pat-cummins

ന്യൂഡൽഹി: കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി കൊൽക്കത്ത നെെറ്റ് റെെഡേഴ്സിന്റെ ഓസീസ് പേസർ പാറ്റ് കമ്മിൻസ്. പിഎം കെയേഴ്സ് ഫണ്ടിലേക്ക് 50000 ഡോളറാണ് (ഏകദേശം 37 ലക്ഷം രൂപ) കമ്മിൻസ് സംഭാവന നൽകിയത്. അദ്ദഹം തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ കുറെ വർഷങ്ങൾകൊണ്ട് ഇന്ത്യ എനിക്ക് പ്രിയപ്പെട്ട ഇടമായിരിക്കുന്നു. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സ്നേഹവും കാരുണ്യമുള്ളവരാണ് ഇന്ത്യക്കാർ. ഈ വേളയിൽ വളരെയധികം പേർ കഷ്ടപ്പെടുന്നു എന്നത് എന്നെ ഏറെ ദുഃഖിപ്പിക്കുന്നു.

കൊവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ ഐ.പി.എൽ തുടരുന്നതിനെപ്പറ്റി ചില ചർച്ചകൾ നടക്കുന്നുണ്ട്. ലോക്ക്ഡൗണിലായിരിക്കുന്ന ജനതയ്ക്ക് നൽകാൻ കഴിയുന്ന ഏതാനും മണിക്കൂറുകളുടെ മാനസികോല്ലാസമാണ് ഐ.പി.എൽ എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കളിക്കാർ എന്ന നിലയിൽ, ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുന്നതിനുള്ള ഒരു വേദിയുണ്ടെന്ന ഉണ്ടെന്ന അനു​ഗ്രഹം ഞങ്ങൾക്കുണ്ട്. അത് നന്മക്കായി ഉപയോഗിക്കാം. അത് മനസിലാക്കി, പിഎം കെയേഴ്സ് ഫണ്ടിലേക്ക് ഞാൻ ഒരു തുക സംഭാവന നൽകുന്നു.

പ്രത്യേകിച്ചും ഇന്ത്യയിലെ ആശുപത്രികൾക്കുള്ള ഓക്സിജൻ ഉപകരണങ്ങൾ വാങ്ങാനാണ് തുക നൽകുന്നത്. മറ്റ് ഐ.പി.എൽ താരങ്ങളോടും, ഇന്ത്യയുടെ മഹാമനസ്കതയും സ്നേഹവും അനുഭവിച്ചിട്ടുള്ള ലോകത്തിന്റെ വിവിധ കോണുകളിൽ ഉളളവരോടും സംഭാവന നൽകാൻ ഞാൻ അഭ്യർത്ഥിക്കുന്നു. 50000 ഡോളർ സംഭാവന നൽകി കൊണ്ട് ഞാൻ അതിനു തുടക്കമിടുന്നു.

ഇത്തരം വേളകളിൽ നിസഹായരെന്ന് തോന്നാൻ എളുപ്പമാണ്. ഇത് അല്പം വൈകിപ്പോയോ എന്ന് എനിക്ക് തോന്നുന്നുണ്ട്. പക്ഷേ, ഈ പ്രവൃത്തി കൊണ്ട് നമ്മുടെ വികാരങ്ങൾ പ്രവൃത്തിയിലേക്ക് വഴിമാറുമെന്നും, ആളുകളുടെ ജീവിതത്തിൽ പ്രകാശം പരത്താൻ സാധിക്കുമെന്നും ഞാൻ കരുതുന്നു. ഇത് വലിയൊരു കർമ്മപദ്ധതിക്കുളള തുകയില്ലെന്ന് എനിക്ക് അറിയാം, പക്ഷേ ഇത് ആരുടെയെങ്കിലും ജീവിതത്തിൽ മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്മിൻസ് ട്വിറ്ററിൽ കുറിച്ചു.

pic.twitter.com/2TPkMmdWDE

— Pat Cummins (@patcummins30) April 26, 2021