bjp

കോട്ടയം: ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ലഭിച്ച കേന്ദ്ര ഫണ്ടിൽ കോട്ടയത്ത് ഏറ്റവും കൂടുതൽ തുകയായ രണ്ടേകാൽ കോടി രൂപ ലഭിച്ചത് കാഞ്ഞിരപ്പള്ളിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനത്തിന് . ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്ന ജില്ലയിലെ ഏക മണ്ഡലമാണ് മുൻ കേന്ദ്ര മന്ത്രി കണ്ണന്താനം മത്സരിച്ച കാഞ്ഞിരപ്പള്ളി.

ഇവിടെ ഒരുലക്ഷത്തിപതിമൂവായിരം വോട്ടുകൾ പോൾ ചെയ്തു. നാൽപ്പതിനായിരം വോട്ടുകൾ ബി.ജെപിക്ക് ഇവിടുണ്ടെന്നാണ് അവകാശവാദം. അമ്പതിനായിരം വോട്ടുകൾ വരെ സമാഹരിക്കാൻ കഴിഞ്ഞാൽ കണ്ണന്താനത്തിന് വിജയിക്കാനാവുമെന്നാണ് ബൂത്തുതല കണക്കുകൾ കൂട്ടിക്കിഴിച്ചുള്ള ബി.ജെ.പിയുടെ അവസാന വിലയിരുത്തൽ.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജി.രാമൻ നായർ (ചങ്ങനാശേരി), ഡോ.പ്രമീളാദേവി (പാലാ) എന്നിവർക്കും ഓരോ കോടി രൂപ അനുവദിച്ചു. മറ്റു മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് അമ്പതു ലക്ഷം രൂപ വീതമാണ് പ്രചാരണത്തിന് നൽകിയത് .

ഇത്രയും കേന്ദ്രഫണ്ട് കിട്ടിയിട്ടും പ്രചാരണത്തിൽ പൊലിമ കുറവായിരുന്നെന്നും വാഹന പര്യടനം ആരംഭിക്കാൻ വൈകിയെന്നും സ്വീകരണയോഗങ്ങൾ കൊഴുപ്പിക്കാൻ കഴിഞ്ഞില്ലെന്നും പരാതി ഉണ്ട്.