3

ലോകം കൊവിഡ് മഹാമാരിയിൽ പിടയുന്നതിനിടെ ഒരു മേയ് ദിനം കൂടി. സമൂഹത്തിന് ആശ്വാസം പകരാനുള്ള തീവ്രശ്രമങ്ങളിലേർപ്പെട്ട് ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ ദിനാചരണം നടത്താനുള്ള ശ്രമങ്ങളിലാണ് തൊഴിലാളി സംഘടനകൾ. മിക്ക രാജ്യങ്ങളും മേയ് ദിനം വേതനത്തോടെയുള്ള ഒഴിവുദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് ദിനം സാർവദേശീയ തൊഴിലാളി ദിനമായി നിരവധി അന്താരാഷ്ട്ര സംഘടനകൾ അംഗീകരിച്ചു.

ഈ സാഹചര്യത്തിലും ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ അവസ്ഥ ദാരുണമാണ്. ബ്രിട്ടീഷ് ഭരണാധികാരികളുടെ കാലത്ത് സമരം ചെയ്ത് നേടിയെടുത്ത, സംഘടിക്കാനുള്ള ട്രേഡ് യൂണിയൻ അവകാശം പോലും റദ്ദാക്കി പുതിയ ലേബർ കോഡ് നടപ്പിലാക്കാനുള്ള നിയമം പാസാക്കിക്കഴിഞ്ഞു. രാജ്യത്തെ തൊഴിലാളി, കർഷക വിഭാഗങ്ങളെ അടിച്ചമർത്താനും നിർവീര്യമാക്കാനുമുള്ള ഫാസിസ്റ്റ് സമീപനത്തെ ചെറുക്കാനുള്ള സമരങ്ങളുടെ കനൽവഴികളിലാണ് തൊഴിലാളികളും കർഷകരും.

കർഷക സമരത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയും ബ്രിട്ടീഷ് ജനപ്രതിനിധിസഭയും അന്വേഷണം നടത്തുന്നു. എന്നിട്ടും കേന്ദ്ര സർക്കാർ കർഷകർക്കെതിരെ കൊടിയ പീഡനങ്ങൾ തുടരുന്നു. സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുന്നു. തൊഴിലവസര വാഗ്ദാനത്തിൽ പ്രതീക്ഷയോടെ കാത്തുനിന്ന ഇന്ത്യയിലെ യുവതലമുറ അഗ്‌നിപർവതം പോലെ നീറിപ്പുകയുന്നു. സാധാരണ ജനജീവിതം ദുസ്സഹമായി മാറുന്നു. പാചക വാതകത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യധാന്യങ്ങളുടെയും വില നിയന്ത്രണാതീതമാകുന്നു. തൊഴിലും വരുമാനവും നാട്ടിൻപുറങ്ങളിലെന്ന പോലെ നഗരങ്ങളിലും കുറഞ്ഞുവരുന്നു.

രാജ്യത്തിന്റെ പൊതുസ്ഥിതി ഇതാണെങ്കിലും കേരളത്തിലെ ജനങ്ങൾക്ക് കടുത്ത പ്രയാസങ്ങൾ കൂടാതെ ജീവിക്കാൻ കഴിയുന്ന സാമൂഹ്യ പശ്ചാത്തലമൊരുക്കുന്നതിൽ എൽ.ഡി.എഫ് സർക്കാർ കഠിനാദ്ധ്വാനം ചെയ്യുന്നു. ഏതു പ്രതിസന്ധികളിലും ജനങ്ങളോടൊപ്പം നിലയുറപ്പിക്കുന്ന ഭരണകൂടത്തിന്റെ തണലിലാണ് കേരളം വീണ്ടും മേയ് ദിനമാചരിക്കുന്നത്.

തൊഴിലവകാശങ്ങൾ പുന:സ്ഥാപിക്കാനും രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കാനും പ്രതിജ്ഞാബദ്ധമായ ഇന്ത്യൻ തൊഴിലാളിവർഗം എല്ലാ പ്രതിസന്ധികളെയും നേരിട്ട് അജയ്യമായ കരുത്തു തെളിയിക്കുന്ന സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന പ്രതിജ്ഞ പുതുക്കുക എന്നതാണ് മേയ് ദിനത്തിന്റെ സന്ദേശം.