
സീത എന്ന പേര് മലയാളികൾക്ക് പെട്ടെന്ന് ഓർമ വരണമെന്നില്ല. ഹിറ്റ്ലറിൽ മമ്മൂട്ടിയുടെ അഞ്ച് സഹോദരിമാരിൽ ഒരാൾ, പിൻഗാമിയിൽ മോഹൻലാലിന്റെ സഹോദരി, ദേവാസുരത്തിൽ രേവതിയുടെ അനുജത്തിവേഷം... ഇത്രയും മതി ആളിനെ പിടിക്കിട്ടാൻ. തെലുങ്കിൽ ബാലതാരമായി അഭിനയിച്ചാണ് സീതയുടെ രംഗപ്രവേശം. തുടർന്ന് തമിഴിലും മലയാളത്തിലുമായി കൈനിറയെ ചിത്രങ്ങൾ. ഒരു ദിവസം പെട്ടെന്ന് സീത സിനിമയിൽ നിന്ന് അപ്രത്യക്ഷയായി. എന്നാൽ സീത ഇപ്പോൾ ചെന്നൈയിലുണ്ട്. അബ്ദുൾ ഖാദർ എന്ന ചെന്നൈക്കാരനെ വിവാഹം കഴിച്ച് ഇസ്ളാം മതം സ്വീകരിച്ചു കുടുംബിനിയായി കഴിയുന്നു. പേര് യാസ്മിൻ. വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സുന്ദരി ഞാനും സുന്ദരി നീയും സീരിയലിൽ അഭിനയിക്കുന്നുണ്ട്. സത്യ എന്ന തമിഴ് സീരിയലിലാണ് ഒടുവിൽ അഭിനയിച്ചത്.
സീത ഇപ്പോൾ യാസ്മിനാണ്?
ചെന്നൈ തായ് സത്യ മെട്രിക്കുലേഷൻ സ്കൂളിൽ ഒരേ സ്കൂളിൽ ഒരേ വർഷം പഠിച്ചവരാണ് ഞാനും ഭർത്താവ് അബ്ദുൾഖാദറും. എന്നാൽ പഠനശേഷം പരസ്പരം കണ്ടില്ല. നാലുവർഷം മുൻപാണ് പിന്നീട് കാണുന്നത്. ഇഷ്ടം ഞങ്ങൾ രണ്ടുപേരുടെയും ഉള്ളിലുണ്ട്. എന്നാൽ പ്രണയമല്ല. എന്റെ വീട്ടുകാരുടെ എതിർപ്പ് മാറിയതോടെ മൂന്നുവർഷം മുൻപ് വിവാഹം. ഭർത്താവിന്റെ മതത്തിന്റെ ഭാഗമാവണമെന്ന ആഗ്രഹം വിവാഹത്തിന് മുൻപേ തോന്നി. അങ്ങനെയാണ് ഇസ്ളാം മതം സ്വീകരിക്കുന്നത്. ഭർത്താവ് ഫിനാൻസ് രംഗത്ത് പ്രവർത്തിക്കുന്നു.

അഭിനയത്തിലേക്ക് എത്തിയത്?
അച്ഛൻ ആർ. രാധാകൃഷ്ണൻ ചെന്നൈയിൽ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. അമ്മ വനജ. സഹോദരൻ രവികുമാർ. ഞങ്ങൾ തെലുങ്ക് ബ്രാഹ്മണരാണ്. എനിക്ക് മൂന്ന് വയസുള്ളപ്പോൾ അച്ഛനും അമ്മയും വേർപിരിഞ്ഞു. എന്നെയും സഹോദരനെയും അമ്മ വീട്ടിലേക്ക് കൊണ്ടുപോയി. അമ്മയ്ക്ക് ജോലിയില്ല. ബന്ധാലു അനു ബന്ധാലു എന്ന തെലുങ്ക് ചിത്രത്തിൽ ബാലതാരമായി അഭിനയിക്കാൻ അവസരമുണ്ടെന്ന് അമ്മൂമ്മ പറഞ്ഞു. അമ്മൂമ്മയോട് ആരോ പറഞ്ഞതാണ് ഈ വിവരം. അതാണ് എന്റെ ആദ്യ സിനിമ. കുടുംബം പോറ്റാൻ ഞാൻ സിനിമയിൽ അഭിനയിക്കുന്നുവെന്ന് ആ പ്രായത്തിൽ അറിയില്ലായിരുന്നു. മലയാളത്തിൽ കൃഷ്ണ ഗുരുവായൂരപ്പാ ആണ് ബാലതാരമായി അഭിനയിച്ച ആദ്യ സിനിമ. ബേബി ശാലിനിയോടൊപ്പം. വളർന്നതിനുശേഷം ആദ്യം അഭിനയിക്കുന്ന സിനിമയാണ് ദേവാസുരം. ഒൻപതാം ക്ളാസിൽ പഠിക്കുമ്പോഴാണ് ദേവാസുരത്തിൽ അഭിനയിക്കുന്നത്.
സഹോദരി വേഷങ്ങളിലാണല്ലോ തിളങ്ങിയത്?
ആ സമയത്ത് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാൻ അറിയില്ലായിരുന്നു. വന്നവയെല്ലാം സ്വീകരിച്ചു. അമ്മയായിരുന്നു എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. കിട്ടിയ സഹോദരി വേഷങ്ങളെല്ലാം മികച്ചതായിരുന്നു. സിനിമയിൽ തിരക്കേറിയതിനാൽ ഒൻപതാം ക്ളാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. പഠിക്കാൻ കഴിയാതെ പോയതിൽ വിഷമമുണ്ട്. അഭിനയ ജീവിതം ഏറെ സന്തോഷം തരുന്നു.
ഒരു ദിവസം സിനിമയിൽ നിന്ന് അപ്രത്യക്ഷയായല്ലേ?
ഹിറ്റ്ലർ കഴിഞ്ഞു തെലുഗോടു എന്ന തെലുങ്ക് ചിത്രം ചെയ്തു. കർപ്പൂരദീപത്തിലാണ് മലയാളത്തിൽ ഒടുവിൽ അഭിനയിച്ചത്. അതിനുശേഷം അവസരങ്ങൾ വന്നില്ല. സിനിമ ലഭിക്കാത്തതിനാൽ മാറിനിന്നു. അപ്പോൾ തമിഴ് സീരിയലിൽ നിന്ന് അവസരങ്ങൾ വന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ചെങ്കിലും ഏറ്റവും പ്രിയം മലയാളം തന്നെ. എനിക്ക് ജീവിതം തന്നത് മലയാള സിനിമയാണ്. ഇരുപത്തിയേഴുവർഷം മുൻപാണ് ദേവാസുരം ചെയ്തതെങ്കിലും മലയാളികൾ ആ സിനിമയേയും അതിലെ കഥാപാത്രങ്ങളെയും മറന്നില്ല. വീണ്ടും മലയാളത്തിൽ അഭിനയിക്കണം. മികച്ച കഥാപാത്രത്തിലൂടെ എത്താനാണ് ആഗ്രഹം.