തിരുവനന്തപുരം : ജനിതകമാറ്റം വന്നതും തീവ്ര രോഗവ്യാപന ശേഷിയുള്ളതുമായ കൊവിഡ് വൈറസിന്റെ വകഭേദം വൈറസ് സംസ്ഥാനത്തിന്‍റെ പലഭാഗത്തും കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത്തരം വൈറസ് കണ്ടെത്തിയ പ്രദേശങ്ങൾ പൂര്‍ണമായും അടച്ചിടേണ്ടിവരും. ആള്‍ക്കൂട്ടമുണ്ടാകുന്ന എല്ലാവിധ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ പരിപാടികളും മതപരമായ ചടങ്ങുകളും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു
.
അതിവേഗം പടരുന്ന വൈറസിന്‍റെ ബ്രിട്ടീഷ് വകഭേദവും കൂടുതല്‍ മാരകമായ സൗത്ത് ആഫ്രിക്കന്‍ വകഭേദവുമാണ് കേരളത്തിന്‍റെ പല ഭാഗങ്ങളിലും കണ്ടെത്തിയത്. യു.കെ വകഭേദം കൂടുതല്‍ കണ്ടിട്ടുള്ളത് വടക്കന്‍ ജില്ലകളിലാണ്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയില്ലെങ്കില്‍ രോഗവ്യാപനം വര്‍ദ്ധിക്കാനാണ് സാധ്യത. അതുകൊണ്ട് നാം അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാരാന്ത്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളോട് ജനങ്ങള്‍ നന്നായി സഹകരിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ വാരാന്ത്യത്തിലുള്ള പ്രത്യേക നിയന്ത്രണം തുടരും. അത്യാവശ്യ സര്‍വ്വീസുകള്‍ മാത്രമേ അന്നുണ്ടാകൂ. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി നല്‍കിയിട്ടുണ്ട്.
ഒന്നരവര്‍ഷത്തോളമായി നാം കോവിഡിനൊപ്പമാണ് ജീവിക്കുന്നത്. ഇനിയും ഏറെക്കാലം ഈ രീതിയില്‍ മുന്നോട്ടുപോകേണ്ടിവരും. ഈ പ്രതിസന്ധിയെ നാം യോജിച്ച് നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.