തിരുവനന്തപുരം : യു.എ.പി.എ കേസിൽ അറസ്റ്റിലായി യു.പി ജയിലിലായ സിദ്ദിഖ് കാപ്പൻ ഇപ്പോൾ കൊവിഡ് ബാധിച്ച് മഥുരയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കാപ്പനെ ആശുപത്രിയിൽ കെട്ടിയിട്ടിരിക്കുകയാണെന്നും ചികിത്സ ലഭ്യമാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും കാപ്പന്റെ ഭാര്യ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു കാപ്പന് നീതി ലഭിക്കുന്നതിൽ കോടതി വിവേചനം കാണിക്കുകയാണെന്ന് സി.പി.എം നേതാവ് എളമരം കരീം. എം.പിയും അഭിപ്രായപ്പെട്ടു. സിദ്ദിഖ് കാപ്പന്റെ വിഷയത്തിൽ സുപ്രീം കോടതിയുടെ സമീപനം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. എന്നാൽ ഇതേ കോടതിയിൽ റിപബ്ലിക് ടിവിയുടെ മേധാവിയായ മാദ്ധ്യമപ്രവർത്തകൻ അർണബ് ഗോസാമിയുടെ ജാമ്യാപേക്ഷ എത്തിയപ്പോൾ ഉടൻ ജാമ്യം അനുവദിച്ചെന്നും എളമരം കരിം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെയാണ് എളമരം കരീമിന്റെ പ്രതികരണം.
എളമരം കരീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് സിദീഖ് കാപ്പനെ യുപിയിലെ ഹത്രാസിൽ വെച്ച് യുപി പോലീസ് അറസ്റ്റ് ചെയ്തു. ഹത്രാസിൽ ഒരു ദളിത് യുവതി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും മൃഗീയമായി കൊലചെയ്യപ്പെടുകയും ചെയ്ത സംഭവം അന്വേഷിക്കാൻ ഹത്രാസിൽ എത്തിയതായിരുന്നു സിദ്ദീഖ് കാപ്പൻ ഉൾപെടെയുള്ള മാധ്യമ പ്രവർത്തകർ. സിദ്ദീഖ് കാപ്പനും സുഹൃത്തുക്കളും ഹത്രാസിൽ എത്തിയത് ഭീകര പ്രവർത്തനം സംഘടിപ്പിക്കാനാണെന്നാരോപിച്ചാണ് യുഎപിഎ നിയമപ്രകാരം കേസെടുത്ത് യുപി പോലീസ് ജയിലിലടച്ചത്.
സിദ്ദീഖ് കാപ്പൻ ഏത് ജയിലിലാണ് എന്ന് പോലും വ്യക്തമാവാത്ത സാഹചര്യത്തിൽ, കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയിൽ ഒരു ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു. പ്രസ്തുത ഹർജി പരിഗണിച്ച സുപ്രീംകോടതി അതിൻമേൽ ഒരു നടപടിയും സ്വീകരിക്കാതെ ഹർജിക്കാരോട് അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയാണുണ്ടായത്!
ഒരു പത്രപ്രവർത്തകൻ നേരിടേണ്ടി വന്ന കടുത്ത പീഡനത്തെ സുപ്രീം കോടതി ഇപ്രകാരം സമീപിച്ചത് ഏവരെയും ഞെട്ടിപ്പിച്ചു.
ഇനി രണ്ടാമത്തെ അനുഭവം. ഇത് ആദ്യത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. റിപ്പബ്ലിക്കൻ ടിവി ചീഫ് എക്‌സിക്യൂട്ടീവ് അർണാബ് ഗോസ്വാമിക്കെതിരെ ടിആർപി കൃതിമം നടത്തിയതിനെതിരെ മഹാരാഷ്ട്ര പോലീസ് ഒരു കേസെടുത്തു. അദ്ദേഹത്തെ മുംബൈ കോടതി റിമാൻഡ് ചെയ്തു. ഒട്ടും താമസിയാതെ ഗോസ്വാമിയുടെ ജാമ്യഹർജി സുപ്രീം കോടതിയിലെത്തി. സുപ്രീം കോടതി അർണാബ് ഗോസ്വാമിക്ക് ഉടൻ ജാമ്യം അനുവദിച്ചു.
രണ്ട് മാധ്യമ പ്രവർത്തകർക്ക് രണ്ട് നീതി. ഒരാൾ ഒരു സാധാരണ പത്രപ്രവർത്തകൻ. രണ്ടാമത്തെ ആൾ വാ തുറന്നാൽ വർഗീയ തീ തുപ്പുന്ന ഒരു ആർഎസ്എസ്സുകാരൻ. ഇന്ത്യൻ പൗരന്മാർ നേരിടുന്ന ഈ അവസ്ഥ എല്ലാവരുടെയും കണ്ണ് തുറപ്പിക്കുമെന്ന് കരുതുന്നു.