mask-wearing-

പൊതുനിരത്തുകളിലൂടെ സഞ്ചരിക്കുമ്പോള്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്ന ജനതയാണ് ലോകമെമ്പാടും ഇന്നുള്ളത്. സ്വന്തം ആരോഗ്യരക്ഷയ്ക്കുവേണ്ടി മാസ്‌ക് ധരിക്കണം എന്ന നിര്‍ദ്ദേശം പാലിക്കുന്നതിന് ഫൈന്‍ അടിച്ചുനല്‍കേണ്ട അവസ്ഥയിലാണ് ഭരണകൂടങ്ങള്‍. എന്നാല്‍ ഇന്ത്യ കൊവിഡ് രണ്ടാം തരംഗത്തില്‍ പെട്ട് ഉഴലുമ്പോള്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് വിദഗ്ദ്ധരിപ്പോള്‍. ഇതില്‍ പ്രധാനമായതാണ് വീടിനുള്ളില്‍ കഴിയുമ്പോഴും മാസ്‌ക് ധരിക്കുക എന്നത്.

മാസ്‌ക് ധരിക്കുന്നതിലൂടെ രോഗം വരാതെ സൂക്ഷിക്കാനാവുമെന്ന് കൊവിഡിന്റെ തുടക്കം മുതല്‍ ശാസ്ത്രലോകം തിരിച്ചറിഞ്ഞ ഒരു വസ്തുതയാണ്. മാസ്‌ക് ധരിക്കുന്നതിന്റെ പ്രധാന കാരണം കൊവിഡ് 19 പ്രധാനമായും വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് മൂക്ക് വായ് എന്നിവയിലൂടെയാണ് എന്നതാണ്. ചുമ, തുമ്മല്‍, സംസാരിക്കല്‍, സ്പര്‍ശനം എന്നിവയിലൂടെ വൈറസ് നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുകയാണ് ചെയ്യുന്നത്. ഇത് കൂടുതലായും കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയാണ്. ഇവിടെയാണ് മാസ്‌ക് ഫലപ്രദമാവുന്നത്.

കൊവിഡ് രണ്ടാം തരംഗത്തില്‍ ജനിതകമാറ്റം വന്ന വൈറസ് അതിവേഗമാണ് മറ്റുള്ളവരിലേക്ക് പകരുന്നത്. ഇതിനുപുറമേ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യമൊന്നാകെ കൊട്ടിയടച്ചുള്ള ലോക്ഡൗണിനും ഭരണകൂടത്തിന് താത്പര്യമില്ല. ജനങ്ങളുടെ ജീവതമാര്‍ഗം അടയും എന്ന ന്യായമാണ് അതിന് കാരണമായി പറയുന്നതെങ്കിലും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാലുണ്ടാകുന്ന ആഘാതമാണ് കടുത്ത മാര്‍ഗങ്ങളിലേക്ക് തിരിയുവാന്‍ സര്‍ക്കാരിനെ വിലക്കുന്ന പ്രധാന കാരണം. കൊവിഡ് രണ്ടാം ഘട്ടത്തില്‍ രോഗം കൂടുതലായി ബാധിക്കുന്നത് യുവാക്കളിലാണെങ്കിലും മരണനിരക്ക് കൂടുതല്‍ 70 വയസിന് മുകളിലുള്ളവരിലാണ്. ഇതിന് പ്രധാനകാരണം രോഗബാധിതരായി വീട്ടിലെത്തുന്ന യുവാക്കളില്‍ നിന്നും രോഗം വീട്ടിലുള്ളവര്‍ക്ക് ലഭിക്കുന്നതാണ്. ഇവിടെയാണ് മാസ്‌ക് ഫലം ചെയ്യുക. വീടിനുള്ളില്‍ കഴിയുമ്പോഴും കുടുംബാംഗങ്ങള്‍ മാസ്‌ക് കൃത്യമായി ധരിക്കാന്‍ മറക്കരുത്.

മാസ്‌ക് ധരിക്കുന്നതിനൊപ്പം സന്ദര്‍ശകരെ പ്രത്യേകിച്ച് പുറത്തുനിന്നുള്ളവരെ വീട്ടിലേക്ക് ക്ഷണിക്കരുതെന്നും നീതി ആയോഗിലെ ആരോഗ്യവിഭാഗത്തിനെ പ്രതിനിധീകരിക്കുന്ന ഡോ. വി കെ പോള്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗം തടയാന്‍ വീടിനുള്ളിലും മാസ്‌ക് ധരിക്കണമെന്ന് ഇന്നലെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. കൊവിഡ് ബാധിതരുടെ ആധിക്യത്താല്‍ ആശുപത്രികള്‍ പ്രതിസന്ധിയിലേക്ക് നീങ്ങവേ കൊവിഡ് വ്യാപനത്തിന്റെ ചങ്ങല മുറിക്കാന്‍ വീടിനുള്ളിലും മാസ്‌ക് ധരിക്കേണ്ടത് അത്യാവശ്യമാണ്.