australia

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുമുള‌ളതും, തിരിച്ചുമുള‌ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയയും. മേയ് 15 വരെയാണ് താൽക്കാലികമായ ഈ വിലക്കെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട് മോറിസൺ അറിയിച്ചു. വിലക്ക് നീട്ടണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. ഇന്ത്യയിൽ നിന്നും യാത്ര ചെയ്‌താൽ കൊവിഡ് വ്യാപനമുണ്ടാകുമെന്നത് വ്യക്തമാണെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെ നിലവിൽ ഐ.പി.എലിൽ പങ്കെടുക്കാനെത്തിയ ഓസ്‌ട്രേലിയൻ അന്താരാഷ്‌ട്ര താരങ്ങൾ ഉൾപ്പടെ ഇന്ത്യയിൽ കുടുങ്ങുമെന്ന് ഉറപ്പായി.


ബ്രിട്ടൺ, യു.എ.ഇ, കാനഡ, ന്യൂസിലാന്റ്, ഹോങ്‌കോംഗ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളാണ് നിലവിൽ ഇന്ത്യയിലേക്കുള‌ള വിമാനങ്ങൾക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യയിലുള‌ള തങ്ങളുടെ പൗരന്മാരും ഇപ്പോൾ തിരികെ വരേണ്ടെന്ന് ന്യൂസിലാന്റ് അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള‌ള യാത്രക്കാരിൽ കൊവിഡ് പോസി‌റ്റിവി‌റ്റി നിരക്ക് മ‌റ്റേത് രാജ്യങ്ങളുടേതിലും വളരെ കൂടുതലാണെന്നാണ് പല രാജ്യങ്ങളും അറിയിച്ചത്. കാനഡയിൽ നിന്നുള‌ള കഴിഞ്ഞയാഴ്‌ചത്തെ അറിയിപ്പ് അനുസരിച്ച് മ‌റ്റ് രാജ്യങ്ങളിൽ നിന്ന് വന്നവരിൽ കൊവിഡ് പോസി‌റ്റിവി‌റ്റി നിരക്ക് 1.8 ശതമാനവും ഇന്ത്യയിൽ നിന്നുള‌ളത് 20 ശതമാനവുമാണ്.

ഇന്ന് രാജ്യത്തെ പ്രതിദിന കൊവിഡ് നിരക്ക് മൂന്ന് ലക്ഷം കടക്കുന്ന തുടർച്ചയായ ആറാം ദിവസമാണ്. തിങ്കളാഴ്‌ച 3.2 ലക്ഷം പേരാണ് രോഗബാധിതരായത്. 28.82 ലക്ഷം ആക്‌ടീവ് കേസുകളാണ് നിലവിൽ രാജ്യത്തുള‌ളത്. എന്നാൽ നിലവിൽ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും വളരെയധികമാകും ശരിയായ കണക്കെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.