ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് അടുക്കാറായിരിക്കുന്നു കുഞ്ചാക്കോ ബോബന്റെ അഭിനയയാത്ര
ഇമേജിനെ ഇടിച്ചുനിരത്തുകയാണ് ചാക്കോച്ചൻ.ആദ്യം ചോക് ളേറ്റ്. പിന്നെ ഡാർക്. "ഒറ്റ് "എന്ന പുതിയ ചിത്രത്തിൽ ഇതുവരെ കാണാത്ത രൂപ ഭാവം. ടോപ് നോട്ട് സ്റ്റെൽ മുടി തിളങ്ങുന്നു. വരാൻ പോവുന്ന സിനിമയിലെല്ലാം കാത്തിരിപ്പുണ്ട് വേറിട്ട വേഷപ്പകർച്ച.അനിയത്തി പ്രാവിലെ സുധിയിൽനിന്ന് നിഴലിലെ ജുഡിഷ്യൽ മജിസ്ട്രറ്റ് ജോൺ ബേബിയിലേക്കും നായാട്ടിലെ പ്രവീൺ മൈക്കിളിലേക്കും പകർന്നാട്ടം നടത്തുമ്പോൾ കുഞ്ചാക്കോ ബോബനിലെ നടൻ പത്തരമാറ്റ് തിളങ്ങുന്നു.
ചോക്ളേറ്റ് നായകനിൽനിന്ന് ഡാർക് ഹീറോ ഇമേജിൽ എത്തി. എന്നാൽ നായാട്ടിലും നിഴലിലും പുതിയ വഴിയിലൂടെ നടത്തിയ യാത്രയെ എങ്ങനെ വിലയിരുത്തുന്നു?
നല്ലൊരു സമയമെടുത്ത് അറിഞ്ഞും അറിയാതെയുമുള്ള മാറ്റമായാണ് തോന്നിയിട്ടുള്ളത്. മലയാള സിനിമയിൽ എത്തിയിട്ട് ഇരുപത്തിനാല് വർഷമായി. ഇതിന്റെ ഭൂരിഭാഗം സമയവും ഒരു ചോക്ളേറ്റ് നായകൻ എന്ന ഇമേജിലാണ് അറിയപ്പെട്ടത്. ട്രാഫിക്ക് വന്നശേഷമാണ് ഇതിനൊരു മാറ്റം തുടങ്ങുന്നത്. അഞ്ചാം പാതിര വന്നതോടെ അത് നല്ലൊരു മാറ്റമായി മാറി. അഞ്ചാം പാതിരയും വൈറസും നായാട്ടും പോലത്തെ സിനിമകൾ വന്നപ്പോഴാണ് വേറൊരു ഇമേജിലേക്ക് ഞാൻ എന്ന അഭിനേതാവിനെ ഉൾക്കൊള്ളാൻ ആളുകൾ കുറച്ചുകൂടി തയ്യാറായത്. അതിൽ ഞാൻ മനപ്പൂർവ്വം വരുത്തിയ മാറ്റങ്ങളും അറിയാതെ സംഭവിച്ച സ്വാഭാവികമായ പരിണാമവുമുണ്ടെന്ന് വിശ്വസിക്കുന്നു. മാറ്റത്തിനു വേണ്ടി ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഒരു തുടക്കവും യാത്രയുമായിരിക്കും ഇതേപോലത്തെ സിനിമകൾ സംഭവിക്കുകയും കഥാപാത്രങ്ങളെ ലഭിക്കുകയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്യുന്നതിന്റെ കാരണം. മാറ്റങ്ങൾക്കു വേണ്ടി വിധേയമാകുന്നു. ഒപ്പം മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാവുന്നു. ശാരീരികമായും മാനസികമായും കഥാപാത്രങ്ങൾക്കു വേണ്ടിയും ആ സിനിമകൾക്ക് വേണ്ടിയും മാറ്റങ്ങൾ ഉൾക്കൊണ്ട് തയ്യാറെടുക്കുന്നു. അതിന്റെ ഒരു പ്രതിഫലമാണ് ഇപ്പോൾ ലഭിക്കുന്നത്.
മണ്ണിൽ തൊട്ടുനിൽക്കുന്ന നായാട്ടിലെ പ്രവീൺ മൈക്കിളിന്റെ ശരീര ഭാഷയിൽ മാത്രമല്ല നോട്ടത്തിൽ പോലും പൊലീസ് കണ്ണ് അനുഭവപ്പെട്ടു.എന്തൊക്കെയായിരുന്നു തയാറെടുപ്പ്?
മാർട്ടിൻ പ്രക്കാട്ടിന്റെ കൂടെ ഒരു സിനിമ ചെയ്യണമെന്ന് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു. അത് പലപ്പോഴും മാർട്ടിനോട് പറഞ്ഞിട്ടുണ്ട്. അധികം പൊലീസ് കഥാപാത്രം ചെയ്തിട്ടില്ല. നായാട്ടിനു മുൻപ് അള്ള് രാമേന്ദ്രനിൽ പൊലീസ് വേഷം ചെയ്തപ്പോൾ ആളുകള് സ്വീകരിച്ചു. അധികം വൈകാതെ വീണ്ടും പൊലീസ് കോൺസ്റ്റബിൾ കഥാപാത്രം വരുമ്പോൾ എന്ത് മാറ്റം വരുത്തണമെന്നതിനെപ്പറ്റി എന്നേക്കാൾ വ്യക്തത മാർട്ടിനുണ്ടായിരുന്നു. കുറച്ചുകൂടി ശാരീരിക ഘടന നന്നാക്കണം. നോട്ടത്തിലും വാക്കിലും ചലനത്തിലും എന്തെങ്കിലും മാറ്റം കൊണ്ടുവരണമെന്ന് ആദ്യം തന്നെ തീരുമാനിച്ചിരുന്നു. അതിനുവേണ്ടി ശ്രമിക്കുകയും ചെയ്തു. തിരക്കഥാകൃത്ത് ഷാഹി പൊലീസുകാരനും ആലപ്പുഴക്കാരനുമാണ്. തന്റെ അനുഭവങ്ങൾ അതേ രീതിയിൽ സിനിമയിൽ ഉൾപ്പെടുത്താൻ ഷാഹി ശ്രമിക്കാറുണ്ട്. അത് ജീവിതത്തിനോട് തൊട്ടുചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളുമാണ്. അത്തരം കഥാപാത്രം ചെയ്യുമ്പോൾ സ്വാഭാവിക തലം കാണാൻ കഴിയും. പ്രേക്ഷകർക്ക് അത് അനുഭവിക്കാനും കഴിയുന്നു. ഷൂട്ടിംഗ് ആരംഭിക്കുന്നതിനു മുൻപ് മാർട്ടിനും ഞാനും ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ പോയി അവിടത്തെ ദൈനംദിന പ്രവർത്തനരീതി നേരിട്ടുകണ്ട് പഠിച്ചു. പ്രവീൺ മൈക്കിൾ എന്ന കഥാപാത്രം പ്രൊഫഷണൽ വടംവലി ടീമിന്റെ ആളാണ്. അതിനുവേണ്ട ശാരീരികക്ഷമത വേണമായിരുന്നു. വർക്കൗട്ടിലൂടെ അത് നേടി. നോട്ടത്തിൽ പുരികത്തിന്റെ ചെറുചലനം എങ്ങനെ വേണമെന്നുപോലും മാർട്ടിന് വ്യക്തതയുണ്ടായിരുന്നു. പുരികം എത്രമാത്രം ചലിപ്പിക്കണമെന്നും എപ്പോൾ വേണ്ടെന്നും ഓർമ്മപ്പെടുത്തി. ഇതൊക്കെ ഒരു പരിധിവരെ ആ കഥാപാത്രത്തിനോട് ചേർന്നുപോകാൻ സഹായിച്ചിട്ടുണ്ട്. സംഭാഷണം പൊതുവേ കുറവായതിനാൽ ഭാവങ്ങളിൽകൂടി പ്രകടിപ്പിക്കാനാണ് അവസരം ലഭിച്ചത്. പ്രവീൺ മൈക്കിൾ കടന്നുപോവുന്ന സാഹചര്യങ്ങളിലും അവസ്ഥകളിലും പ്രേക്ഷകർക്ക് ഒരു സ്വാഭാവികത അനുഭവപ്പെട്ടു. കഥ പറഞ്ഞു പോവുന്ന ടോണിൽ തന്നെയായിരുന്നു ചിത്രീകരണം.
കഥയുടെ സഞ്ചാരം പോലെ കഥാപാത്രത്തിന്റെ യാത്രയും, പ്രേക്ഷകരിലേക്ക് എത്തി. അഭിനയിച്ചപ്പോൾ നല്ല അനുഭവമായി തോന്നുകയും ചെയ്തു. സ്പോട്ട് സൗണ്ടായതിനാൽ ചെയ്യുന്നതും പറഞ്ഞുപോവുന്നതുമെല്ലാം വളരെ സ്വഭാവികതയിൽ അവതരിപ്പിക്കാൻ സാധിച്ചു. എന്നാൽ, മുൻപ് ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് മാറി വ്യത്യസ്തമായി രീതിയിൽ കൊണ്ടുവരാൻ ഒരു ടീം ഉണ്ടായതാണ് ഏറ്റവും വലിയ പ്രത്യേകത . ഷൈജുവിന്റെ കാമറയും മഹേഷിന്റെ എഡിറ്രിംഗും വിഷ്ണു വിജയിന്റെ ആർആർആറും അജയൻ അടാറിന്റെ സൗണ്ടും ഏറെ പരിചയ സമ്പന്നരായ ജോജുവും നിമിഷയും അനിൽ നെടുമങ്ങാടും, പുതിയ മുഖങ്ങളായി എത്തിയവരുമെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആന്റി ഹീറോ കഥാപാത്രമായി എത്തിയ ആള് ആദ്യമാണ് സിനിമയിൽ അഭിനയിക്കുന്നത്. ആ കഥാപാത്രത്തിനോട് പ്രേക്ഷകർക്ക് നന്നായി ദേഷ്യം തോന്നുമെങ്കിലും പുതിയ ആളുകള് പോലും മികച്ച പ്രകടനം നടത്തിയത് നായാട്ട് എന്ന സിനിമയുടെ മൊത്തത്തിലുള്ള ഗുണത്തെയാണ് കാണിക്കുന്നത്.
കുഞ്ചാക്കോ ബോബൻ ഫാൻസിനുവേണ്ടിയായിരുന്നോ 'മോഹൻകുമാർ ഫാൻസ്'?
കുഞ്ചാക്കോ ബോബന്റെ ഫാൻസ് എന്നതിലുപരി നല്ല സിനിമ ഇഷ്ടപ്പെടുന്ന ഫാൻസിനു വേണ്ടിയുള്ള ചിത്രമാണ് ജിസ്ജോയ് സഞ്ജയ് -ബോബി കൂട്ടുകെട്ടിൽ എത്തിയ മോഹൻകുമാർ ഫാൻസ്. സിദ്ദിഖേട്ടനാണ് ടൈറ്റിൽ കഥാപാത്രം ചെയ്തത്. കുറെനാളായി ത്രില്ലർ സിനിമകൾ മാത്രം കണ്ടുവരുമ്പോഴാണ് ഫീൽ ഗുഡ് ചിത്രമായ മോഹൻകുമാർ ഫാൻസ് എത്തുന്നത്. നല്ല പാട്ടും ഡാൻസും ഇമോഷൻസും ഹ്യുമറും എല്ലാം കൃത്യമായി വന്നു .വിനയ് ഫോർട്ടിന്റെയും സിദ്ദിഖേട്ടന്റെയും മികച്ച പ്രകടനവും എല്ലാം ഉണ്ടായിരുന്നു. പുതിയ നായിക അനാർക്കലി നാസർ തുടക്കം ഗംഭീരമാക്കുകയും ചെയ്തു.ഏറെ നാളുകൾക്കുശേഷമാണ് വലിയ താരനിരയുള്ള ഒരു സിനിമ തിയേറ്ററിൽ എത്തുന്നത്. മുകേഷേട്ടൻ, ശ്രീനിയേട്ടൻ, ജോയ്മാത്യു ചേട്ടൻ, ടി.ജി. രവിചേട്ടൻ, അലൻസിയർ ചേട്ടൻ,മേജർ രവി, സൈജു കുറുപ്പ്, പ്രശാന്ത്, രമേഷ് പിഷാരടി, കൃഷ്ണശങ്കർ തുടങ്ങിയ താരങ്ങൾ. അതു നല്ല സിനിമയായി മാറിയപ്പോൾ മനസിനും കണ്ണിനും സുഖം തരുകയും ചെയ്തു.
കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ തികഞ്ഞ വ്യത്യസ്തപുലർത്തുന്നു. പൊലീസ് , മജിസ്ട്രേറ്റ് അങ്ങനെ നവമുഖങ്ങൾ?
കഥാപാത്രങ്ങളെക്കാളുപരി വ്യത്യസ്തമായ സിനിമകൾ ചെയ്യാനാണ് കൂടുതലായി ആഗ്രഹിക്കുന്നത്. എന്നാൽ കഥാപാത്രം വ്യത്യസ്തമാകുന്നത് ഭാഗ്യം തന്നെയാണ്. അത്തരം കഥാപാത്രം നൽകാൻ സംവിധായകരും തിരക്കഥാകൃത്തുക്കളും വരുന്നതും വലിയ ഭാഗ്യമായി കരുതുന്നു. 'വൈറസ്" മെഡിക്കൽ ത്രില്ലറാണ്. ഹ്യുമറിന് പ്രാധാന്യം ഉണ്ടെങ്കിലും അള്ളു രാമേന്ദ്രനിലെ കഥാപാത്രം കുറച്ചു സംഘർഷഭരിതമായ സാഹചര്യങ്ങളിലൂടെയാണ് യാത്ര ചെയ്തത്. അഞ്ചാം പാതിരയിൽ ക്രിമിനോളജിസ്റ്റ്. കേട്ട് പരിചിതമല്ലാത്ത മേഖല. സിനിമ ഒരു ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേഷനും. മോഹൻകുമാർ ഫാൻസ് സാധാരണക്കാരുടെ കഥയും ജീവിതപരിസരവുമായിരുന്നു. നായാട്ട് ഒരു സർവൈവൽ ത്രില്ലറാണ്. അതിലെ കഥാപാത്രം ഇതേവരെ ചെയ്ത പൊലീസ് വേഷത്തിൽ നിന്നു വ്യത്യസ്തമായ അനുഭവം പ്രേക്ഷകർക്ക് നൽകി. നിഴലിൽ ഇതേ വരെ കാണാത്ത രൂപവും ഭാവവും. ഇൻവെസ്റ്റിഗേറ്റീവ് സിനിമയാണ് നിഴൽ. പ്രണയം, പാട്ട്, ഡാൻസ് എന്നതിലുപരി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന വേറൊരു തരം സിനിമകളുടെ ഭാഗമാവാൻ സാധിക്കുന്നു. അത്തരം സിനിമയും കഥാപാത്രവും വേണമെന്ന് ആഗ്രഹിക്കുന്നതിന്റെ ആകെത്തുകയായാണ് കാണുന്നത്. ആ സിനിമകൾ വിജയിക്കുകയും കഥാപാത്രം സ്വീകരിക്കപ്പെടുകയും ചെയ്യുമ്പോൾ കൂടുതൽ സന്തോഷവും ഉത്തരവാദിത്വം നൽകുന്നു.
അഭിനയജീവിതം കാൽനൂറ്റാണ്ട് അടുക്കുന്നു. പ്രതീക്ഷിച്ചിരുന്നോ നീണ്ട യാത്രയാകുമെന്ന്?
ചെറിയ ഒരു കാലത്തേക്കുള്ള വരവായിരിക്കുമെന്ന് കരുതിയാണ് തുടങ്ങിയത്. എന്നാൽ നീണ്ട ഇരുപത്തിനാല് വർഷം പിന്നിടുന്നു. 1981ൽ 'ധന്യ" സിനിമയിൽ ബാലതാരമായി അഭിനയിച്ചതുമുതൽ നോക്കിയാൽ നാല്പതുവർഷം എത്തി . എന്റെ കുടുംബപാരമ്പര്യത്തിന്റെ തുടർച്ചയുടെ ഭാഗമായാണ് ആരംഭത്തിൽ പ്രേക്ഷകർ സ്നേഹവും അംഗീകാരവും തന്നത്.ആ സ്നേഹത്തിന്റെയും പ്രതിഫലത്തിന്റെയും തിരിച്ചുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത് ഭംഗിയായി നിറവേറ്റാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇൗ മാറ്റങ്ങൾ മുഴുവൻ. അതാണ് തുടർന്നുള്ള സിനിമകളിലൂടെ നടന്നതും ഇതുവരെ എത്തി നിൽക്കുന്നതും. അതിന് പ്രേക്ഷകരോട് സ്നേഹവും നന്ദിയുമുണ്ട്. നല്ല സിനിമ തന്ന സിനിമ കുടുംബത്തിനും ദൈവത്തിനും നന്ദി.
മദ്ധ്യവയസിലും ചെറുപ്പം തോന്നുന്നു. പ്രായമാകുന്നില്ലേ?
പ്രായം കൂടുന്നു എന്ന് പറയുന്നതിനേക്കാൾ ചെറുപ്പമാകുന്നു,ചെറുപ്പം കൂടുന്നു എന്ന് പറയിപ്പിക്കാനുള്ള കാര്യങ്ങളാണ് ചെയ്യുന്നതും ഇഷ്ടപ്പെടുന്നതും. ഒരുപാട് സ്ട്രെസ് ഏറ്റെടുക്കാറില്ല. എന്നാൽ ഉണ്ടാവാറുണ്ട്. സ്വയം പഠിക്കാനും വിലയിരുത്താനുമുള്ള സമയമായിട്ടാണ് ഇതിനെ കരുതുന്നത്. ജീവിതത്തിലെ സൗഭാഗ്യങ്ങളായാണ് ഞാൻ കൂടുതലും കണക്കാക്കുന്നത്. ബുദ്ധിമുട്ട് ഉണ്ടാവുമ്പോഴും അതിനേക്കാളുപരി ദൈവം തന്ന അനുഗ്രഹങ്ങളെ മുൻകൂട്ടി കാണുന്നു. എനിക്കും ചുറ്റും ഉള്ളവർക്കും നല്ല കാര്യങ്ങൾ ചെയ്യാനും നൽകാനും ശ്രമം നടത്തുന്നു. ചെറിയ കാര്യത്തിൽ പോലും സന്തോഷം കണ്ടെത്താൻ ശ്രമിക്കാറുണ്ട്. മൂല്യങ്ങൾക്ക് വില കല്പിക്കുന്നു. മനസിന്റെ സന്തോഷത്തിനും സമാധാനത്തിനുമാണ് പണത്തേക്കാളും അംഗീകാരത്തേക്കാളും പ്രാധാന്യം നൽകുന്നത്. അതുകൊണ്ടുത്തന്നെ സമാധാനവും സന്തോഷവും കൂടുതൽ എന്റെ മുഖത്ത് കാണുമായിരിക്കും. അതൊക്കെ തന്നെയായിരിക്കും ഉൗർജ്ജസ്വലതയിൽ നിൽക്കാൻ സഹായിക്കുന്നത്. പുതിയ ചെറുപ്പക്കാരുമായും പഴയ ആളുകളുമായും അവരുടെ അനുഭവങ്ങൾ അറിയാനും പഠിക്കാനും ശ്രമം നടത്താറുണ്ട്. പുതിയ ആളുകളുടെ ജീവിതവും കാഴ്ചപ്പാടും പഠിക്കാനും എന്റെ ജീവിതത്തിൽ പകർത്താനും ശ്രമിക്കുന്നു. തീർച്ചയായും പുതിയ ആളുകൾ പ്രചോദനം പകരാറുണ്ട്. അതൊക്കെയായിരിക്കാം കാരണം.
ചിത്രീകരണം പുരോഗമിക്കുന്ന ഒറ്റിൽ ന്യുജെൻ സ്റ്റെൽ.ആദ്യ ദ്വിഭാഷ ചിത്രം. തമിഴ് വഴങ്ങുമോ.ഒപ്പം അഭിനയിക്കുന്നത് ചാക്കോച്ചനെ പോലെ ചോക് ളേറ്റ് നായകനായി അരങ്ങേറ്റം കുറിച്ച അരവിന്ദ് സ്വാമിയും?
അരവിന്ദ് സ്വാമി ഇരുപത്തിഅഞ്ചു വർഷത്തിനുശേഷം മലയാളത്തിലേക്ക് തിരിച്ചുവരുന്നു. സിനിമയിൽ എത്തി 24 വർഷം കഴിഞ്ഞു ഞാൻ ആദ്യമായി തമിഴിൽ അഭിനയിക്കുന്നു എന്നതൊക്കെയാണ് ഒറ്ര് എന്ന സിനിമയുടെ പ്രത്യേകത. തീവണ്ടിക്കുശേഷം ഫെലിനി സംവിധാനം ചെയ്യുന്ന സിനിമ. ആഗസ്റ്റ് സിനിമയുടെ ചിത്രത്തിൽ ഞാൻ അഭിനയിക്കുന്നത് ആദ്യം. തമിഴ് നടൻ ആര്യയും നിർമ്മാണ പങ്കാളിയാണ്. ഒറ്റ് വലിയ സിനിമയാണ്. തമിഴിൽ 'രണ്ടഗം" എന്ന പേരിലാണ് എത്തുക. തമിഴ് അത്യാവശ്യം വഴങ്ങുന്ന ഭാഷയാണ്. വായിക്കാനും അത്യാവശ്യം എഴുതാനും പറയാനും അറിയാം.
തമിഴിൽ നിന്നുള്ള അസോസിയേറ്റ് ഡയറക്ടർ സംഭാഷണത്തിൽ വേണ്ട നിർദ്ദേശം നൽകുന്നു. ഡബ്ബിംഗ് നല്ല രീതിയിൽ ചെയ്യാൻ ഇതിലൂടെ കഴിയുന്നുണ്ട്. മുംബയ്, ഗോവ, മംഗലാപുരം എന്നിവിടങ്ങളാണ് ലൊക്കേഷൻ. ഗോവ ഷെഡ്യൂൾ കഴിഞ്ഞു. എന്റെ ഇതേവരെ കാണാത്ത രൂപം. ഇതുവരെ ചെയ്തുകണ്ടിട്ടില്ലാത്ത കാര്യങ്ങളും ഒറ്റിൽ പ്രതീക്ഷിക്കാം. എന്നാൽ ഇതേവരെ ചെയ്തു കണ്ടിട്ടില്ലാത്തത് എന്തായിരിക്കുമെന്ന് സിനിമ വരുമ്പോൾ മാത്രമേ അറിയാൻ കഴിയൂ. ആളുകൾ പ്രതീക്ഷിക്കുന്നതിലും അല്പം കൂടി കൊടുക്കാനുള്ള ശ്രമം ഞങ്ങൾ എല്ലാവരുടെയും ഭാഗത്തു നിന്നുണ്ട്. ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ. അതിനുവേണ്ട കഠിനാദ്ധ്വാനം ചെയ്യുന്നു. അരവിന്ദ് സ്വാമിയെ പ്രണയ നായകനായാണ് കണ്ടുതുടങ്ങിയത്. ഇടവേളയ്ക്കുശേഷം 'തനി ഒരുവൻ" എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നപ്പോൾ ഒരു റിവൈൻഡ് അരവിന്ദ് സ്വാമിയെ കാണാൻ സാധിച്ചു. നെഗറ്റീവ് ഷേഡ് കഥാപാത്രം. ഞാനും ചോക്ളേറ്റ് ഇമേജിൽ നിന്നു മാറി രണ്ടാം വരവിൽ ചെറിയ മാറ്റങ്ങളുള്ള വേഷങ്ങൾ ചെയ്യുകയും ത്രില്ലിംഗ് ചിത്രങ്ങൾക്കുശേഷം എത്തുന്ന കഥാപാത്രത്തെയാണ് 'ഒറ്റിൽ "കാണാൻ സാധിക്കുക.
അഞ്ചാം പാതിരയിലെ അൻവർ
ഹുസൈൻ അടുത്ത ഉദ്യമവുമായി എപ്പോഴാണ് വരിക?
നിർമ്മാതാവ് ആഷിക് ഉസ്മാൻ എന്നോട് പറഞ്ഞത് 'എന്റെ ചാക്കോച്ചാ, അഞ്ചാം പാതിരയ്ക്കുശേഷം ഞാൻ സിനിമകൾ നിർമ്മിച്ചെങ്കിലും പുറത്തിറങ്ങുമ്പോൾ ആളുകൾ ചോദിക്കുന്നത് ആറാം പാതിര എപ്പോഴാണ് വരിക എന്നാണ്. അതുതന്നെയാണ് ആറാം പാതിരയുടെ ഏറ്റവും വലിയ വെല്ലുവിളി. അഞ്ചാംപാതിര നൽകിയ പ്രതീക്ഷ ആറാം പാതിരയിലേക്ക് വരുമ്പോൾ നഷ്ടപ്പെടാതിരിക്കാനും പ്രതീക്ഷിച്ചതിലും അല്പം കൂടി നൽകാൻ സാധിക്കുകയും വേണം. കുറച്ചുകൂടി സമയമെടുത്താണ് ആറാം പാതിര സംഭവിക്കുക. ഇൗ വർഷം അവസാനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യം മാറുകയും വേണം. ഒരിക്കലും നിരാശപ്പെടുത്തില്ല അൻവറും ഹുസൈനും ആറാം പാതിരയും മിഥുൻ മാനുവേൽ ടീമും എന്നതാണ് പ്രതീക്ഷ. അതിന്റെ ശ്രമം ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവും.
ഉദയ പിക് ചേഴ് സിന്റെ അടുത്ത സിനിമ അറിയിപ്പിന്റെ പുതിയ അറിയിപ്പ് എന്താണ്?
മഹേഷ് നാരായണൻ തിരക്കഥയും സംഭാഷണവും സംവിധാനവും എഡിറ്റിംഗും നിർവഹിക്കുന്ന സിനിമയാണ് അറിയിപ്പ്. മഹേഷും ഷെബിനും ഞാനും കൂടി ചേർന്നാണ് നിർമ്മാണം. ഉദയായുടെ തിരിച്ചുവരവിൽ ചെയ്ത കൊച്ചൗവ്വ പൈലോ അയ്യപ്പ കൊയ് ലോയിൽ നിന്ന് വ്യത്യസ്തമായ സിനിമയായിരിക്കും 'അറിയിപ്പ്". കൊച്ചൗവ പൗലോ കുട്ടികളുടെ സിനിമയുടെ ഗണത്തിൽപ്പെടുന്നതായിരുന്നു. അറിയിപ്പിൽ ഞാനാണ് നായകൻ. അധികം കാണാത്ത പ്രമേയവും പശ്ചാത്തലവുമായിരിക്കും. അതുമാത്രമേ ഇപ്പോൾ അറിയിക്കാൻ സാധിക്കൂ. ടേക്ക് ഓഫ്, മാലിക് തുടങ്ങിയ സിനിമയുടെ ഛായാഗ്രാഹകൻ സാനു ചേട്ടൻ, കലാ സംവിധായകൻ ജ്യോതിഷ് ശങ്കർ, ഉൾപ്പെടെ നല്ല ഒരു ടീമുണ്ട്. താരങ്ങളെ തീരുമാനിച്ചുവരുന്നു. നല്ല ഒരു സിനിമയ്ക്കുവേണ്ടിയുള്ള ശ്രമമാണ്. അറിയിപ്പിനെപ്പറ്റിയുള്ള കൂടുതൽ അറിയിപ്പുകൾ വൈകാതെ ഉണ്ടാവും.
An Actor , Unparallel
''കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, മോഹൻലാൽ .അങ്ങ് കൊണ്ടുവന്നിരിക്കുന്ന, ഇവരിൽ ഏത് നടനിലാണ് ഏറ്റവും അഭിമാനം കൊള്ളുന്നത്? ഇവരെല്ലാം താരങ്ങൾക്കുപരി നല്ല നടന്മാരാണ് എന്നുള്ളതിലാണ് എനിക്ക് അഭിമാനമുള്ളത്. വൈറസിലും അഞ്ചാംപാതിരയിലുമാണ് ചാക്കോച്ചൻ മികവ് തെളിയിച്ചത്.""-ഫ്ളാഷ് മൂവീസിനു നൽകിയ അഭിമുഖത്തിൽ സംവിധായകൻ ഫാസിൽ നൽകിയ ഈ മറുപടി ഒരർത്ഥത്തിൽ കുഞ്ചാക്കോ ബോബന് ലഭിച്ച ഏറ്റവും വലിയ അഭിനന്ദനമായിരുന്നു.
ഫാസിൽ അനിയത്തിപ്രാവിൽ അവതരിപ്പിച്ച ചോക്ളേറ്റ് നായകനിൽ നിന്ന് കുഞ്ചാക്കോ ബോബൻ ബഹുദൂരം സഞ്ചരിച്ചിരിക്കുന്നു.മലയാള സിനിമയിൽ സമീപകാലത്ത് ഇത്രയും ട്രാൻസ്ഫർമേഷൻ നടത്തിയ വേറൊരു നടനെ കാണാനാവില്ല. വലിയ ചെയ്ഞ്ചാണ് തന്നിലെ നടനിൽ ചാക്കോച്ചൻ കൊണ്ടുവന്നത്.അതിനായി വലിയ പരിശ്രമം തന്നെ നടത്തി.വൈറസായാലും അഞ്ചാം പാതിരയായാലും ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത നായാട്ടായാലും നടനെന്ന നിലയിൽ കുഞ്ചാക്കോ ബോബന്റെ കുതിച്ചുചാട്ടമാണ് അതിലെല്ലാം കാണാൻ കഴിയുക. അഞ്ചാമത്തെ വയസിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച ചാക്കോച്ചൻ മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണിന്ന്. മറ്റാർക്കും അനുകരിക്കാവുന്ന സ്വഭാവ സവിശേഷതകൾ ഉള്ള വ്യക്തിത്വമാണ് ചാക്കോച്ചന്റേത്. ഇനി വരാനിരിക്കുന്ന ഓരോ ചാക്കോച്ചൻ ചിത്രങ്ങങ്ങളും പ്രതീക്ഷയുണർത്തുന്നു.ഒരു നടന്റെ മാറ്റം കൂടുതൽ പ്രകടമാകുന്ന ചിത്രങ്ങളായിരിക്കും അവ.
നല്ല സിനിമയിൽ എന്റെ സ്ഥാനം
നല്ല സിനിമ എവിടെയുണ്ടോ അവിടെയൊക്കെ എന്റെ സ്ഥാനം ഉണ്ടാവണമെന്നാണ് ആഗ്രഹം. എല്ലാ അർത്ഥത്തിലും അതിനുവേണ്ടി സ്വയം പാകപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ടാണ് പ്രതിഭാധനരായ സംവിധായകർക്കൊപ്പവും നവാഗതരായവർക്കൊപ്പവും മികച്ച സാങ്കേതിക പ്രവർത്തകർക്കൊപ്പവും സഹകരിക്കാൻ കഴിയുന്നത്. ഒരുപാട് നാളത്തെ ആഗ്രഹവും പരിശ്രമവും ഭാഗ്യവും കഴിവും പ്രാർത്ഥനയുമെല്ലാം ഇതിന് പിന്നിലുണ്ട്. മലയാള സിനിമയുടെ വഴിത്തിരിവ് എന്ന് വിശേഷിപ്പിക്കുന്ന ചിത്രങ്ങളെടുത്താൽ അതിൽ എല്ലാം എന്റെ സ്ഥാനവും പേരും ഉണ്ടാവണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ട ശ്രമങ്ങൾ തുടരുകയും ചെയ്യുന്നു.
മകൻ ജനിച്ച ശേഷം
ചാക്കോച്ചന്
ബെസ്റ്റ് ടൈം എന്ന്
പ്രേക്ഷകർ ?
മകൻ ജനിച്ചതുകൊണ്ടാണ് എനിക്ക് ബെസ്റ്റ് ടൈം ഉണ്ടായതെന്നോ, എന്റെ ബെസ്റ്റ് ടൈമിലാണ് മകൻ ജനിച്ചതെന്നോ അറിയാൻ ഡിബേറ്റ് ചെയ്യേണ്ടതാണ്. ആളുകൾ അങ്ങനെ പറയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ആ സമയത്തിനുവേണ്ടി മറ്റുള്ളവരേക്കാൾ കുറച്ച് അധികം നാൾ കാത്തിരുന്നവരാണ് ഞാനും പ്രിയയും ഞങ്ങളുടെ കുടുംബവും ഞങ്ങളെ ഇഷ്ടപ്പെടുന്നവരും.ഇസഹാക്ക് അപ്പനും അമ്മയ്ക്കും കുടുംബക്കാർക്കും നല്ല സമയമായിട്ടാണ് വന്നതെന്ന് കേൾക്കുന്നത് കുറച്ച് അധികം കാലം നീണ്ടുനിൽക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.