ചരിത്രപുരുഷന്മാരുടെ ജീവിതവുമായി ബന്ധപ്പെട്ടുണ്ടായ കൃതികൾ പെട്ടെന്ന് വിറ്റുപോകുന്നവയായി മാറിയതിന് ഉദാഹരണങ്ങൾ നിരവധിയാണ്. പലപ്പോഴും അങ്ങനെ സംഭവിക്കാൻ കാരണം വിഷയത്തോടുള്ള സമീപനത്തിലും രചനാരീതിയിലും ഗ്രന്ഥകാരൻ പുലർത്തുന്ന ഉദ്വേഗജനകമായ സവിശേഷതയാകാം.
ഗുരുദേവദർശനങ്ങളുമായി ബന്ധപ്പെട്ട് എൻ. ഗോപാലകൃഷ്ണൻ രചിച്ച് ബോധി ബുക്സ് പ്രസാധനം ചെയ്ത 'ഗുരുപഥങ്ങളിലൂടെ യോഗചരിത്രത്തിന്റെ അപൂർവ ഏടുകളിലേക്ക്" എന്ന പുസ്തകത്തിലൂടെ ഗുരുദേവൻ ജന്മം നൽകിയ എസ്.എൻ.ഡി.പി യോഗത്തിന്റെ അറിയപ്പെടാത്ത ചരിത്രത്താളുകളിലേയ്ക്കും ഗുരുതെളിച്ച വഴികളിലൂടെ ലക്ഷ്യസാക്ഷാത്ക്കാരം നേടിയ വ്യക്തികളുടെ ജീവിതങ്ങളിലേക്കും പ്രകാശം പരത്തുന്നുണ്ട് ഈ കൃതി. ശ്രീനാരായണഗുരുവിന്റെ തന്നെ ജീവിതത്തിലെ അധികമാരുമറിയാത്തതും അധികമാരുമെഴുതുകയോ പറയുകയോ ചെയ്തിട്ടില്ലാത്തതുമായ അത്യപൂർവം ചില ചരിത്രസംഭവങ്ങളും ഗോപാലകൃഷ്ണൻ വിവരിക്കുന്നുണ്ട്. 'ഇന്ന് ഒരു സുദിനം തന്നെ" എന്ന തലക്കെട്ടിൽ ഗോപാലകൃഷ്ണൻ അവതരിപ്പിക്കുന്ന സംഭവം ആരെയും വിസ്മയിപ്പിക്കുന്നതാണ്. സാമൂഹികമായ അവഗണനയും നീതിനിഷേധവും കൊണ്ടു വലഞ്ഞ തിരുവല്ലയ്ക്കടുത്തുള്ള കവിയൂരിലെ പിച്ചനാട്ടുകുറുപ്പന്മാർ എന്ന ജാതിസമൂഹത്തെ, പദവിയിൽ തങ്ങളേക്കാൾ വേറിട്ട സ്ഥിതിയിലുള്ള ഈഴവരോട്, ചേർത്ത് സ്വജനങ്ങളാക്കി പരിവർ
ത്തനം ചെയ്തുകൊണ്ടാണ് സ്വാമിതൃപ്പാദങ്ങൾ അന്ന് പുതിയൊരു വിപ്ലവത്തിന് വഴി തുറന്നത്. സരസകവി മൂലൂരിന്റെ നേതൃത്വത്തിൽ അഗ്നിസാക്ഷിയായി സംഘടിപ്പിക്കപ്പെട്ട ഈ ഈഴവീകരണപ്രക്രിയയ്ക്ക് സാക്ഷ്യം വഹിക്കാൻ നായർ - ഈഴവ - ക്രൈസ്തവ സമൂഹങ്ങളിലെ പ്രമാണിമാരെയെല്ലാം ക്ഷണിച്ചുവരുത്തി സത്ക്കരിക്കാൻ മുഖ്യസംഘാടകനായ മൂലൂർ എസ്. പത്മനാഭപ്പണിക്കർ പ്രത്യേകം ശ്രദ്ധിച്ചു. പിച്ചനാട്ടുകുറുപ്പ സ്ഥാനം കൈവെടിഞ്ഞ് ഈഴവമാർഗത്തിലേക്ക് വന്നവർക്ക് പിൽക്കാലത്തുണ്ടായ ശ്രേയസിന് ഈ സംഭവം കാരണഭൂതമായത് എപ്രകാരമെന്നും ലേഖകൻ വിവരിക്കുന്നു. ഇങ്ങനെ എത്രയെത്ര അപ്രകാശിത സംഭവവിവരണങ്ങളാണ് 'ഗുരുപഥങ്ങളിലൂടെ യോഗചരിത്രത്തിന്റെ അപൂർവ ഏടുകളിലേക്ക്" വെളിപ്പെടുത്തിയിരിക്കുന്നത്.
വളരെ ലളിതമായ ഭാഷയിൽ ഇടതടവില്ലാതെ അനായാസം വായിച്ചു പോകാവുന്ന വിധമാണ് ഗ്രന്ഥകാരൻ ഈ പുസ്തകത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ശ്രീനാരായണീയ ഒന്നടങ്കവും സമുദായാഭിമാനികൾ പ്രത്യേകിച്ചും കൈയിൽ കരുതിയിരിക്കേണ്ട ഒരു അമൂല്യഗ്രന്ഥമാണ് ' ഗുരുപഥങ്ങളിലൂടെ യോഗത്തിന്റെ അപൂർവ ഏടുകളിലേക്ക്" എന്ന് ഉറപ്പിച്ചു പറയാൻ കഴിയും.
(സരസകവി മൂലൂരിന്റെ പുത്രനും തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകഭരണസമിതി സെക്രട്ടറിയുമാണ് ലേഖകൻ)
വില: ₹ 350