rss-worker

ന്യൂഡൽഹി: കേരളത്തിലെ സർക്കാർ തനിക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്ന് പറഞ്ഞുകൊണ്ടുള്ള കൊവിഡ് ബാധിതനായ ആർഎസ്എസ് പ്രവർത്തകന്റെ വാട്സാപ്പ് സന്ദേശം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. പ്രമുഖ കാർട്ടൂണിസ്റ്റായ സതീഷ് ആചാര്യയാണ് തന്റെ സോഷ്യൽ മീഡിയാ ഹാൻഡിൽ വഴി ആർഎസ്എസ് പ്രവർത്തകനുമായുള്ള വാട്സാപ്പ് സന്ദേശത്തിന്റെ സ്ക്രീൻഗ്രാബ് പങ്കുവച്ചത്.

വലതുപക്ഷ രാഷ്ട്രീയത്തിന്റെ വിമർശകനായ സതീഷ് ആചാര്യയുടെ കാർട്ടൂണുകളുടെ മൂല്യം താനിപ്പോൾ മനസിലാക്കുന്നു എന്ന് ആർഎസ്എസ് പ്രവർത്തകൻ പറയുന്നതും ഈ സ്ക്രീൻഗ്രാബിൽ കാണാം. സംസ്ഥാന സർക്കാരിൽ നിന്നും മികച്ച സേവനമാണ് ലഭിക്കുന്നതെന്നും അവർക്ക് സാധിക്കുന്ന കാര്യങ്ങളെല്ലാം തനിക്ക് വേണ്ടി ചെയ്യുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നുണ്ട്.

satish-acharya

കേരളത്തിൽ നിന്നുമുള്ള ആർഎസ്എസ് പശ്ചാത്തലമുള്ളയാളാണ് ഈ സന്ദേശമയച്ചതെന്ന് ഈ ചിത്രത്തിനൊപ്പം പങ്കുവച്ച കുറിപ്പിൽ സതീഷ് ആചാര്യ പറയുന്നു. അസഭ്യ വാക്കുകളേതും ഉപയോഗിക്കാതെ, കാർട്ടൂണുകൾ സംബന്ധിച്ച് താനുമായി എപ്പോഴും തർക്കിച്ചിരുന്ന ആളാണ് ഇതെന്നും കാർട്ടൂണിസ്റ്റ് പറയുന്നു.

ഏതായാലും സംസ്ഥാന സർക്കാരിനെ സ്വതവേ എതിർത്തുപോരുന്ന ആർഎസ്എസ്/ബിജെപി നിലപാടിൽ വ്യത്യസ്തമായ ഈ അഭിപ്രായ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Happy to read this message from a cartoon lover from Kerala, who hailed from RSS background. Always argued/debated about my cartoons (never abused, never used offensive language).

Posted by Cartoonist Satish Acharya on Monday, 26 April 2021

ബിജെപി/മോദി സർക്കാരിന്റെ നിലപാടുകളെ നിരവധി തവണ വിമർശിച്ചിട്ടുള്ള സതീഷ് ആചാര്യയുടെ, ഫ്രാൻസിലെ ഷാർളി എബ്ദോ തീവ്രവാദാക്രമണം സംബന്ധിച്ച കാർട്ടൂണുകൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും അന്താരാഷ്ട്ര മാദ്ധ്യമങ്ങളായ ദ ടൈംസ്, ഗാർഡിയൻ, വാൾ സ്ട്രീറ്റ് ജേർണൽ തുടങ്ങിയവർ ഈ കാർട്ടൂണുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

content highlight: rss man says he is getting the best treatment under kerala govt satish acharya shares screenshot.