coffee

ഉറക്കവും ക്ഷീണവും പമ്പകടത്താൻ ജീവിതത്തിൽ കാപ്പിയെ ആശ്രയിച്ചിട്ടില്ലാത്തവർ ലോകത്ത് ചുരുക്കമാണ്. കാപ്പിയുളളിൽ ചെന്നാൽ എല്ലാ ക്ഷീണവും പമ്പകടക്കും എന്ന ധാരണ വച്ചുപുലത്തുന്നവരാണ് ഏറെപ്പേരും. എന്നാൽ ഇവയുടെ ഉപയോ​ഗം നമ്മുടെ ആരോ​ഗ്യത്തിനു നല്ലതാണോ? എല്ലാ ക്ഷീണവും ഉറക്കച്ചടവും ഇല്ലാതാക്കുന്നതിനു പിന്നിലെ വസ്തുത എന്താണ്, എന്നീ കാര്യങ്ങൾ ഭൂരിഭാ​ഗം പേ‌ർക്കും അറിയില്ല എന്നതാണ് സത്യം.

കാപ്പി കുടിക്കുന്നത് ഉറക്കക്ഷീണം ഇല്ലാതാക്കുമെന്നത് വിവിധ പഠനങ്ങളിൽ വ്യക്തമായിട്ടുളളതാണ്. ഇതിലടങ്ങിയിരിക്കുന്ന കഫീൻ എന്ന പദാർത്ഥമാണ് ഇതിന് കാരണമാകുന്നത്. ഇത് ഉറക്കം ഇല്ലാതാക്കുകയും തലച്ചോറിന്റെ പ്രവർത്തനത്തെ ഉദ്ദീപിപ്പിക്കുകയും ചെയ്യും. പെട്ടെന്നുളള ശരീരഭാരം കുറയ്ക്കാൻ വ്യായാമത്തിനു മുൻപ് കാപ്പി കുടിക്കുന്നത് ​ഗുണകരമാണെന്ന കണ്ടെത്തലും പഠനങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ബി വെെറ്റമിനുകൾ, പൊട്ടാസ്യം, മാംഗനീസ്, ഫോളേസ്, മ​ഗ്നീഷ്യം എന്നിവയാണ് ഭാ​രം കുറയ്ക്കാൻ സഹായിക്കുന്നത്.

എന്നാൽ ഈ ​ഗുണങ്ങൾ കണ്ടുകൊണ്ട് കാപ്പിയോട് കൂടുതൽ ആസക്തി കാട്ടാതിരിക്കുന്നതാണ് നല്ലത്. മിതമായ അളവിലല്ല കാപ്പി കഴിക്കുന്നതെങ്കിൽ അതു തീർച്ചയായും ആരോഗ്യത്തെ മോശമായി ബാധിക്കും. അതുപോലെ തന്നെ രാത്രിയിൽ കാപ്പി കഴിക്കുന്നതും അത്ര നന്നല്ല. രാത്രിയിലെ ഉറക്കത്തെ ബാധിക്കുമെന്നതിനാലാണ് ഈ നിർദേശം മുന്നോട്ടുവയ്ക്കുന്നത്.

കാപ്പി അമിതമായി ഉപയോഗിക്കുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും. സൗത്ത് ഓസ്‌ട്രേലിയൻ യൂണിവേഴ്‌സിറ്റിയിലെ ഓസ്‌ട്രേലിയൻ സെന്റർ ഫോർ പ്രിസിഷൻ ഹെൽത്തിലെ ഗവേഷകരുടെ കണ്ടെത്തൽ പ്രകാരം ദീർഘകാലം നീണ്ടുനിൽക്കുന്ന തുടർച്ചയായ കാപ്പിയുടെ ഉപഭോഗം ആളുകളുടെ ഹൃദയ രക്തചംക്രമണം ഗണ്യമായി വർദ്ധിപ്പിക്കുന്നതിനും അതുവഴി ഗുരുതരമായ ഹൃദയ സംബന്ധിയായ അസുഖങ്ങൾക്കും കാരണമാകും.‌ ബിപിയുള്ള ചെറുപ്പക്കാർ ദിവസം നാലോ അതിലധികമോ കപ്പ് കാപ്പി കുടിക്കുന്നത് ഹാർട്ട് അറ്റാക്കും മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങളും വരാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു.

​ഗർഭിണികളും ഹെെപ്പർ ടെൻഷൻ, ഉറക്കപ്രശ്നങ്ങൾ എന്നിവ ഉളളവരും കാപ്പി ഒഴിവാക്കണമെന്ന് ​ഗവേഷകർ പറയുന്നു. കാപ്പിയിലടങ്ങിരിക്കുന്ന കഫീൻ ഗർഭസ്ഥ ശിശുവിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും വളർച്ചയെ തടയുകയും ചെയ്യും. അതുപോലെതന്നെ കഫീൻ ഗർഭസ്ഥ ശിശുവിന്റെ സ്ട്രെസ് ഹോർമോണുകളെ തടസപ്പെടുത്തുന്നു. ഇത് ജനനത്തിനു ശേഷം വേഗത്തിൽ ശരീരഭാരം കൂടാനും ഭാവിയിൽ കുഞ്ഞുങ്ങൾക്ക് അമിതവണ്ണം, ഹൃദ്രോഗം, പ്രമേഹം എന്നിവ പിടിപെടാനുള്ള സാദ്ധ്യതയും വർദ്ധിപ്പിക്കുന്നു.