hc

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ. ആഹ്ലാദ പ്രകടനങ്ങൾ നടത്തുമ്പോൾ ആളുകൾ ഒത്തുകൂടുമെന്നും, ഇത് രോഗ വ്യാപനത്തിന് ഇടയാക്കുമെന്നുമാണ് ഹർജികളിൽ പറയുന്നത്.

ഹർജിയിൽ സംസ്ഥാന സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കും.വോട്ടെണ്ണൽ ദിനമായ മേയ് രണ്ടിന് ആഘോഷങ്ങൾ ഒഴിവാക്കാനും, അണികളെ രാഷ്‌ട്രീയ പാർട്ടികൾ നിയന്ത്രിക്കാനും ഇന്നലത്തെ സർവകക്ഷി യോഗത്തിൽ തീരുമാനമായിരുന്നു.

അതേസമയം രോഗവ്യാപനം തടയുന്നതിനായി ഇന്നുമുതല്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ബാറുകൾ, വിദേശമദ്യ വിൽപന കേന്ദ്രങ്ങൾ, സിനിമ തിയേറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, ജിംനേഷ്യം എന്നിവ പ്രവര്‍ത്തിക്കില്ല. വിവാഹ ചടങ്ങുകളില്‍ പരമാവധി 50 പേരും, മരണാനന്തര ചടങ്ങുകളില്‍ 20 പേരും മാത്രമേ പങ്കെടുക്കാവൂ. അന്യ സംസ്ഥാന തൊഴിലാളികൾക്കായി കൺട്രോൾ റൂം തുറന്നിട്ടുണ്ട്.