covid

ന്യൂഡൽഹി: കൊവിഡ് വ്യാപനം അതിരൂക്ഷമായ ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി ലോകരാജ്യങ്ങൾ. മെഡിക്കൽ ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് 318 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ അമേരിക്ക എത്തിച്ചുനൽകി. ഞായറാഴ്ച ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിൽ നിന്ന് ഓക്സിജൻ കോൺസെൻട്രേറ്ററുകളുമായി പുറപ്പെട്ട എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഇന്നലെ ഡൽഹിയിലെത്തി. ഇതുകൂടാതെ വാക്സിൻ നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ,​ പി.പി.ഇ കിറ്റുകൾ,​ വെന്റിലേറ്ററുകൾ എന്നിവയും ഇന്ത്യയ്ക്ക് നൽകുമെന്ന് അമേരിക്ക അറിയിച്ചു.

 സൗദി അറേബ്യ ആദ്യ ഘട്ടത്തിൽ 80 മെട്രിക് ടൺ ലിക്വിഡ് ഓക്സിജനും നാല് ഐ.എസ്.ഒ ക്രയോജനിക് ടാങ്കുകളും ഉൾപ്പെടുന്ന കണ്ടെയ്‌നറുകൾ ദമാം തുറമുഖത്തു നിന്ന് ഇന്ത്യയിലേക്ക് അയച്ചു. ഇതിന് പുറമെ 5,000 മെഡിക്കൽ ഗ്രേഡ് ഓക്സിജൻ സിലിണ്ടറുകളും നൽകും.

 സിംഗപ്പൂരിൽ നിന്ന് ദ്രവീകൃത ഓക്സിജൻ സൂക്ഷിക്കാനുള്ള ക്രയോജനിക് കണ്ടെയ്‌നറുകൾ ഇന്ത്യയിലെത്തി.

ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, ആസ്‌ട്രേലിയ, റഷ്യ,പാകിസ്ഥാൻ തുടങ്ങിയവയും ഇന്ത്യയെ സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്‌. ഇന്ത്യയ്ക്ക് ഓക്സി‌ജൻ നൽകുമെന്ന് ഫ്രാൻസ് അറിയിച്ചു. എന്നാൽ ചൈന സഹായവാഗ്ദാനം നൽകിയെങ്കിലും ഇന്ത്യയിലേക്കുള്ള കാർഗോ വിമാനങ്ങൾ രണ്ടാഴ്ചത്തേക്ക് നിറുത്തിവയ്ക്കുമെന്ന് ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സിഷ്വാൻ എയർലൈൻസ് അറിയിച്ചു. ഇതോടെ ചൈനയിൽ നിന്ന് വാക്സിൻ നിർമാണത്തിനും മറ്റുമുള്ള മെഡിക്കൽ സാധനങ്ങളുടെ കയറ്റുമതിക്ക് കാലതാമസമുണ്ടാകും

ഗൂഗിളിന്റെ 135 കോടി രൂപ ഇന്ത്യയ്ക്ക് സഹായഹസ്‌തം നീട്ടി ഗൂഗിളും മൈക്രോസോഫ്‌റ്റും. ഗൂഗിളിന്റെയും മാതൃകമ്പനിയായ ആൽഫബെറ്റിന്റെയും സി.ഇ.ഒയും ഇന്ത്യൻ വംശജനുമായ സുന്ദർ പിച്ചൈ 135 കോടി രൂപ ലഭ്യമാക്കുമെന്ന് വ്യക്തമാക്കി. മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ യൂണിസെഫ്, സന്നദ്ധസംഘടനയായ ഗീവ് ഇന്ത്യ എന്നിവയ്ക്കാണ് പണം കൈമാറുക. കൊവിഡ് പ്രതിരോധം സംബന്ധിച്ച നിർണായക വിവരങ്ങൾ ജനങ്ങൾക്ക് അതിവേഗം കൈമാറാനുള്ള പിന്തുണയും ലഭ്യമാക്കുമെന്ന് സുന്ദർ പിച്ചൈ പറഞ്ഞു. ഇതിനകം 900ഓളം ഗൂഗിൾ ജീവനക്കാർ ചേർന്ന് 3.7 കോടി രൂപയുടെ സഹായം ഇന്ത്യയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ നിലവിലെ അവസ്ഥ ഹൃദയഭേദകമാണെന്നും പ്രതിരോധത്തിനുള്ള സാങ്കേതിക പിന്തുണയ്ക്ക് പുറമേ ഓക്‌സിജൻ വിതരണോപകരണങ്ങൾ വാങ്ങാനുള്ള സഹായവും ഇന്ത്യയ്ക്ക് നൽകുമെന്ന് മൈക്രോസോഫ്‌റ്റ് സി.ഇ.ഒയും ഇന്ത്യൻ വംശജനുമായ സത്യ നദെല്ല പറഞ്ഞു.