ഈ വർഷത്തെ മികച്ച സംവിധായകയ്ക്കുള്ള ഓസ്കർ പുരസ്കാരം കരസ്ഥമാക്കിയ ക്ളോയി ഷൗവിനെ അവഗണിച്ച് ചൈനീസ് മാദ്ധ്യമങ്ങൾ. ചൈനയിലെ ബീജിങ്ങിൽ ജനിച്ച ക്ളോയി ഓസ്കർ നേടിയത് തീർച്ചയായും ചൈനയ്ക്ക് ആഘോഷത്തിന് വക നൽകുന്ന കാര്യമായിരുന്നു. എന്നാൽ സംവിധായകയ്ക്ക് ഓസ്കർ ലഭിച്ച വിവരം ലോകമാകമാനമുള്ള മാദ്ധ്യമങ്ങളിൽ വാർത്തയായി വന്നിട്ടും ചൈനീസ് സ്‌ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലോ, സോഷ്യൽ മീഡിയയിലോ, ചൈനീസ് വാർത്തമാദ്ധ്യമങ്ങളിലോ ഇത് സംബന്ധിച്ച യാതൊരു വിവരവും വന്നിരുന്നില്ല.
രാജ്യത്തിന്റെ ന്യൂസ് ഏജൻസിയായ ഷിൻഹുവായും വാർത്താ ചാനലായ ആയ സിസിടിവിയും ഉൾപ്പെടെ ചൈനയിലെ ഒരു മാദ്ധ്യമവും ഇത് സംബന്ധിച്ചുള്ള വാർത്തകൾ നൽകാൻ തയ്യാറായില്ല. 2013ൽ അമേരിക്കൻ സിനിമാ മാസികയായ 'ഫിലിംമേക്കറി'ന് നൽകിയ അഭിമുഖത്തിൽ ചൈനയെ ക്ളോയി വിമർശിച്ചിരുന്നു. തന്റെ ബാല്യകാലത്തെ ചൈന നുണകൾ നിറഞ്ഞതായിരുന്നു എന്നാണ് ക്ളോയി അന്ന് പറഞ്ഞത്. അടുത്തിടെ ഒരു ആസ്‌ത്രേലിയൻ മാദ്ധ്യമത്തോട് സംസാരിച്ചപ്പോഴും ചൈനയ്ക്ക് അനുകൂലമല്ലാത്ത നിലപാടാണ് സംവിധായിക സ്വീകരിച്ചത്.
അമേരിക്കയാണ് ഇപ്പോൾ തന്റെ രാജ്യം എന്നായിരുന്നു ക്ളോയി മാദ്ധ്യമത്തോട് പറഞ്ഞിരുന്നത്. 2013ലെ ക്ളോയി നടത്തിയ പ്രസ്താവന വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ചൈനീസ് സർക്കാരും മാദ്ധ്യമങ്ങളും സംവിധായികയ്ക്ക് നേരെ തിരിയുന്നത്. തുടർന്ന് ക്ലോയിക്ക് ഓസ്കർ നേടിക്കൊടുത്ത ചിത്രമായ 'നൊമാഡ്ലാൻഡി'ന്റെ പ്രചാരണപ്രവർത്തനങ്ങളെല്ലാം ചൈന അവസാനിപ്പിക്കുകയായിരുന്നു.
ചൈനയെ ക്ളോയി അപമാനിച്ചു എന്നും ചിത്രം പ്രദർശിപ്പിക്കുന്നത് നിരോധിക്കണമെന്നുമാണ് രാജ്യത്തെ ദേശീയതാവാദികൾ പറയുന്നത്. എന്നാൽ ക്ളോയിയുടെ പഴയ പ്രസ്താവയ്ക്ക് പ്രചാരം ലഭിക്കുന്നതിന് മുമ്പ് സംവിധായികയ്ക്ക് ലഭിച്ച ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ചൈനീസ് മാദ്ധ്യമങ്ങൾ ആഘോഷിച്ചിരുന്നു. മാർച്ചിൽ ഈ പുരസ്കാരം ലഭിച്ചതിനെ തുടർന്ന് ക്ളോയിയെ 'ചൈനയുടെ അഭിമാനം' എന്നാണ് ചൈനയിലെ തീവ്ര ദേശീയ നിലപാടുകളുമുള്ള മഞ്ഞപത്രമായ ഗ്ലോബൽ ടൈംസ് വിശേഷിപ്പിച്ചത്.
content highlight: china and chinese media wont say nothing about chloe zhaos oscar win for best director.