covid

മുംബയ്: കൊവിഡ് വ്യാപനം രൂക്ഷമായ മുംബയില്‍ നിന്നും പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്ത. 102 വയസുള്ള മുത്തശ്ശി കൊവിഡ് മുക്തി നേടി. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ എഴുത്തുകാരി എന്ന റക്കോര്‍ഡിന് ഉടമയായ സുശീല പഥക് ആണ് രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം കൊവിഡ് മുക്തയായി തിരികെ വീട്ടിലേക്ക് മടങ്ങുന്നത്. 96 വയസുള്ളപ്പോളാണ് സുശീല പഥക് ഇന്ത്യൻ പാചകത്തെക്കുറിച്ചുള്ള തന്റെ അവസാന പുസ്തകം പ്രസിദ്ധീകരിച്ചത്.

ഇവര്‍ മാര്‍ച്ച് 23 ന് കൊവാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. രണ്ടാം ഡോസ് സ്വീകരിക്കുന്നതിന് മുമ്പ് ഇവര്‍ കൊവിഡ് പോസ്റ്റീവായി. ചെറുമകനായ ഡോ. സുജിത് ബോപാര്‍ഡികറിനൊപ്പം ജൂഹുവിലാണ് സുശീല പഥക് താമസിക്കുന്നത്. ഏപ്രില്‍ ഒന്നിനാണ് മുത്തശ്ശി രോഗലക്ഷണങ്ങള്‍ കാണിച്ചത്. ആദ്യം വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞുവെങ്കിലും ഏപ്രില്‍ ആറിന് ആശുപത്രിയില്‍ പ്രവേശിച്ചു. വയോധികരും കൊവിഡ് മുക്തരാകുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.

105 വയസുള്ള കൊല്ലം സ്വദേശിനി അസ്മ ബീവി കൊവിഡ് മുക്തയായത് വലിയ വാര്‍ത്തയായിരുന്നു. കര്‍ണാടകയിലെ കോപ്പാല്‍ ജില്ലയിലെ കമലമ്മ ലിംഗനഗൗഡ എന്ന 105 വയസുകാരി കൊവിഡ് മുക്തയാതും രാജ്യത്ത് വലിയ ചർച്ചയായി. കൊവിഡ് മുക്തയായ 97 വയസുള്ള ലില്ലി എല്‍ബര്‍ട്ട് എന്ന ഇംഗ്ലണ്ടുകാരിയുടെ വാര്‍ത്തയും സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.