ന്യൂഡൽഹി: കൊവിഡ് വാക്‌സിൻറെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മരുന്ന് കമ്പനികൾക്ക് കത്ത് അയച്ചെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.. കൊവിഷീൽഡ് വാക്സിൻ ഉത്പാദിപ്പിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ടിനും, കൊവാക്സിൻ നിർമ്മിപ്പിക്കുന്ന ഭാരത് ബയോടെക്കിനുമാണ് കത്തയച്ചത്. മരുന്ന് കമ്പനികൾ വില വർദ്ധിപ്പിച്ചതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.. ഇതിന് പിന്നാലെയാണ് കേന്ദ്രനടപടി.
അതേസമയം ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് മൂന്നരലക്ഷത്തിലധികം പേർ കൂടി കൊവിഡ് രോഗികളായി. രോഗവ്യാപനം തീവ്രമായതിനാൽ വീട്ടിലും മാസ്‌ക് ധരിക്കണമെന്ന് നിർദ്ദേശിച്ച ആരോഗ്യ മന്ത്രാലയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.