ന്യൂഡൽഹി: ആലപ്പുഴയിലെ വണ്ടാനം മെഡിക്കൽ കോളേജിലെ പ്രത്യേക മുറിയിൽ കൊവിഡ് ബാധിച്ച ശരത് മോൻ എന്ന യുവാവ് പി.പി.ഇ കിറ്റണിഞ്ഞെത്തിയ വധു അഭിരാമിയെ താലിചാർത്തിയ വാർത്ത നമ്മൾ കഴിഞ്ഞ ദിവസം കണ്ടതാണ്. മംഗള കർമ്മത്തിന് മഹാരോഗം ഒരു തടസമല്ല എന്ന് സൂചിപ്പിക്കുന്ന സംഭവമായിരുന്നു അത്. എന്നാൽ ഇത്തരം സംഭവങ്ങൾ കേരളത്തിൽ മാത്രമല്ല വടക്കേ ഇന്ത്യയിലും നടക്കുന്നുണ്ട്. അത്തരമൊന്നാണ് ഇനി പറയുന്നത്. മദ്ധ്യപ്രദേശിലെ രത്‌ലമിലാണ് ഇതുണ്ടായത്. ഇവിടെയും രോഗം ബാധിച്ചത് വരന് തന്നെയാണ്. വിവാഹം ശുഭദിനത്തിൽ തന്നെ നടക്കണം എന്നതുകൊണ്ട് വധൂ വരന്മാരുടെ കുടുംബാംഗങ്ങൾ വിവാഹവുമായി മുന്നോട്ട് പോകുകയായിരുന്നു.
വിവാഹം നടക്കുന്നതറിഞ്ഞ് തടയാനെത്തിയ രത്‌ലം തഹസീൽദാറും പൊലീസും പക്ഷെ വധൂ വരന്മാർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അവരെ അഭിനന്ദിച്ചു. കാരണം വധുവും വരനും പി.പി.ഇ കിറ്റണിഞ്ഞ് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരുന്നു വിവാഹത്തിനെത്തിയത്. ചടങ്ങിനുണ്ടായിരുന്നത് പി.പി.ഇ കിറ്റണിഞ്ഞ മറ്റ് മൂന്നുപേർ കൂടി മാത്രം.
മദ്ധ്യപ്രദേശിൽ ശക്തമായ കൊവിഡ് ബാധയെ തുടർന്ന് സാമൂഹിക സാംസ്‌കാരിക ഒത്തുചേരലുകൾക്ക് വലിയ നിയന്ത്രണങ്ങളുണ്ട്. വിവാഹങ്ങൾക്ക് പരമാവധി പങ്കെടുക്കാവുന്നത് 50 പേരാണ്. ആർഭാടമായ വിവാഹം ഒഴിവാക്കാനായി പത്തിൽ താഴെ അതിഥികളുമായി വിവാഹം നടത്തിയാൽ വധൂവരന്മാർക്ക് പ്രത്യേക ഡിന്നർ നൽകുമെന്ന് ഭിണ്ഡ് എസ്.പി മനോജ് കുമാർ സിംഗ് പ്രഖ്യാപിച്ചിട്ടുമുണ്ട്.
വിവാഹം നേരത്തെ തീരുമാനമായെങ്കിലും ഏപ്രിൽ 19ന് വരന് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്നും നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടക്കുന്നത് തടയാൻ അധികൃതരെത്തിയപ്പോഴാണ് പൂർണമായും കൊവിഡ് ചട്ടങ്ങൾ പാലിച്ച് വിവാഹം നടക്കുന്നുവെന്ന് മനസിലാക്കിയത്. തുടർന്ന് ഇരുവരെയും അധികൃതർ അഭിനന്ദിച്ചു. നിലവിൽ ഉയർന്ന ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്കുളള മദ്ധ്യപ്രദേശിൽ 10 ശതമാനത്തിൽ താഴെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉണ്ടായാൽ മാത്രമേ നിയന്ത്രണങ്ങൾ പിൻവലിക്കൂ എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.