പത്മഭൂഷൺ വിവരം അറിഞ്ഞപ്പോൾ അച്ഛനേയും
അമ്മയേയുമാണ് ആദ്യം ഓർത്തത്
മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡുകൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ നേടിയ ഗായിക ലതാ മങ്കേഷ് കറോ ആശാ ഭോസ്ലെയോ ഒന്നുമല്ല. നമ്മുടെ പ്രിയങ്കരിയായ കെ.എസ്.ചിത്രയാണ്.വിവിധ ഭാഷകളിലായി ആറുതവണയാണ് ചിത്രയെത്തേടി ദേശീയ പുരസ്കാരം എത്തിയത്. കാൽ ലക്ഷത്തോളം പാട്ടുകൾ പാടിയ ചിത്രയ്ക്ക് അതിന്റെ തെല്ല് അഹങ്കാരമോ ഈഗോയോ ഒന്നുമില്ല.എന്നു മാത്രമല്ല യാതാരു നാട്യങ്ങളുമില്ലാത്ത ലാളിത്യവും വിനയവുമാണ് ഈ മഹാഗായികയുടെ മുഖമുദ്ര.
രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച കേരളത്തിന്റെ അഭിമാന ഗായിക കെ .എസ് ചിത്ര ഉള്ളുതുറന്ന് സംസാരിച്ചപ്പോൾ.
പത്മഭൂഷൺ കിട്ടിയെന്ന വിവരമറിഞ്ഞത് എങ്ങനെയാണ് ?
ഡൽഹിയിൽ നിന്ന് ഫോൺ കാൾ വന്നു. ഭർത്താവിന്റെ നമ്പറിലേക്കായിരുന്നു വിളി വന്നത്. ക്രെഡിറ്റ് കാർഡിന്റെ വല്ലോം അറിയിപ്പായിരിക്കുമെന്നു കരുതി ഞങ്ങൾ കാൾ എടുത്തില്ലായിരുന്നു . പിന്നീട് നമ്പർ എടുത്തു നോക്കുമ്പോൾ മിനിസ്ട്രിയിൽ നിന്നാണെന്നു മനസിലായി. അപ്പോഴേക്കും അവർ എന്റെ മാനേജർ കൂടിയായ ബിനുവിനെ വിളിച്ച് എന്നോട് കോൺടാക്ട് ചെയ്യാൻ പറയുകയായിരുന്നു.
രാജ്യത്തിന്റെ ഏറ്റവുംവലിയ ബഹുമതികളിൽ ഒന്നാണല്ലോ?
അതേ... ഒട്ടുംപ്രതീക്ഷിക്കാത്ത സമയത്ത് കിട്ടിയത് കൊണ്ട് ശരിക്കും ഷോക്കായിരുന്നു.
ആ പ്രഖ്യാപനം അറിഞ്ഞപ്പോൾ മനസിലെന്തു തോന്നി?
എന്ത് നേട്ടം കൈവരിക്കുമ്പോഴും അച്ഛനേയും അമ്മയേയുമാണ് ആദ്യം ഓർക്കുക.കാരണം എന്നേക്കാൾ കൂടുതൽ ഞാൻ എന്തെങ്കിലും ആവണമെന്ന് ആഗ്രഹിച്ചവർ അവരായിരുന്നു. അച്ഛനും അമ്മയും പാടുമായിരുന്നു. അമ്മ ഞങ്ങൾക്ക് വേണ്ടി പാട്ടുകൾ ചിട്ടപ്പെടുത്തി പാടിപ്പിച്ചിരുന്നു. അതുപോലെ ഞങ്ങൾ പാടുമ്പോൾ അമ്മ വീണ വായിക്കുമായിരുന്നു. അമ്മ പാടുന്നതായി പുറമേ ആർക്കും അങ്ങനെ അറിയില്ലായിരുന്നു.കന്യാകുമാരിയിലെ മായിയമ്മയുടെ ഭക്തയായിരുന്നു അമ്മമ്മ. എന്റെ നക്ഷത്രം ചിത്തിരയും അമ്മമ്മ ചോതിയുമാണ്. പിറന്നാൾ തൊട്ടടുത്ത ദിവസങ്ങളിൽ.അപ്പോൾ അമ്മമ്മ എന്നെയും കൂട്ടി കന്യാകുമാരിയിൽ പോവും. ഞാനന്ന് കുട്ടിയാണ്. മായിയമ്മയുടെ അവിടെയാണ് അമ്മമ്മയുടെ പിറന്നാൾ ആഘോഷിക്കാറുള്ളത്.മായിയമ്മയ്ക്ക് ഇഷ്ടമുള്ള ഭക്ഷണവും പുതിയ മുണ്ടുമെല്ലാം വാങ്ങിയാണ് മായിയമ്മയുടെ അടുത്ത് പോവാറുള്ളത്.നമ്മൾ കൊടുക്കുന്ന മുണ്ട് അപ്പോൾ അവിടുത്തെ മത്സ്യത്തൊഴിലാളികൾ ആരെങ്കിലും ചോദിച്ചാൽ അവർക്ക് അപ്പോൾ തന്നെ കൊടുക്കും.ഒപ്പം കുറെ നായ്ക്കളുണ്ട്.കഴിച്ചുകൊണ്ടിരിക്കുന്നതിൽ നിന്ന് നായ്ക്ക് കൊടുക്കും. നായയുടെ വായിൽ നിന്ന് മായിയമ്മ എടുത്തു കഴിക്കും.മനുഷ്യനും മുകളിൽ നിൽക്കുന്ന വ്യക്തിത്വമായിരുന്നു മായിയമ്മ.എന്നെ കൊണ്ട് പാട്ടെല്ലാം പാടിപ്പിക്കും.ഹിന്ദിയാണ് സംസാരിക്കുന്നത്. അന്ന് എന്റെ നെറുകയിൽ കൈ വച്ച് ഗീത് കി റാണി എന്ന് പറഞ്ഞ് അനുഗ്രഹിച്ചിരുന്നു.
എം.ജി.രാധാകൃഷ്ണൻ ചേട്ടനെയും ഓമനക്കുട്ടി ടീച്ചറെയും ആദ്യം അച്ഛനല്ലേ പാടിപ്പിച്ചത്?
അച്ഛൻ സംഗീതം നൽകി പാടിപ്പിച്ചുവെന്നല്ല. മണ്ണടി ഭഗവതിക്ഷേത്രത്തിൽ ഉത്സവം വരുമ്പോൾ രാധാകൃഷ്ണൻ ചേട്ടന്റെയും ഓമനക്കുട്ടിചേച്ചിയുടെയും കച്ചേരിയെല്ലാം അച്ഛൻ വഴിയാണ് ബുക്ക് ചെയ്യാറുള്ളത്. റെസ്റ്റ് എടുക്കാനെല്ലാം അന്ന് അവർ ഞങ്ങളുടെ വീട്ടിലാണ് വന്നിരുന്നത്.
ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോൾ,കോട്ടൺഹില്ലും ,വിമൻസ് കോളേജും കാണുമ്പോൾ പഴയ ഓർമകളിലേക്ക് പോകാറുണ്ടോ ?
തീർച്ചയായും. ഓർമ്മകളെന്നും സുന്ദരമാണ്. ഞങ്ങൾ ഇരുന്ന ബെഞ്ചും. ഉച്ചയൂണ് കഴിഞ്ഞ് കൈകഴുകാൻ പൈപ്പിന്റെ അവിടെയുണ്ടാവുന്ന തിക്കും തിരക്കും. ഗ്രൗണ്ടും.അവിടെ ഓടി കളിച്ചതുമൊക്കെ ഓർമ്മയിലേക്ക് വരാറുണ്ട്.
മലയാളത്തിന് നല്ല മാർക്കുണ്ടായിരുന്നോ?
മലയാളത്തിൽ എപ്പോഴും നല്ല മാർക്കും കണക്കിൽ മോശം മാർക്കുമാണ് ലഭിച്ചിരുന്നത്.
പഠിക്കുമ്പോൾ പാട്ട് മുഖ്യമായിരുന്നെങ്കിലുംഎന്താകണമെന്നായിരുന്നു അന്നൊക്കെ ആഗ്രഹം?
അച്ഛനെയും അമ്മയെയും കണ്ടു വളർന്നതുകൊണ്ട് അദ്ധ്യാപനമായിരുന്നു അന്നും പ്രിയപ്പെട്ട പ്രൊഫഷൻ. അവർ രണ്ടുപേരും അദ്ധ്യാപകരായിരുന്നല്ലോ.ഒരിക്കലും പിന്നണി ഗായികയായി വരുമെന്ന് ചിന്തിച്ചിട്ടില്ലായിരുന്നു.പക്ഷേ കോളേജിൽ ചേരുമ്പോൾ സംഗീതം എടുത്തു പഠിക്കണമെന്നു തന്നെയായിരുന്നു ആഗ്രഹിച്ചിരുന്നത്.
ദേഷ്യപ്പെടാറില്ലെന്ന് കേട്ടിട്ടുണ്ട് ?
അങ്ങനെയൊന്നുമില്ല.ദേഷ്യപ്പെടാറൊക്കെയുണ്ട്. ജീവിതം സിസ്റ്റമാറ്റിക്കായാണ് കൊണ്ടുപോകുന്നത്. അടുക്കും ചിട്ടയും നിർബന്ധമാണ് .വൃത്തിയില്ലാത്ത സ്ഥലങ്ങളിൽ അതിജീവിക്കാൻ ബുദ്ധിമുട്ടാണ്. ഹോട്ടൽ മുറിയെടുത്താൽ ചെല്ലുന്നയുടൻ അവിടുത്തെ ടോയ്ലെറ്റ് കഴുകും. എവിടെയാണെങ്കിലും സ്വയം വൃത്തിയാക്കിയേ ഇരിക്കുകയൊള്ളു.വീട്ടിൽത്തന്നെ ഷീറ്റൊക്കെ വിരിക്കുന്നതും ഓരോന്നു അടുക്കിവയ്ക്കുന്നതും മാറ്റി മറിച്ചാൽ എനിക്കു ദേഷ്യം വരാറുണ്ട്. പണ്ട് ഒരു തമിഴ് ചാനലിൽ ഇത് തുറന്നു പറഞ്ഞപ്പോഴവർ ഒ സി ഡി അസുഖമാണെന്നതരത്തിൽ വാർത്തകൾ പ്രചരിപ്പിച്ചു.ട്രീറ്റ്മെന്റ് എടുക്കണം എന്നുപോലും പറഞ്ഞെഴുതി.
വൃത്തിയും അമ്പലത്തിൽ പോകുന്ന ശീലവുമൊക്കെ അമ്മയിൽ നിന്ന് കിട്ടിയതാണോ?
അമ്മയുടെ കൈയിൽ നിന്ന് കിട്ടിയ ശീലങ്ങളിലൊന്നായിരുന്നു അത് . ഞാൻ പതിവായി അമ്പലത്തിൽ പോകാറില്ല.പറ്റുന്ന പോലെ ചെയ്യും. പക്ഷേ വീട്ടിൽ എന്നും വിളക്കു വയ്ക്കും ഒപ്പം നാമജപവും വൃതവുമൊക്കെ എടുക്കാറുണ്ട്.
കൊവിഡ് കാലം എങ്ങനെയാണ് ചെലവഴിച്ചത്?
സത്യം പറഞ്ഞാൽ തിരക്കായിരുന്നു. ലോക്ക്ഡൗണിനു മുൻപ് മാർച്ചിൽ സിംഗപ്പൂരിലേക്കായിരുന്നു അവസാനമായി പോയ യാത്ര. ആദ്യത്തെ കുറച്ചു ദിവസങ്ങൾ ഉറങ്ങിത്തീർത്തു.രണ്ടാഴ്ച അങ്ങനെ പോയപ്പോൾ ആകെ ഡിപ്രെഷൻ പോലെയായി. ഓരോന്ന് ചിന്തിച്ച് വിഷമം തോന്നുക. വെറുതേയിരുന്നു കരയുക. അപ്പോൾ തോന്നി അങ്ങനെയായാൽ ശരിയാവില്ലെന്ന്. സ്വന്തമായി ഓരോ ജോലികളിൽ ഏർപ്പെട്ടു. വീട്ടിലെ കബോർഡുകളൊക്കെ വൃത്തിയാക്കുക. കുഞ്ഞു കുഞ്ഞു ജോലികളൊക്കെ ചെയ്തുതുടങ്ങി.അതൊക്കെ ചെയ്തു കഴിഞ്ഞപ്പോൾ ഇനിയെന്തു ചെയ്യുമെന്ന് തോന്നി തുടങ്ങി. ആ സമയത്ത് ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരുന്നു.യു എസിൽ ഒരു പ്രോഗ്രാമിന് പോയപ്പോൾ യെജുരാഗ എന്ന കമ്പനിയായിരുന്നു സ്പോൺസർ ചെയ്തിരുന്നത്. അവരുടെ പോർട്ടൽ വഴിയാണ് ഓൺലൈൻ ക്ലാസ് എടുത്തിരുന്നത്. ആഴ്ചയിൽ രണ്ടു ക്ലാസ്.അമേരിക്കയിൽ ജീവിക്കുന്ന തമിഴ് തെലുങ്ക് ,മലയാളി കുട്ടികളായിരുന്നു പഠിക്കാനുണ്ടായിരുന്നത്.
അതൊരു പ്രാക്ടിസ് പോലെയായിരുന്നു. ആ സമയത്താണ് എസ് പി ബി സാർ വിളിച്ചു കൊവിഡ് ബോധവത്കരണത്തിനായി ഒരു ഗാനം തെലുങ്കിൽ ചിട്ടപ്പെടുത്തിയെന്നും. ആ വരികൾ മലയാളത്തിൽ തർജ്ജമ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. റഫീഖ് അഹമ്മദിനെ ഏൽ്പ്പിച്ചു.അപ്പോൾ ഞാൻ ആലോചിച്ചു സാർ പോലും അങ്ങനെയെല്ലാം ചെയ്യുന്നുണ്ടല്ലോയെന്ന്. അത് പ്രചോദനമായി . അതുപോലെ ചാരിറ്റി ഓർഗനൈസേഷനുകൾക്ക് വേണ്ടി ഫേസ്ബുക്കിൽ ലൈവ് പോയിരുന്നു.ഒപ്പം ശരത്തിനോട് ഞാൻ പറഞ്ഞു മലയാളത്തിൽ കൊവിഡ് ബോധവത്കരണം നടത്താൻ വേണ്ടി ഒരു ഗാനം ചിട്ടപ്പെടുത്തിയാലോയെന്ന്.ശ്രീകുമാരൻ തമ്പി സാറിന്റെ ഭാര്യ രാജി ചേച്ചി നന്നായി എഴുതും.എന്നോട് വലിയ വാത്സല്യമാണ്. ചേച്ചി എട്ടു വരി എഴുതിത്തന്നു.ശരത്ത് ഭംഗിയായി സംഗീതം ചെയ്തു പിന്നെ അത് ആര് പാടുമെന്നായി. ഞാൻ പാടിയാൽ മതിയെന്നാലും വലിയ വലിയ ആൾക്കാർ ഒപ്പം പാടിയാൽ കൂടുതൽ നല്ലതാവുമെന്നു തോന്നി. എസ് .പി.ബി സാറിനോട് രണ്ടുവരി പാടി തരുമോ എന്ന ചോദിച്ചപ്പോഴേക്കും സാർ വീഡിയോ എടുത്ത് അയച്ചുതന്നു.ശങ്കർ ജിയും (ശങ്കർ മഹാദേവൻ )രണ്ടു വരി പാടി.ശരത്തും പാടി.ഞാനും പാടി.
ചിത്രചേച്ചിയുടെ സഹായ മനോഭാവത്തെ കുറിച്ച് കേട്ടിട്ടുണ്ട് ?
ചെറുപ്പം മുതൽ അച്ഛന്റെയും അമ്മയുടെയും അടുത്ത് നിന്ന് പഠിച്ച കാര്യമാണ് അത്. ഞങ്ങളുടേത് വലിയ തറവാടൊക്കെയായിരുന്നുവെങ്കിലും എന്റെ അച്ഛനും അമ്മയും അദ്ധ്യാപകരായതുകൊണ്ട് സാധാരണ നിലയിൽ ജീവിച്ചവരാണ്. വലിയ ആർഭാടവുമില്ല.തീരെ താഴെയുമല്ല. വയസുകാലത്ത് നമുക്ക് എന്തങ്കിലും കരുതിവയ്ക്കണം അല്ലാത്തത് ഇതേ പോലെ സഹായം ചെയ്യണമെന്നാണ് ആഗ്രഹം.
മോളു പോയത്തിനു ശേഷമാണ് സഹായങ്ങൾ കൂടുതലായി ചെയ്തുതുടങ്ങിയത്. പ്രളയസമയത്ത് ആലപ്പുഴയിൽ തിരുവോണ ദിവസം പോയിരുന്നു . അവിടെ ദുരിതാനുഭവിക്കുന്നവരുടെ കൂടെ സമയം ചിലവഴിക്കുകയും ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. അതൊന്നും പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്നതല്ല മറിച്ച് സന്തോഷമാണ് അങ്ങനെയെല്ലാം ചെയ്യുമ്പോൾ.
പതിവായി മൂളി സുഹൃത്തായി മാറിയ പാട്ടുണ്ടോ ?
അങ്ങനെ ഒരുപാട്ടായിട്ടില്ല. ഒരുപാട് പാട്ടുകളുണ്ട് . ചില പാട്ടുകൾ എവിടെ നിന്നെങ്കിലും കേട്ടാൽ പിന്നെ ആ പാട്ടു രണ്ടു മുന്ന് ദിവസവും പാടി നടക്കാറുണ്ട്.ഇത് ഞങ്ങളുടെ കഥയിലെ സ്വർണ മുകിലേ. എന്ന ഗാനം എപ്പോൾ കേട്ടാലും സങ്കടം വരാറുണ്ട്.അതുപോലെ ഉൾക്കടലിലെ കൃഷ്ണതുളസി കതിരുകൾ ചൂടിയ..എന്ന് തുടങ്ങുന്ന ഗാനം ഇതെല്ലാം കേൾക്കുമ്പോൾ എന്തോ ഒന്ന് വലിച്ചുപിടിക്കുന്ന പോലെയാണ്. ചിലപ്പോൾ ആ രാഗത്തിന്റ പ്രത്യേകതയാവാം.
പാട്ട് ഉൾക്കൊണ്ട് പാടുമ്പോൾ ആ പാട്ടിന്റെ ഇമോഷൻ ഗായകരെ ബാധിക്കാറുണ്ടോ ?
തീർച്ചയായും നമ്മളെ അത് ബാധിക്കും.അതുമാത്രമല്ല എന്റെ മോൾ പോയതിന് ശേഷം സമൂഹ മാദ്ധ്യമങ്ങൾ വഴി എന്നെ സ്നേഹിക്കുന്ന, അമ്മേ എന്ന് വിളിക്കുന്ന ഒരുപാട് കുട്ടികളുണ്ട്.അവരുടെ വിഷമങ്ങൾ കേൾക്കുമ്പോൾ അത് എന്നെ സാരമായി ബാധിക്കാറുണ്ട്. ഉറക്കം പോലും നഷ്ടപെടാറുണ്ട്. അതുപോലെ ചില വരികൾ സംഗീത സംവിധായകർ പറഞ്ഞു തരുമ്പോൾ നമുക്കത് പാടാൻ സാധിക്കില്ലെന്ന് തോന്നാറുണ്ട്. ജയരാജിന്റെ 'നായിക" എന്ന ചിത്രത്തിൽ അർജുനൻ മാഷുടെ വളരെ സങ്കടപ്പെടുത്തുന്ന ഒരു ഗാനമുണ്ട്. ''നിലാവ് പോൽ ഒരു അമ്മ..."" ആ ഗാനം പകുതി ആലപിച്ചപ്പോഴേക്കും എനിക്ക് വല്ലാത്തൊരു അസ്വസ്ഥതയുണ്ടായി. മോളുടെ ഓർമ്മകൾ വന്നുകൊണ്ടിരുന്നു. ഞാൻ പിന്നെ ഒരു ബ്രേക്ക് എടുത്ത് റിഫ്രഷ് ആയതിനു ശേഷമാണ് പാടിത്തുടങ്ങിയത്. വരികൾ ഗായികയെ പ്രചോദിപ്പിക്കും.
മകളുടെ കാര്യം ചോദിക്കേണ്ടെന്ന് കരുതി. അതൊന്നും കാലത്തിന് മായ്ക്കാനാവത്ത മുറിവുകൾ ആണല്ലോ ?
ആ മുറിവ് എപ്പോഴും അങ്ങനെ തന്നെയുണ്ടാവും. ജീവിതം മുന്നോട്ട് പോകണം. ഞാൻ തളർന്നു കഴിഞ്ഞാൽ എന്റെ കൂടെയുള്ളവർ തകരും.അപ്പോൾ കൂടെയുള്ള ഇത്രയുംപേരെ സപ്പോർട്ട് ചെയ്യാൻ എനിക്ക് പഴയ പോലെ ആവുകയേ വഴിയുള്ളു.
ലൈവ് റെക്കോർഡിങ്ങിൽ നിന്ന് ഇന്ന് സാങ്കേതിക വിദ്യ കൂടുതൽ ഉപയോഗിച്ചിട്ടുള്ള റെക്കോർഡിങ്ങാണ്. അന്ന് കിട്ടിയിരുന്ന ത്രിൽ അല്ലെങ്കിൽ രസം ഇന്നു പാടുമ്പോൾ കിട്ടുന്നുണ്ടോ ?
ഇല്ല. അന്ന് റെക്കോർഡിങ്ങിനു പോകുമ്പോൾ ഓർക്കസ്ട്ര മുഴുവൻ അവിടെയുണ്ടാവും. അവിടെ പാടി കഴിയുമ്പോഴേക്കും പകുതി ഫീൽ കിട്ടും.ഇന്നിപ്പോൾ ഒരു മുറിയിൽ നമ്മൾ മാത്രമാവും. ഒപ്പം പാടുന്നത് ആരാണെന്ന് പോലും അറിയില്ല.ഹരിഹരൻ സാറാണ് ഒപ്പം പാടുന്നതെങ്കിൽ സാർ ഒരുപാട് ഇപ്രൈവൈസേഷനെല്ലാം കൊടുക്കുന്ന വ്യക്തിയാണ്. അപ്പോൾ ഞാൻ പ്ലെയിനായി പാടിയാൽ ബോർ ആകും. അതാണ് ഇന്നത്തെ കാലത്ത് ആരാ ഒപ്പം പാടുന്നതെന്നു പോലും അറിയാൻ പറ്റാത്തതിന്റെ വിഷമം. സാങ്കേതികപരമായി നോക്കുകയാണെങ്കിൽ ഇന്ന് പണി ഒന്നുകൂടെ എളുപ്പമായി. പണ്ട് ആരെങ്കിലും ഒരാൾ എന്തെങ്കിലും ചെറുതായൊന്നും തെറ്റിച്ചാൽ അത് വീണ്ടും ആദ്യംമുതൽ എടുക്കേണ്ടിവരുമായിരുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയ പുരസ്കാരം ലഭിച്ച ഗായികയാണ് .എന്തു പറയുന്നു. ?
എന്നുവച്ച് ഞാനാണ് ഏറ്റവും വലിയ ഗായികയെന്നൊന്നും പറയാൻ പറ്റില്ല.ഭാഗ്യവും തലേലെഴുത്തും ഒരുമിച്ച് വന്നപ്പോൾ അംഗീകാരം ലഭിച്ചുവെന്ന് വിശ്വസിക്കാനാണ് ഇഷ്ടം.ആറു തവണ മികച്ചഗായികയ്ക്കുള്ള അവാർഡ് ലഭിച്ചു.
ആദ്യത്തെ ദേശീയ അവാർഡ് നേടിയ പാടറിയാൻ പഠിപ്പറിയാൻ... എന്ന ഗാനം പാടുമ്പോൾ ഉണ്ടായ ഓർമ്മ ?
സിന്ധു ഭൈരവി എന്ന ചിത്രത്തിലെ ഗാനമാണത്. ഇളയരാജ സാർ റെക്കോർഡിംഗ് ഉണ്ടെന്നു പറഞ്ഞു. ഞാൻ അച്ഛനോടൊപ്പം ചെന്നൈയിലേക്ക് പോയി.അതിൽ ആദ്യം ''നാൻ ഒരു സിന്ധു..""എന്ന് തുടങ്ങുന്ന ഗാനമാണ് റെക്കോർഡ് ചെയ്തത്.അത് കഴിഞ്ഞപ്പോൾ രാജ സാർ അച്ഛനോട് പറഞ്ഞു ഒരു ദിവസം കൂടെ നില്ക്കാൻ സാധിക്കുമോ നാളെ ഒരു ഗാനം കൂടെയുണ്ടെന്ന്. എനിക്കാണേൽ അത് കഴിഞ്ഞ് ഇവിടെ നാട്ടിൽ എം എ ഫസ്റ്റ് ഇയർ എക്സാം നടക്കുന്ന സമയം. 'അമ്മ പറഞ്ഞു എക്സാം മുടക്കാൻ പറ്റില്ലെന്ന്. അപ്പോൾ അച്ഛൻ പറഞ്ഞു ഇത്രയും വലിയൊരാൾ ഇങ്ങനെ പറയുമ്പോൾ എങ്ങനെയാണ് നോ എന്ന് പറയുക എന്ന് .അച്ഛൻ എന്നോട് ചോദിച്ചു നിനക്കടുത്ത വർഷം ഈ പരീക്ഷ എഴുതിയെടുക്കാൻ കഴിയുമോയെന്ന്.ഞാൻ ആണെങ്കിൽ പാടാനുള്ള ത്രില്ലിലായതുകൊണ്ട് അച്ഛനോട് പരീക്ഷ അടുത്തവർഷം എഴുതിയെടുത്തോളാം എന്ന് പറഞ്ഞു.വൈരമുത്തു സാർ ചോദിച്ചിരുന്നു ഇത്രയും ചെറിയ കുട്ടിക്ക് ഇത് പാടാൻ കഴിയുമോ. സീനിയേഴ്സിനെ കൊണ്ട് പാടിപ്പിച്ചാൽ പോരേയെന്ന്. രാജ സാറിന്റെ ധൈര്യമായിരുന്നു എനിക്ക് അത് പാടാൻ ആത്മവിശ്വാസമായത്. നല്ല ടെൻഷനായിരുന്നു അത് പാടി കഴിഞ്ഞപ്പോൾ.
രണ്ടാമത്തെ അവാർഡ് നഖക്ഷതങ്ങളിലെ മഞ്ഞൾ പ്രസാദവും എന്ന പാട്ടിനായിരുന്നു.അതിലെ 'വന്നു ചിരി തൂകി നിന്നു "എന്ന വരികൾ ചേച്ചിയെ വിശേഷിപ്പിക്കാൻ പറ്റുന്നതാണ്.ആ പാട്ടിന്റെ ഓർമ്മ?
നഖക്ഷതങ്ങളിലെ 'മഞ്ഞൾ പ്രസാദവും" ജെമിനി സ്റ്റുഡിയോയിൽ നിന്നാണ് റെക്കോർഡ് ചെയ്തത്.ബോംബെ രവി സാറിന്റെ സംഗീതം. പഞ്ചാഗ്നിയിലെ ''ആ രാത്രി മാഞ്ഞു പോയി"" ആ ഗാനവും അടുത്തടുത്ത ദിവസങ്ങളിൽ റെക്കോർഡ് ചെയ്തതാണ്.
വൈശാലിയിലെ ഇന്ദു പുഷ്പം ചൂടി എന്ന ഗാനത്തിനായിരുന്നു അടുത്ത ദേശീയ അംഗീകാരം ?
അതേ. ബോംബൈ രവി സാറിന്റെയാരുന്നു സംഗീതം.തലേ ദിവസം പഠിപ്പിച്ചാണ് ആ ഗാനം പാടിയത്. പണ്ടത്തേപ്പോലെ ഇന്ന് സംഗീത സംവിധായകരിൽ വളരെക്കുറച്ചുപേരെ പഠിപ്പിക്കാറുള്ളു..ആരെങ്കിലും ഒരാൾ ട്രാക്ക് പാടികൊണ്ടുവരുകയാണ് ചെയ്യാറുള്ളത്.സംഗീത സംവിധായകർ പഠിപ്പിക്കുമ്പോൾ അത് വളരെ നല്ലതാണ്.
ഓവരൂ പൂക്കളുമേ....ഇപ്പോഴും കേൾക്കുമ്പോൾ പ്രചോദനമായി തോന്നാറുണ്ട്?
ഓട്ടോഗ്രാഫിലെ ഭരദ്വാജിന്റെ സംഗീതത്തിൽ ജനിച്ചൊരു ഗാനമാണത്.പാ വിജയ് യാണ് എഴുതിയത് . വളരെ പ്രചോദനം തോന്നുന്ന ഗാനമാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. പലരും മരണത്തിന്റെ വക്കിൽ നിന്ന് ആ ഗാനം കേട്ട് തിരിച്ചു വന്നിട്ടുണ്ടന്നു പറഞ്ഞിട്ടുണ്ട്.ഇപ്പോഴും പലരും പാടാൻ ആവശ്യപ്പെടാറുള്ള ഒരു പാട്ടാണ് അത്. കോയമ്പത്തൂരിൽ ഒരു യൂണിവേഴ്സിറ്റിയിൽ ഒഫീഷ്യൽ ഗാനമായി തിരഞ്ഞെടുത്തിട്ടുണ്ട്. അത് പാടുമ്പോൾ ഒരിക്കലും ദേശീയ അവാർഡ് കിട്ടുമെന്ന് തോന്നിയിട്ടില്ല. പക്ഷേ നല്ലൊരു മെസേജ് ഉള്ള ഗാനമെന്ന് തോന്നിയിരുന്നു.എവിടെപ്പോയാലും പാടാൻ സാധിക്കും.
എസ് പി ബിയെ കുറിച്ച് ?
സാർ ഒരു കലാകാരൻ എന്നതിനുപരി നല്ലൊരു മനുഷ്യനാണ്. എല്ലാവരുടെ കാര്യത്തിലും കെയറിങ്ങും സ്നേഹവുമൊക്കെയുള്ള ഒരു വ്യക്തി.കരുണയുള്ള വ്യക്തിത്വം.ഒരുപാട് കാര്യങ്ങൾ സാറിൽ നിന്ന് പഠിക്കാനുണ്ട്. ഒരിക്കൽ അമേരിക്കയിൽ സാറിന്റെ ഒരു പ്രോഗ്രാമിന് ഞങ്ങൾ പോയിരുന്നു. വെള്ളി ,ശനി ,ഞായർ മൂന്ന് ദിവസം തുടർച്ചയായാണ് പരിപാടി നടക്കാറുള്ളത്. ഉറങ്ങാൻ പോലും സമയം കിട്ടാത്ത അവസ്ഥയാണ്. ഓരോ സ്ഥലത്തും സമയവ്യത്യാസമുള്ളതുകൊണ്ട് റെസ്റ്റ് എടുക്കാനൊക്കെ കിട്ടുന്ന സമയം വളരെ കുറവായിരിക്കും.എപ്പോഴും ഓർക്കസ്ട്രക്കാർ നമ്മളേക്കാൾ മുൻപ് പരിപാടി സ്ഥലത്തു എത്തണം.ആ ചെറിയ സമയം നമുക്ക് റെസ്റ്റ് ചെയ്യാൻ കിട്ടും.അവർക്ക് പാവങ്ങൾ ഒന്നിരിക്കാൻ പോലും സമയമില്ല. പക്ഷേ നമ്മളാരും അവരെക്കുറിച്ചൊന്നും ചിന്തിക്കാറുപോലുമില്ല. ഒരു ഞായറാഴ്ച പ്രോഗ്രാം കഴിഞ്ഞ് ഞങ്ങൾ ഹോട്ടലിലേക്ക് വന്നു. 12 മണിക്കാണ് അവിടുത്തെ ചെക്കിൻ സമയം. മുറികളെല്ലാം വൃത്തിയാക്കുന്നതേയുള്ളു.അപ്പോൾ ഒരു റൂം വൃത്തിയാക്കി പെട്ടന്ന് അവർ സാറിനോട് അങ്ങോട്ട് പോവാൻ പറഞ്ഞു.സാധാരണ ആരാണെങ്കിലും ആദ്യം കിട്ടിയ മുറിയിൽ കയറും. കാരണം അത്രയും ക്ഷീണത്തിലാണ് എല്ലാവരും.സാർ പറഞ്ഞു ഞാൻ പോവില്ല. ഞാൻ പോയാൽ നിങ്ങൾ ഇവരുടെയെല്ലാം കാര്യം ഉഴപ്പും.എന്റെ കുട്ടികൾക്ക് വിശ്രമം ആവശ്യമാണെന്നു. ഞാൻ പോയാൽ നിങ്ങൾ അവരെ മൈൻഡ് ചെയ്യില്ല അതുകൊണ്ട് ഞാൻ ഇവിടെ ഇരിക്കാം അവരുടെ റൂം ശരിയായതിന് ശേഷം മാത്രമേ ഞാൻ പോവുകയൊള്ളുയെന്ന് പറഞ്ഞു സാർ അവിടെ ഇരുന്നു.ഞാൻ അങ്ങനെയൊരു വ്യക്തിയെ വേറെ കണ്ടിട്ടില്ല.അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്.ഇത്രയും പെട്ടെന്ന് ഇങ്ങനെയൊരുഅസുഖം വന്നു കൊണ്ടുപോയല്ലോ എന്നൊരു വിഷമം ഉണ്ട്.
ദാസേട്ടനും ജയേട്ടനും
രാധാകൃഷ്ണൻ ചേട്ടനും ?
ആദ്യം പാടിയത് ജയേട്ടന്റെ( പി.ജയചന്ദ്രൻ )കൂടെയാണ്. ജയേട്ടൻ വളരെ പാവം വ്യക്തിത്വമാണ് . ദാസേട്ടൻ സ്ട്രിക്റ്റാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണം പോലും ദാസേട്ടൻ ശ്രദ്ധിക്കും.പുറത്തൊക്കെ പോവുമ്പോൾ പ്രഭാത ഭക്ഷണത്തിന് ഓരോ സാധനങ്ങൾ അലങ്കരിച്ചു വച്ചിരിക്കുന്നത് കണ്ടാൽ ഞാൻ അത് പോയി പെട്ടെന്ന് എടുക്കും.അപ്പോൾ ദാസേട്ടൻ വന്നിട്ട് അത് എടുക്കരുതെന്ന് പറയും. തൊണ്ടയ്ക്ക് പിടിക്കില്ലെന്ന് .എനിക്ക് അഞ്ചു വയസുള്ളപ്പോൾ എന്നെ സ്റ്റുഡിയോയിലേക്ക് എടുത്തു കൊണ്ട് പോയിട്ടുണ്ട് രാധാകൃഷ്ണൻ ചേട്ടൻ. ഞങ്ങളുടെ ഫാമിലിയുമായി അത്ര അടുപ്പമുണ്ട്.
വിജയ ശങ്കർ.വിജയൻ ചേട്ടൻ ?
എന്റെ സംഗീത ജീവിതത്തിൽ വിജയൻ ചേട്ടനെപോലെയൊരു ആളെ ഭർത്താ വായി കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യം.എന്റെ ഭാവിക്ക് വേണ്ടി എല്ലാം ചിന്തിച്ചു ചെയ്യുന്ന ഒരാളാണ്.
മറ്റു പാട്ടുകാരികൾ പാടിയതിൽ ചേച്ചിയ്ക്ക് പാടാൻഇഷ്ടമുള്ള പാട്ട് ?
എനിക്ക് ആഗ്രഹമുള്ള പാട്ടുകൾ അത് ആര് പാടിയതാണേലും ഞാൻ പാടാറുണ്ട്.രാജ സാറിന്റെ പരിപാടിയിലെല്ലാം ഞാൻ പാടുന്നത് ജാനകിയമ്മയുടെ പാട്ടുകളാണ് കൂടുതലും. പുതിയ തലമുറക്കാരുടെ പാട്ടുകളും പാടാറുണ്ട്. ഒരുപാട് പുതിയ ഗായകർ വരുന്നുണ്ട്.ഓരോകുട്ടികൾ ഓരോ സ്റ്റൈലാണ്. ഇപ്പോഴുള്ള കുട്ടികൾ എല്ലാ സ്റ്റൈലും പാടുന്നുണ്ട്.
പ്രണയവസന്തം തളിരണിയുമ്പോൾ.. ആദ്യമായി പാടിയ ഗാനം. പ്രണയാഭ്യർത്ഥന ആരേലും നടത്തിയിട്ടുണ്ടോ ?
പ്രണയലേഖനങ്ങളൊന്നും കിട്ടിയിട്ടില്ല.പക്ഷേ വിവാഹാഭ്യർത്ഥനകളെല്ലാം വന്നിട്ടുണ്ട്.
ആദ്യമായി സ്ക്രീനിൽ പാടിയത് കെ എസ് ചിത്ര എന്നെഴുതി കാണിച്ചപ്പോൾ ഉണ്ടായ അനുഭവം ?
എന്റെ മാമ്മാട്ടിക്കുട്ടിയമ്മയിലാണ് ആദ്യമായി എന്റെ പേര് എഴുതി കാണിച്ചത്. അത് വല്ലാത്തൊരു അനുഭവമായിരുന്നു.എന്റെ അച്ഛൻ പൊതുവെ ഇത്തിരി വൈകി ഇറങ്ങുന്ന ആളാണ് . എനിക്കാണേൽ സിനിമ തുടങ്ങുമോ എന്ന ടെൻഷൻ. സ്ക്രീനിൽ എന്റെ പേര് എഴുതികാണിക്കുന്നത് കാണണം.എന്റെ വെപ്രാളം കണ്ട് അച്ഛൻ നേരുത്തെ ഇറങ്ങി.തിരുവനന്തപുരം എസ്.എൽ തിയേറ്ററിലായിരുന്നു സിനിമ. അതിന്റെ ഏറ്റവും മുകളിലെ തിയറ്ററിലാണ് മാമ്മാട്ടിക്കുട്ടിയമ്മ.റാമ്പ് വഴി ഓടി കയറാൻ പ്രയാസമാണ്. ആദ്യം എഴുതി കാണിക്കുമ്പോഴാണല്ലോ പേര് വരിക.അത് കാണാനുള്ള വെപ്രാളത്തിൽ ഞാൻ ഓടുന്നു ഒപ്പം അവരും. തിയേറ്ററിൽ എത്തി ആ സിനിമയുടെ പകുതി ആവുന്നതുവരെയും അച്ഛന്റെ കിതപ്പ് മാറിയില്ലായിരുന്നു.ഇന്നോർക്കുമ്പോൾ വിഷമം തോന്നും.
ഈ ചോദ്യം പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്റേതാണ്. ആത്മാവിൽ തൊട്ട് പാടുന്നതിൽ ചിത്രയുടെ സംഗീതത്തെ പ്രചോദിപ്പിക്കുന്നതെന്താണ്?
ഗായകരെ സംബന്ധിച്ചിടത്തോളം അഭിനയവും അറിഞ്ഞിരിക്കണം. ഓരോ സീനിനും എന്താണ് അവർ അഭിനയിക്കുന്നത് അത് നമുക്ക് പാട്ടിലും വേണം.ഞാൻ എന്റെ സീനിയേഴ്സിൽ നിന്ന് പഠിച്ചതാണ്. എസ് .പി ബി സാറിൽ നിന്നാണെങ്കിലും ദാസേട്ടനിൽ നിന്നാണേലും ഒരുപാട് പഠിക്കാനുണ്ട്.ഇപ്പോഴത്തെ കുട്ടികൾക്ക് അങ്ങനെയൊരു ഭാഗ്യമില്ല. ദാസേട്ടൻ പാടുമ്പോൾ മൈക്കിൽ നിന്ന് എത്ര ദൂരയാണ് നിൽക്കേണ്ടതെന്നൊക്കെ നോക്കി പഠിച്ചിട്ടുണ്ട്.ഉച്ചാരണമെല്ലാം പഠിച്ചത് ദാസേട്ടനിൽ നിന്ന്. എസ് .പി ബി സാറിൽ നിന്നാണ് തെലുങ്ക് എല്ലാം കൂടുതൽ പഠിച്ചത്.പല വാക്കുകളുടെ അർത്ഥമെല്ലാം പറഞ്ഞുതരാറുണ്ട്. അതെല്ലാം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
ഈ ചോദ്യം ഇന്തോ ഇംഗ്ളീഷ് എഴുത്തുകാരി അനിതാ നായരുടേതാണ്.കർണാടക സംഗീതത്തിൽ പരിശീലനം നേടിയെങ്കിലും പിന്നണി ഗായികയായിട്ടാണ് അറിയപ്പെടുന്നത്. കർണാടിക് സംഗീതത്തിന് വേണ്ടി കൂടുതൽ സമയം ചിലവഴിക്കാത്തതിൽ ഖേദമുണ്ടോ?
ഉണ്ട്. ഏഴു വർഷം ഓമനക്കുട്ടി ടീച്ചറിന്റെ കീഴിലും ഏഴു വർഷം കോളേജിലും പഠിച്ചു.പക്ഷേ സിനിമയിലെ തിരക്കിനിടയിൽ കൂടുതൽ സമയം ചെലവഴിക്കാനായില്ല.