പ്രകൃതി എന്നും ഫോട്ടോഗ്രാഫറുടെ മേച്ചിൽപ്പുറമാണ്. ചിലപ്പോൾ ശാന്തവും ചിലപ്പോൾ ഭയാനകവുമായ കാഴ്‌ചകൾ ഉണ്ടാകാം. ഒരിക്കലും തിരിച്ചുവരാത്ത ചെറിയ ചെറിയ സന്തോഷ നിമിഷങ്ങൾ മുതൽ സുനാമി, മഹാപ്രളയം തുടങ്ങിയ വലിയ ദുരന്തങ്ങൾക്കുവരെ ക്യാമറകൾക്കൊപ്പം ദൃക്‌സാക്ഷിയാകേണ്ടിവരുന്നത് ഒരു അനുഭവമാണ്. കാലാവസ്ഥാ വ്യതിയാനങ്ങൾ മുതൽ പാരിസ്ഥിതിക പ്രശ്‌നങ്ങൾ വരെ സസൂഷ്‌മം നിരീക്ഷിച്ചാൽ മാത്രമേ നല്ല ഫ്രെയിമുകൾ കിട്ടൂ. മനുഷ്യനും മറ്റു ജീവജാലങ്ങളും മാത്രമല്ല നിഴലും വെളിച്ചവും സമ്മേളിക്കുന്ന എന്തും വിഷയമാക്കാം. പക്ഷെ വെളിച്ചത്തിന്റെ ഏറ്റക്കുറച്ചിലുകൾ മനസിലാക്കിയിരിക്കണമെന്നുമാത്രം. മാറ്റുകലാരൂപങ്ങളെപ്പോലെ നിരന്തരമായ സാധന ഇതിനും ആവശ്യമാണ്.
പ്രഭാതങ്ങളും പ്രദോഷങ്ങളും വളരെ ആകർഷകങ്ങളായ ചിത്രങ്ങൾ സമ്മാനിക്കും. ചെടികളുടെ നാമ്പുകളിലും പുല്ലിൻ തുമ്പിലുമൊക്കെ അതിരാവിലെയുള്ള തുഷാരബിന്ദുക്കൾ രസമുള്ള കാഴ്‌ചയാണ്. ആ മഞ്ഞുതുള്ളികളിൽ ഇളം ചുവപ്പുകലർന്ന പ്രകാശ രശ്‌മികൾ പതിക്കുകയും മുത്തുമണികൾ പോലെയുള്ള അവയിലെ റിഫ്‌ലക്‌ട്ഷനുകളും മനോഹരമാണ്. സൂര്യൻ ഉദിച്ചു ഏതാണ്ട് ഒരു മണിക്കൂറും അസ്‌തമയത്തിനു ഒരു മണിക്കൂർ മുമ്പും പ്രകാശരശ്‌മികൾക്ക് തീക്ഷ്ണത വളരെ കുറവായിരിക്കും. മാത്രമല്ല ഇളം മഞ്ഞയും ചുവപ്പും നിറങ്ങൾ പ്രകാശ രശ്‌മികളിൽ കലർന്നിട്ടുമുണ്ടാകും. ഇതുകാരണം സ്വാഭാവികമായും കൂടുതൽ പ്രകാശം കാമറയിലേക്ക് ആവശ്യമായി വരുമെന്ന് ചുരുക്കം. മഞ്ഞുതുള്ളി പോലെയുള്ളവയ്ക്കു മാത്രമല്ല ഈ സമയങ്ങളിൽ സീനറി തുടങ്ങിയവ എടുക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കിലും ഈ ചുവപ്പുകലർന്ന പ്രകാശം നന്നായി ഉപയോഗിച്ചാൽ ഉദയാസ്‌തമയ ചിത്രങ്ങൾ കൂടുതൽ മനോഹാരമാക്കാൻ കഴിയും. ഇന്നത്തെ സാഹചര്യത്തിൽ ചിലരൊക്കെ കൃത്രിമമായി ഫ്രെയിമിൽ കൂടുതൽ നിറങ്ങൾ കൊടുത്ത് അതിഭാവുകത്വം സൃഷ്‌ടിക്കാറുണ്ട് !
വാസ്‌കോഡഗാമ വന്നിറങ്ങിയ കോഴിക്കോട്ടെ കാപ്പാട് കടപ്പുറത്ത് വർഷങ്ങൾക്കു ശേഷം വീണ്ടും എത്തുമ്പോൾ അവിടം അലങ്കാര വിളക്കുകളും ആകർഷകങ്ങളുമായ ഇരിപ്പിടങ്ങളുമൊക്കെയായി കൂടുതൽ സന്ദർശകരെത്തുന്ന വലിയ ബീച്ചായി മാറിക്കഴിഞ്ഞിരുന്നു. പല ചിത്രങ്ങളും പകർത്തിയശേഷം കടപ്പുറത്തുകൂടി നടക്കുമ്പോഴേക്കും അന്തിമാനം ചുവന്നു തുടങ്ങിയിരുന്നു. എങ്കിലും സൂര്യന്റെ രശ്‌മികൾക്ക് ഒട്ടും ശക്തി കുറഞ്ഞിരുന്നില്ല. അസ്‌തമയം അടുക്കുമ്പോഴേക്കും ഏതെങ്കിലും വൃക്ഷത്തലപ്പുകൾ കിട്ടുമോ എന്ന് തിരക്കി നടക്കുമ്പോൾ കുറെ ദൂരെ കടലിലേക്ക് തള്ളിനിൽക്കുന്ന പാറക്കൂട്ടങ്ങളുടെ അടുത്തതായി ഇലപൊഴിച്ചതോ ഉണങ്ങിയതോ ആയ കുറെ മരങ്ങൾ കണ്ടു. സൂര്യൻ പതുക്കെ താഴേക്ക് വന്നുകൊണ്ടിരുന്നു. അല്‌പ നേരത്തെ കാത്തിരിപ്പിനുശേഷം ആ കണ്ട മരച്ചില്ലകൾക്കു പിറകിലായി ഒരു വലിയ ഗോളത്തിന്റെ രൂപത്തിൽ സൂര്യനെത്തി. ഒരു അരിപ്പയിലൂടെ എന്നതു പോലെ മരച്ചില്ലകൾക്കിടയിലൂടെ ഉള്ള ആ കാഴ്‌ച വളരെ മനോഹരമായിരുന്നു. അപ്പോഴേക്കും തീപിടിച്ചതുപോലെ ആകാശം കുറേക്കൂടി ചുവന്നു തടുത്തു. സൂര്യന്റെ പ്രകാശതീവ്രത അപ്പോഴും കുറഞ്ഞിരുന്നില്ല. എങ്കിലും ഫിൽറ്റർ പോലെ ശിഖരങ്ങൾക്കുള്ളിലൂടെ നേരിട്ട് ആ ദൃശ്യം പകർത്താനായി ! പലവർഷങ്ങളുടെ ഇടവേളകളിലായി കാപ്പാട് ബീച്ച് എനിക്ക് സമ്മാനിച്ച മൂന്നാമത്തെ അവാർഡ് ചിത്രമാണ് ഇത് .