അബുദാബി: കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് യു.എ.ഇ, ബുര്‍ജ് ഖലീഫയിൽ ത്രിവർണ പതാകയുടെ വര്‍ണങ്ങളണിയിച്ചു. 'സ്റ്റേ സ്ട്രോംഗ് ഇന്ത്യ' എന്ന സന്ദേശവുമായി ഞായറാഴ്‍ച രാത്രിയാണ് ബുര്‍ജ് ഖലീഫ, ഇന്ത്യന്‍ ദേശീയ പതാകയുടെ നിറങ്ങളാൽ പ്രകാശിതമായത്. 17 സെക്കന്റ് ദൈര്‍ഘ്യമുള്ള ഇതിന്റെ വീഡിയോ അബുദാബിയിലെ ഇന്ത്യൻ എംബസി 'ഇന്ത്യ യുഎഇ ദോസ്തി' എന്ന ഹാഷ്ടാഗോടുകൂടി ട്വിറ്ററിൽ പങ്കുവച്ചു.
കൊവിഡ് പോരാട്ടത്തിലുള്ള ഇന്ത്യയ്‍ക്ക് സുഹൃത്തിന്റെ വിജയാശംസ എന്ന കുറിപ്പോടെയാണ് ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചത്. പ്രയാസകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന രാജ്യത്തിന് യു.എ.ഇ നല്‍കുന്ന പിന്തുണ വിലമതിക്കുന്നതാണെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കുമാര്‍ പറഞ്ഞു.
⭐️As #India battles the gruesome war against #COVID19 , its friend #UAE sends its best wishes
— India in UAE (@IndembAbuDhabi) April 25, 2021
🌟 @BurjKhalifa in #Dubai lits up in 🇮🇳 to showcase its support#IndiaUAEDosti @MEAIndia @cgidubai @AmbKapoor @MoFAICUAE @IndianDiplomacy @DrSJaishankar @narendramodi pic.twitter.com/9OFERnLDL4
'സ്റ്റേ സ്ട്രോംഗ് ഇന്ത്യ' എന്ന ഹാഷ്ടാഗും ബുര്‍ജ് ഖലീഫയിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ നിരവധിപ്പേർ ഇതേ ഹാഷ്ടാഗോടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. അതേസമയം കൊവിഡ് വ്യാപനം കൊണ്ടുണ്ടായ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്‍ക്ക് സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് യു.എ.ഇ വിദേശകാര്യ-അന്താരാഷ്‍ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.