agri

സിവിൽ സർവീസിൽ കുറെ ഉദ്യോഗസ്ഥരുണ്ട്, സുഖിമാന്മാർ. അതത് കാലത്ത് ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പിണിയാളുകളായി മാറി എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞുമാറും, എന്നിട്ട് തങ്ങളാണ് എല്ലാം നിയന്ത്രിക്കുന്നതെന്ന മട്ടിൽ ആള് കളിച്ചു നടക്കും. രാഷ്ട്രീയ പിൻബലത്തിൽ ഓഫീസുകളിൽ പോലും കൃത്യമായി എത്തില്ല. കാര്യമായ ഒരു ജോലിയും ചെയ്യാതെ മാസാമാസം കൃത്യമായി ശമ്പളവും മറ്റാനുകൂല്യങ്ങളും വാങ്ങുന്ന ഇത്തരക്കാർ ഏറെയുണ്ട് സർക്കാർ സർവീസിൽ. എന്നാൽ ജോലികളെല്ലാം കൃത്യമായും ആത്മാർത്ഥതയോടെയും ചെയ്യുന്ന ഒരു കൂട്ടരുണ്ട്. അവരാണ് യഥാർത്ഥത്തിൽ സിവിൽ സർവീസിനെ ഇങ്ങനെ നിലനിറുത്തുന്നത്. എന്നാൽ എല്ലാ ജോലികളും കൃത്യമായി നിർവഹിക്കുന്ന ന്യൂനപക്ഷമായ ഇവർക്ക് അർഹമായ അംഗീകാരമോ ആദരവോ ലഭിക്കാറുമില്ല. എന്തിനേറെ, സ്ഥലം മാറ്റം പോലും ഇവർക്കായി മാത്രം സൃഷ്ടിച്ചതാണോ എന്ന് തോന്നിപ്പോകും.

കേരളത്തിന്റെ കാർഷികമേഖലയിൽ സമഗ്രവികസനവും കാർഷികോത്‌പന്നങ്ങളുടെ സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടാണ് സംസ്ഥാന കൃഷിവകുപ്പ് രൂപീകരിച്ചത്. സംസ്ഥാനത്തെ ജനസംഖ്യയുടെ പകുതിയിലേറെയും കാർഷികമേഖലയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നതെന്നതിനാൽ കൃഷിവകുപ്പിനും അതിലെ ഉദ്യോഗസ്ഥർക്കും ഉണ്ടാകേണ്ട ഉത്തരവാദിത്വത്തെക്കുറിച്ച് സംശയം ഉണ്ടാകേണ്ടതുമില്ല. 1908 ലാണ് കേരളത്തിൽ കൃഷിവകുപ്പിന് രൂപം നൽകിയതെങ്കിലും ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ലക്ഷ്യം കൈവരിച്ചെന്ന് പറയാൻ കഴിയില്ല. കാർഷികമേഖലയുടെ സമഗ്ര വികസനത്തിന് നടപ്പാക്കിയ ഒട്ടേറെ പദ്ധതികൾ വിജയിച്ചതും ചെറിയകാര്യമല്ല. എന്നാൽ പച്ചക്കറികൾക്കും അരിയ്‌ക്കും ഇന്നും കേരളത്തിന് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് നിർഭാഗ്യകരമാണ്. ഇവിടെയാണ് നാം ആദ്യം സൂചിപ്പിച്ച ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ മനോഭാവം പ്രസക്തമാകുന്നത്. മേലേക്കിടയിലുള്ള നല്ലൊരു വിഭാഗം ഉദ്യോഗസ്ഥർക്കും കൃഷി എന്തെന്നോ കാർഷികവിഭവങ്ങൾ ഏതൊക്കെയെന്നോ പാവപ്പെട്ട കർഷകന്റെ ആകുലതകളും വിഷമതകളും എന്തെന്നോ തിരിച്ചറിയാനാകുന്നില്ലെന്നതാണ് ആശ്ചര്യകരം. എന്തിനേറെപ്പറയുന്നു,​ ഇന്നുവരെ കാർഷികവിളകളോ കൃഷിഭൂമിയോ നേരിട്ടുകണ്ടിട്ടില്ലാത്ത കൃഷിവകുപ്പ് ഉദ്യോഗസ്ഥരുണ്ടെന്നത് കാ‌ർഷിക കേരളത്തിന് അപമാനകരമാണ്. സർവീസിൽ കയറിയാൽ വിരമിക്കും വരെ രാഷ്ട്രീയ ചരടുവലികളിലൂടെ തലസ്ഥാനത്തെയോ അല്ലെങ്കിൽ വീടിനടുത്തെയോ ഓഫീസുകളിലിരുന്ന് കൃത്യമായി ശമ്പളവും മറ്റാനുകൂല്യങ്ങളും പറ്റുന്നവരാണ് ഇക്കൂട്ടർ. സ്വന്തം കസേരയും ആനുകൂല്യങ്ങളും സംരക്ഷിക്കാൻ പാടുപെടുന്ന ഇക്കൂട്ടർക്ക് പാവപ്പെട്ട കർഷകരോടോ പൊതുസമൂഹത്തിനോടോ യാതൊരു പ്രതിബദ്ധതയുമില്ലെന്നത് പോകട്ടെ, സ്വന്തം വകുപ്പിൽ ജോലിചെയ്യുന്ന സഹപ്രവർത്തകരോടും ആത്മാർത്ഥതയോ സഹാനുഭൂതിയോ ഇല്ല.

മാർച്ച് വിരമിക്കലുകളുടെ മാസം കൂടിയാണ്. 25 മുതൽ മുപ്പതോ 35 വർഷമോ സ്തുത്യർഹ സേവനം നടത്തിയ ഉദ്യോഗസ്ഥരുടെ ആഗ്രഹം സ്വന്തം ജില്ലയിൽ നിന്നോ വീടിന് സമീപമുള്ള ഓഫീസുകളിൽ നിന്നോ വിരമിക്കണമെന്നതാണ്. കേവലം മനുഷ്യത്വപരമായ ഇവരുടെ ആഗ്രഹത്തിന് സാധാരണ മനുഷ്യരാരും എതിര് നിൽക്കാറില്ല. അതാണ് കീഴ് വഴക്കവും. എന്നാൽ വകുപ്പിലെ ചില മേലാളന്മാർ മാനുഷികമായ പരിഗണന കാട്ടാത്തവരാണ്.

ഇക്കഴിഞ്ഞ മാർച്ച് 31 ന് വിരമിക്കേണ്ട കൊല്ലത്തെ ഒരു ഉദ്യോഗസ്ഥയ്ക്ക് വിരമിക്കും മുമ്പേ പ്രൊമോഷന് അർഹതയുണ്ടായിരുന്നു. ഫെബ്രുവരി 17 ന് ചേർന്ന ഡിപ്പാർട്ട്മെന്റ്തല പ്രൊമോഷൻ കമ്മിറ്റി 18 പേരുടെ പ്രൊമോഷൻ ലിസ്‌റ്റ് അംഗീകരിച്ചു. വേക്കൻസികൾ ഉണ്ടായിട്ടും ലിസ്റ്റിലെ ആദ്യ നാല് പേർക്ക് വേണ്ടി മാത്രമേ പോസ്‌റ്റിംഗ് ഓർഡ‌ർ ഇറക്കാൻ തീരുമാനിച്ചുള്ളൂ. കാരണം അഞ്ചും ആറും പേരുകാർ തിരുവനന്തപുരത്ത് സ്ഥിരമായി പറ്റിക്കൂടിയിരിക്കുന്നവരാണ്. കൂടുതൽ പേരെ പ്രൊമോട്ട് ചെയ്ത് ഉത്തരവിറക്കിയാൽ ഇവർക്ക് മറ്റൊരു സ്ഥലത്തേക്ക് പോകേണ്ടിവരും. അതിനാൽ തിരുവനന്തപുരത്ത് പ്രൊമോഷൻ വേക്കൻസി വരും വരെ ബാക്കിയുള്ളവ‌ർക്ക് ഉത്തരവ് നൽകിയില്ല.

ആദ്യ നാലുപേർ‌ക്ക് പ്രൊമോഷൻ ഉത്തരവിറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെന്ന കാരണം പറഞ്ഞ് ഉത്തരവിറങ്ങാൻ വീണ്ടും വൈകി. മാർച്ച് 31 ന് വിരമിക്കേണ്ടവരുടെ പ്രൊമോഷന് പോലും ഉത്തരവിറക്കാതെ വൻ ചതിയാണ് കൃഷിവകുപ്പ് ഡയറക്ടറേറ്റിലെ ദുഷ്‌ടബുദ്ധികൾ ചേർന്ന് നടത്തിയത്. പ്രൊമോഷന് അർഹതപ്പെട്ടവർ അന്വേഷിക്കുമ്പോൾ കുതിരവട്ടം പപ്പുവിന്റെ ഡയലോഗ് പോലെ 'ഇപ്പ ശര്യാക്കിത്തരാം" എന്ന മറുപടി നൽകും. എന്നാൽ ഇതിനു പിന്നിലെ ചതി തിരിച്ചറി‍ഞ്ഞ ചിലർ തിരുവനന്തപുരം അഡ്മിനിസ്ട്ര്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. വാദം കേട്ട ട്രിബ്യൂണൽ ഉന്നത ഉദ്യോഗസ്ഥരെ ശാസിച്ചുവെന്ന് മാത്രമല്ല,​ അടിയന്തരമായി പ്രൊമോഷൻ,​ പോസ്റ്റിംഗ് ഉത്തരവിറക്കാൻ ഉത്തരവിടുകയും ചെയ്തു. കോടതിയുടെ ശാസന വന്നതോടെ മാർച്ച് 31 ന് വിരമിക്കേണ്ട ഉദ്യോഗസ്ഥയെ കൊല്ലത്ത് വേക്കൻസിയുണ്ടായിട്ടും കോഴിക്കോട്ടേക്ക് പോസ്റ്റ് ചെയ്തു. 29 ന് ഇറങ്ങിയ ഉത്തരവുമായി 30 ന് കോഴിക്കോട്ടെ ഓഫീസിലെത്തി ചുമതലയേറ്റ ഉദ്യോഗസ്ഥ 31 ന് അവിടെ നിന്ന് വിരമിക്കുകയും ചെയ്തു. കോടതിയുടെ ഇടപെടലില്ലായിരുന്നെങ്കിൽ ഈ ഉദ്യോഗസ്ഥയ്ക്ക് പ്രൊമോഷനില്ലാതെ വിരമിക്കേണ്ടി വരുമായിരുന്നു. ഈ മാസം വിരമിക്കേണ്ട രണ്ടുപേരിൽ ഉദ്യോഗസ്ഥയ്ക്ക് കാസർകോട്ടും മറ്റൊരാൾക്ക് എറണാകുളത്തും നിയമനം നൽകി. കോഴിക്കോട്ടെത്തി രണ്ട് ദിവസം മാത്രം ജോലിചെയ്ത ഉദ്യോഗസ്ഥയെ അത്ഭുതപ്പെടുത്തിയ വസ്തുത മറ്റൊരു കെടുകാര്യസ്ഥതയുടേതാണ്. കോഴിക്കോട്ടെ തസ്തികയിൽ 10 മാസമായി ആളെ നിയമിച്ചിട്ടില്ല. ഇപ്പോഴും ആ വേക്കൻസി ഒഴിഞ്ഞുകിടക്കുന്നു. കാരണം നിയമനം നടത്തിയാൽ തിരുവനന്തപുരത്ത് ഇത്തിൾക്കണ്ണി പോലെ പിടിച്ചിരിക്കുന്ന ആരെങ്കിലും പോകേണ്ടി വരും. അതാണ് കൃഷിവകുപ്പിന്റെ കാര്യക്ഷമത. ആലപ്പുഴയിൽ റിട്ടേണിംഗ് ഓഫീസറായി തിരഞ്ഞെടുപ്പ് പരിശീലനക്ളാസ്സിലും പങ്കെടുത്ത ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയ വിചിത്രമായ സംഭവവും കൃഷിവകുപ്പിൽ അരങ്ങേറി.

ജനനത്തീയതി തിരുത്തിയ

15 പേർ വിലസുന്നു

കൃഷിവകുപ്പിലെ ഞെട്ടിക്കുന്ന മറ്റൊരു തട്ടിപ്പ് കൂടി ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഉന്നത തസ്തികയിലടക്കം 15 പേർ ജനനത്തീയതി തിരുത്തി ഇപ്പോഴും സർവീസിൽ തുടരുന്നുവെന്ന ഞെട്ടിക്കുന്ന വസ്തുത പുറത്തുവന്നിട്ടും അവർക്കെതിരെ ചെറുവിരൽ പോലും അനക്കാൻ ആരും തയ്യാറായിട്ടില്ലെന്ന് അടുത്തിടെ കേരളകൗമുദിയാണ് റിപ്പോർട്ട് ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിൽ കൃഷിവകുപ്പിൽ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് സ്പെഷ്യൽ വിജിലൻസ് സെല്ലിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. 2019 ൽ ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. പി.എസ്.സി നിയമനം കാത്ത് ആയിരങ്ങൾ വേഴാമ്പലിലിനെപ്പോലെ നോക്കിഇരിയ്ക്കുമ്പോഴാണ് വിരമിക്കൽ പ്രായം കഴിഞ്ഞിട്ടും കുത്സിത മാർഗ്ഗത്തിലൂടെ കുറെപേർ സർവീസിൽ തുടരുന്നത്. കൃഷി ഓഫീീസർമാരടക്കമുള്ള ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധമായ വിവരങ്ങൾ എ.ജിയുടെ ഓഫീസിലാണെന്ന മുട്ടാപ്പോക്ക് ന്യായം പറഞ്ഞാണ് അന്വേഷണ പരിധിയിൽ നിന്ന് സർക്കാർ മറച്ചുപിടിക്കുന്നതെന്ന് വിവരാവകാശ പ്രവർത്തകനായ ഡി.ധനേഷ് പറയുന്നു.

മന്ത്രിക്കും മേലേ

കഴിഞ്ഞ അഞ്ചുവർഷവും സ്വന്തം വകുപ്പിനെ നന്നാക്കാൻ കാര്യക്ഷമമായി പ്രവർത്തിച്ചുവെന്ന പേരാണ് മന്ത്രി വി.എസ് സുനിൽകുമാറിനുള്ളത്. വകുപ്പിന്റെ പ്രസക്തിയെക്കുറിച്ച് സാധാരണക്കാരിൽ പോലും അവബോധം സൃഷ്ടിക്കാൻ അദ്ദേഹത്തിന്റെ പല നിലപാടുകൾക്കും കഴിഞ്ഞുവെങ്കിലും താപ്പാനകളായ ഒരുകൂട്ടം ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയും രാഷ്ട്രീയ വിധേയത്വവും മൂലം ഉദ്ദേശിച്ച ഫലം നേടാനായോ എന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്. വകുപ്പിലെ സഹപ്രവർത്തകരോട് പോലും കാരുണ്യവും മനുഷ്യത്വവും കാട്ടാത്ത ഒരു കൂട്ടം ഉന്നത ഉദ്യോഗസ്ഥരുടെ ദുഷ്പ്രഭുത്വത്തിൽ നിന്ന് കരകയറാത്തിടത്തോളം കാലം കേരളം ലക്ഷ്യമിട്ട കാർഷികസംസ്ക്കാരവും സ്വയംപര്യാപ്തതയുംമൊക്കെ വെറും മരീചികകളായി തുടരുമെന്നതിൽ സംശയമില്ല.