ന്യൂഡല്‍ഹി: മെഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ രോഗവ്യാപന കേന്ദ്രങ്ങളാണെന്ന കുറ്റപ്പെടുത്തലുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. മെഗാ വാക്‌സിനേഷന്‍ ആരുടെ പദ്ധതിയാണെന്ന് ചോദിച്ച അദ്ദേഹം അതിന്റെ പേരില്‍ മനുഷ്യവകാശ ലംഘനമാണ് നടക്കുന്നതെന്നും കുറ്റപ്പെടുത്തി. സൗജന്യമായി കിട്ടിയ വാക്‌സിന്‍ വിതരണം ചെയ്തിട്ട് പോരേ വാക്‌സിന്‍ നയത്തിനെതിരെ സമരം ചെയ്യാന്‍ എന്നും മുരളീധരന്‍ ചോദിച്ചു.
കേരളത്തിലെ ആശുപത്രികളില്‍ സൗകര്യങ്ങള്‍ കുറവാണ്. ഇത് അടിന്തരമായി കൂട്ടണം. കേരളത്തിലെ ആര്‍ ടി പി സി ആര്‍ ടെസ്റ്റിന് ഈടാക്കുന്നത് വലിയ നിരക്കാണ്. സ്വകാര്യ ആശുപത്രികളെയും ലാബുകളെയും സഹായിക്കാനുള്ള കുബുദ്ധിയാണ് ഇതിന് പിന്നില്‍. കേരളത്തെ മറ്റു സംസ്ഥാനങ്ങള്‍ ഈ വിഷയത്തില്‍ വിമര്‍ശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി കെ കെ ശൈലജ ക്വാറന്റൈനായ സാഹചര്യത്തില്‍ ആരാണ് വകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്രഫണ്ട് കിട്ടിയെന്ന് ആരോഗ്യമന്ത്രി തന്നെ പറഞ്ഞു. എന്നിട്ടും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലടക്കം ഓക്‌സിജന്‍ പ്ലാന്റ് സജ്ജമാക്കാത്തത് എന്തുകൊണ്ടാണ്. കൊവിഡ് നിയന്ത്രണത്തില്‍ പാളിച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. സംസ്ഥാനങ്ങള്‍ക്ക് പാളിച്ച പറ്റിയാലും ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആകുന്നത് എങ്ങനെയാണ്. കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിന് പാളിച്ചയുണ്ടായോയെന്ന് പരിശോധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സഹമന്ത്രി കേരള സര്‍ക്കാര്‍ ശമ്പളം നല്‍കി നിയോഗിച്ച ആളല്ല. താന്‍ വിമര്‍ശിക്കുന്നത് കേരളത്തെയല്ല കേരള സര്‍ക്കാരിനെയാണ്. ഈ വിമര്‍ശം ഇനിയും തുടരും. പിണറായി വിജയനല്ല കേരളമെന്നും വി മുരളീധരന്‍ അഭിപ്രായപ്പെട്ടു.