ചിറയിൻകീഴ്: പെരുങ്ങുഴിയിൽ ജനങ്ങളെ ഭീതിയിലാക്കി കഴിഞ്ഞദിവസം രാത്രി ഏഴ് വീടുകൾക്കും വാഹനങ്ങൾക്കും നേരെ ഗുണ്ടാ ആക്രമണം. തിരുവനന്തപുരം റൂറൽ എസ്.പി ഓഫീസിലെ ജൂനിയർ സൂപ്രണ്ട് പെരുങ്ങുഴി മണക്കാട്ടിൽ സുരേഷ് ബാബുവിന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം ഇരുമ്പുദണ്ഡ് ഉപയോഗിച്ച് കാർ അടിച്ചുതകർത്തു. ഇവിടെയുണ്ടായിരുന്ന ബൈക്കും വീടിന്റെ ജനൽപ്പാളികളും അക്രമികൾ നശിപ്പിച്ചു.
പെരുങ്ങുഴി മണ്ണീർവിളാകം എസ്.ആർ ഭവനിൽ ലതികയുടെ വീട്ടിലും ആക്രമണമുണ്ടായി. ഇവിടെ കയർ പിരിക്കുന്നതിനായി സൂക്ഷിച്ചിരുന്ന 30,000ത്തോളം രൂപ വില വരുന്ന ചകിരിക്കെട്ടുകൾ തീയിട്ട് നശിപ്പിച്ചു. മുരുക്കുംപുഴ സ്വദേശി അയ്യപ്പൻ നായരുടേതാണ് ചകിരിക്കെട്ടുകൾ. പെരുങ്ങുഴി ആണിച്ചിവിളാകം, തണ്ണീർക്കോണം, മഞ്ഞത്തോപ്പിൽ എന്നിവിടങ്ങളിലെ ആറ് വീടുകൾക്ക് നേരെ മദ്യക്കുപ്പികളും ഫ്യൂസായ ട്യൂബ് ലൈറ്റുകളും എറിഞ്ഞ് ഇവർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തണ്ണീർക്കോണം ക്ഷേത്രത്തിന് സമീപത്തെ പൊതുടാപ്പും അക്രമികൾ അടിച്ചുതകർത്തിട്ടുണ്ട്.
പെരുങ്ങുഴി മേട മുത്താരമ്മൻ ക്ഷേത്രത്തിലെ വിളക്ക് അടക്കമുള്ള പൂജാ സാധനങ്ങളും ഇവർ വലിച്ചെറിഞ്ഞു. വിവരം പൊലീസിനെ അറിയിച്ചിട്ടും കൃത്യസമയത്ത് എത്തിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു. മദ്യ - ലഹരി മാഫിയാ സംഘങ്ങൾ നാട്ടിൽ പെരുകുകയാണെന്നും പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് പിടിയിലായെന്നാണ് സൂചന. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പെരുങ്ങുഴി ഇടഞ്ഞുംമൂലയിൽ ടിപ്പർ ലോറി ഡ്രൈവറെ വഴിയിൽ തടഞ്ഞുനിർത്തി അക്രമികൾ മർദ്ദിച്ചിരുന്നു