hospital

റാഞ്ചി : കൊവിഡ് രണ്ടാം വ്യാപനത്തിൽ രാജ്യം വിറങ്ങിലിച്ച് നിൽക്കവേ ഹൃദയഭേദകമായ കാഴ്ചകളാണ് വിവിധ ഇടങ്ങളിൽ നിന്നും പുറത്തുവരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഓക്സിജൻ ക്ഷാമത്തെതുടർന്ന് രോഗികൾ മരണപ്പെടുന്ന കാഴ്ചകളായിരുന്നു രാജ്യതലസ്ഥാനത്ത് നിന്നുമുൾപ്പടെ പുറത്ത് വന്നിരുന്നത്. ഇതിന് പുറമേ വടക്കേ ഇന്ത്യയിൽ അണയാതെ കത്തുന്ന ചിതകളുടെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ ജാർഖണ്ഡിൽ നിന്നുമുള്ള ഒരു വീഡിയോയാണ് ചർച്ചയാവുന്നത്.

അസുഖ ബാധിതനായ ഒരു വൃദ്ധനെ സ്‌കൂട്ടറിൽ ഇരുത്തി രണ്ടംഗ സംഘം ആശുപത്രി വാർഡിനുള്ളിലേക്ക് ഓടിച്ച് കയറ്റുന്നതാണ് ദൃശ്യത്തിലുള്ളത്. വാഹനത്തിൽ ആശുപത്രിയിലെത്തിച്ച വൃദ്ധനെ സ്‌ട്രെചർ കിട്ടാത്തതിനാൽ സ്‌കൂട്ടറിൽ ഇരുത്തി വാർഡിലെത്തിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. പാലാമുവിന്റെ മെഡിനിറായ് മെഡിക്കൽ കോളേജ് ആന്റ് ഹോസ്പിറ്റലിലുണ്ടായ (എംഎംസിഎച്ച്) സംഭവമാണ് ഇത്. കഴിഞ്ഞ ദിവസങ്ങളിലേതുപോലെ ഇന്നും രാജ്യത്ത് മൂന്ന് ലക്ഷത്തിന് മേൽ ആളുകൾ കൊവിഡ് ബാധിതരായിട്ടുണ്ട്.