shavo

വാഷിംഗ്ടൺ: മികച്ച സംവിധായികയ്ക്കുള്ള ഒാസ്‌കാർ പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ ക്ളോയ് ഷാവോ എന്ന ചൈനീസ് സംവിധായികയുടെ കുട്ടിത്തം നിറഞ്ഞ മുഖത്ത് സന്തോഷച്ചിരിക്കൊപ്പം ആത്മവിശ്വാസവും മിന്നിത്തിളങ്ങി.

39കാരിയായ ക്ളോയ്‌യുടെ ജീവിതത്തിലെ നാലു ചിത്രങ്ങളിൽ മൂന്നാമത്തെ ചിത്രമായ നൊമാഡ്‌ലാൻഡിന് മൂന്ന് ഒാസ്‌കാർ പുരസ്‌കാരങ്ങളാണ് ലഭിച്ചത്.

കാതറിൻ ബിഗ് ലോവിന് ശേഷം ('ദ ഹർട്ട് ലോക്കർ) മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ലഭിക്കുന്ന വനിത, ഈ പുരസ്കാരം ആദ്യമായി നേടുന്ന ഏഷ്യൻ വംശജ എന്നീ നേട്ടങ്ങളും ക്ളോയ്യ്ക്ക് സ്വന്തം.

തന്റെ നാലു ചിത്രങ്ങളിൽ മൂന്നെണ്ണത്തിന്റെയും കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമ്മാണവുമെല്ലാം ക്ളോയ് തന്നെയാണ് നിർവഹിച്ചത്. ആദ്യ ചിത്രമായ 'സോംഗ്സ് മൈ ബ്രദേഴ്സ് ടോട്ട് മീ"യിലൂടെ (2015) ക്ളോയ് നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കി. 2017ൽ പുറത്തിറങ്ങിയ 'ദ റൈഡറും" ഏറെ നിരുപക പ്രശംസ പിടിച്ചു പറ്റി. നൊമാഡ്ലാ‌ൻഡിന് ശേഷം മാർവലിന്റെ മൾട്ടി സൂപ്പർഹീറോ ചിത്രമായ 'എറ്റേണൽസാണ്" ക്ളോയ് കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ബീജിംഗിൽ ജനിച്ചെങ്കിലും ഇംഗ്ളണ്ടിലായിരുന്നു ക്ളോയ്‌യുടെ വിദ്യാഭ്യാസം. പിന്നീട് അമേരിക്കയിലെത്തി. ക്ളോയ്‌യുടെ പിതാവ് ഒരു സ്റ്റീൽകമ്പനി എക്സിക്യൂട്ടീവ് ആയിരുന്നു. ചൈനീസ് നടി സോംഗ് ഡൻഡൻ ക്ളോയ്‌യുടെ വളർത്തമ്മയാണ്.

ജീവിതം വഴിമുട്ടുമ്പോൾ ചെറുപ്പത്തിൽ പഠിച്ച ചില കാര്യങ്ങൾ ഞാൻ ഓർക്കും. കുട്ടിക്കാലത്ത് അച്ഛൻ ചൊല്ലാറുള്ള ഒരു കവിതയിലെ വരിയിങ്ങനെയാണ് ‘മനുഷ്യർ ജന്മനാ നന്മയുള്ളവരാണ്.' ഇതിൽ ഞാനിന്നും വിശ്വസിക്കുന്നു. ലോകത്ത് ഞാൻ കണ്ടുമുട്ടിയ എല്ലാ മനുഷ്യരിലും നന്മയുണ്ടായിരുന്നു.

- പുരസ്കാരം സ്വീകരിച്ച ശേഷം ക്ളോയ് നടത്തിയ പ്രസംഗത്തിൽ നിന്ന്

 നൊമാഡ്‌ലാൻഡ്

സാമ്പത്തിക മാന്ദ്യത്തിൽ ജോലിയടക്കം എല്ലാം നഷ്ടമായ മദ്ധ്യവയസ്കയായ ഫേൺ എന്ന സ്ത്രീയുടെ കഥയാണ് നൊമാഡ്ലാൻഡ്. ഭർത്താവും മരിക്കുന്നതോടെ വടക്കൻ അമേരിക്കയിലൂടെ ഒരു വാനിൽ അവർ ഒറ്റയ്ക്ക് സഞ്ചരിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.