് അതുമായി ബന്ധപ്പെട്ടവർക്ക് മാത്രമാകും പ്രവേശനം. പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. സർക്കാർ ഉദ്യോഗസ്ഥർക്കും മാദ്ധ്യമ പ്രവർത്തകർക്കും മാത്രമാണ് പ്രവേശന അനുമതിയുള‌ളു. സർക്കാർ ഉദ്യോഗസ്ഥർ വാക്‌സിൻ രണ്ട് ഘട്ടവും സ്വീകരിച്ചവരാകണം. അല്ലാത്തവർ 72 മണിക്കൂറിനകം ടെസ്‌റ്റ് ചെയ്ത ആർ‌.ടി.പി.സി.ആർ ഫലം കൈയിൽ കരുതണം. യോഗങ്ങൾ ഓൺലൈൻ വഴി നടത്തണമെന്നും സർക്കാർ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർ റൊട്ടേഷൻ മാതൃകയിലാണ് ജോലിനോക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങൾ പരമാവധി ആളെ കുറച്ച് ജോലി ക്രമീകരിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൊവിഡിന്റെ മാരകമായ യു.കെ വകഭേദവും, ദക്ഷിണാഫ്രിക്കൻ വകഭേദവും കേരളത്തിൽ പലയിടത്തും കണ്ടെത്തി. യു.കെ വകഭേദം കണ്ടെത്തിയത് വടക്കൻ കേരളത്തിലാണ്. അതിനാൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. സ്വകാര്യ വിദ്യാലയങ്ങളിലെ ക്ളാസുകൾ ഓൺലൈനായി മതി. രാത്രി 9 മുതൽ പുലർച്ചെ 5 മണി വരെയുള‌ള നിയന്ത്രണം നിലവിലുണ്ട്. ഈ സമയം ഒരുവിധ ഒത്തുചേരലും പാടില്ല. അവശ്യ സർവീസുകൾക്ക് ഇളവുണ്ട്. നിയന്ത്രണങ്ങൾ തുടരേണ്ടി വരും. റെസ്‌റ്റോറന്റുകൾ 9 വരെ നടത്താം. എന്നാൽ 7.30ന് ശേഷം ടേക് എവെ സേവനമായിരിക്കണം. കഴിവതും ഹോം ഡെലിവറി സംവിധാനം പ്രോത്‌സാഹിപ്പിക്കണം. ജിമ്മുകൾ, മാളുകൾ, ബാറുകൾ എന്നിവയുടെ പ്രവർത്തനവും നിർത്തി. ഹോസ്‌റ്റലുകളിലും നിയന്ത്രണം വരും.

വാക്‌സിന്റെ കാര്യത്തിൽ മുൻപ് പറഞ്ഞതുപോലെ വിതരണം സൗജന്യമായിരിക്കും. എല്ലായിടത്തും സൗജന്യമാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 57 ലക്ഷത്തിലധികം പേർക്ക് ഒരു ഡോസും 10 ലക്ഷത്തിലധികം പേർക്ക് രണ്ടാം ഡോസും നൽകി. 50 ലക്ഷം ഡോസ് വാക്‌സിൻ അധികമായി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് ഇതുവരെ ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിനുകൾ സ്വന്തം നിലയിൽ വാങ്ങാൻ സംവിധാനം ഒരുക്കി. വാക്‌സിൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ നടപടിയെടുക്കും.

കൊവിഡ് സാഹചര്യത്തിൽ രക്തദാനത്തിന് ആളുകൾ തയ്യാറാകുന്നില്ല. 18നും 45നുമിടയിൽ പ്രായമുള‌ളവർ രക്തദാനം ചെയ്യാൻ തയ്യാറാകണമെന്ന് സർക്കാർ അഭ്യർത്ഥിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. രക്തദാനത്തിന് പ്രത്യേക ഇടപെടൽ നടത്താൻ രക്തദാന സംഘടനകളും യുവജന സംഘടനകളും ഇടപെടണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. 80 വയസ് കഴിഞ്ഞവർക്ക് വാക്‌സിൻ വീട്ടിലെത്തിക്കുന്നതിന് നടപടി ആലോചിക്കും.

ജയിലുകളിൽ കൊവിഡ് പടരുന്നത് പരിഗണിച്ച് പ്രത്യേക പരോൾ അനുവദിക്കണം എന്ന അഭ്യർത്ഥന സർക്കാർ പരിഗണിക്കും. എന്നാൽ വാക്‌സിനേഷൻ നൽകുന്നതിനാകും ശ്രമിക്കുക. ഇ.എസ്.ഐ ആശുപത്രികളും കൊവിഡ് ചികിത്സാ കേന്ദ്രമാക്കുന്നത് ആരോഗ്യ വകുപ്പ് പരിശോധിക്കും. ഉൽപാദന, നിർ‌മ്മാണ മേഖലകൾ സ്തംഭിക്കരുത് എന്നാണ് സർക്കാർ നിലപാട്. അതുകൊണ്ടാണ് സമ്പൂർണ ലോക്‌ഡൗൺ ഒഴിവാക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു. തീവ്രമായ രോഗബാധയുടെ ഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. വടക്കേ ഇന്ത്യയിലെ സാഹചര്യം ഇവിടെയും വന്നുകൂടായ്‌കയില്ലെന്നും അതുകൊണ്ട് സാഹചര്യത്തിന്റെ ഗൗരവം എല്ലാവരും ഉൾക്കൊള‌ളണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. തീവ്രമായ രോഗവ്യാപനമുള‌ളയിടത്ത് രണ്ട് മാസ്‌ക് ധരിക്കുന്നത് നല്ലതാണെന്ന് വിദഗ്ദ്ധർ പറയുന്നുണ്ട്. ഇത്തരം സ്ഥലങ്ങളിൽ രണ്ട് മാസ്‌ക് ധരിക്കാവുന്നതാണ്. സാമൂഹ്യ അകലം പാലിക്കുന്നതിനും പ്രത്യേക ശ്രദ്ധ വേണം. ചായക്കട, തട്ടുകട എന്നിവയ്‌ക്ക് മുന്നിൽ സാമൂഹിക അകലം പാലിക്കുന്നില്ല എന്ന് കാണുന്നു. ഇവിടെ നടപടിയെടുക്കാൻ പൊലീസിന് അനുമതിയേകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.