protein

ലണ്ടൻ: ശക്തമായ ആന്റിബോഡികൾ ശരീരത്തിലുണ്ടായിട്ടും ചിലരിൽ കൊവിഡ് രോഗം ഗുരുതരമാകാനുള‌ള കാരണം കണ്ടെത്തി ഗവേഷകർ. മനുഷ്യശരീരത്തിലുള‌ള ഒരു പ്രകൃതിദത്ത തന്മാത്രയ്‌ക്ക് കൊവി‌ഡ് വൈറസിനെ തടയുന്ന ആന്റിബോഡികളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്നുണ്ടെന്ന അമ്പരപ്പിക്കുന്ന കണ്ടെത്തലാണ് ഗവേഷകർ നടത്തിയിരിക്കുന്നത്. ബ്രിട്ടനിലെ ഫ്രാൻസിസ് ക്രിക്ക് ഇൻസ്‌റ്റി‌റ്റ്യൂട്ടിന്റെ ഔദ്യോഗിക പേജിൽ ഇത് സംബന്ധിച്ച വിവരം ഗവേഷകർ പ്രസിദ്ധപ്പെടുത്തി.

കൊവിഡ് രോഗാണു ബിലിവെർഡിൻ എന്ന പ്രകൃതിദത്ത തന്മാത്രയുമായി ചേരുമ്പോൾ ആന്റിബോഡികൾ രോഗപ്രതിരോധം നടത്തുന്നത് തടയാൻ കഴിയുന്നുണ്ട്. ലണ്ടൻ ഇംപീരിയൽ കോളേജും കിംഗ്‌സ് കോളേജും നടത്തിയ പഠനത്തിൽ രോഗത്തെ ആന്റിബോഡികൾ തടയുന്നതിനെ കുറയ്‌ക്കാൻ കഴിയുന്നതായി കണ്ടെത്തി. ഏപ്രിൽ 22ന് 'സയൻസ് അഡ്‌വാൻസസ്' എന്ന പ്രസിദ്ധീകരണത്തിലൂടെയാണ് ശ്രദ്ധേയമായ ഈ കണ്ടെത്തൽ പുറത്തുവന്നിരിക്കുന്നത്.

നമ്മുടെ ശരീരത്തിൽ തന്നെ കാണുന്ന ബിലിവെർഡിൻ, ബിലിറൂബിൻ എന്നീ പ്രകൃതിദത്ത തന്മാത്രകൾക്ക് ആന്റിബോഡികൾ കൊവിഡ് വൈറസിനെ തടയുന്നത് പ്രതിരോധിക്കാൻ കഴിവുണ്ട്. ഇവ കൊവിഡ് രോഗാണുവിനൊപ്പം പച്ച നിറത്തിലാണ് കാണപ്പെടുന്നതെന്നും സയൻസ് അഡ്‌വാൻസസിലെ ലേഖനത്തിൽ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

മുൻപ് കൊവിഡ് രോഗം ബാധിച്ചവരുടെ രക്തവും ആന്റിബോഡികളും പരിശോധിച്ചാണ് ഗവേഷകർ നിർണായകമായ കണ്ടെത്തൽ നടത്തിയത്. ബിലിവെർഡിന് ആന്റിബോഡികൾ വൈറസിനെതിരെ പ്രവർത്തിക്കുന്നത് 30 മുതൽ 50 ശതമാനം വരെ തടയാൻ കഴിയും. ഇതോടെ ചില ആന്റിബോഡികൾ വൈറസിനെതിരെ തീരെ പ്രതിരോധിക്കാതെ വരും. കൊവിഡ് രോഗപ്രതിരോധം ഓരോ വ്യക്തിയിലും വ്യത്യസ്‌തമായിരിക്കുമെന്നാണ് ഈ കണ്ടെത്തൽ സൂചിപ്പിക്കുന്നത്. ഈ പുതിയ കണ്ടെത്തലോടെ മനുഷ്യ ശരീരത്തിലെത്തുന്ന വൈറസിനെ പ്രതിരോധിക്കാൻ പുതിയ വഴികൾ ആലോചിക്കാൻ ഗവേഷകർക്ക് കഴിയുമെന്നാണ് പ്രതീക്ഷ.