കൊവിഡ് ബാധിതനായി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടന്ന
സംവിധായകൻ സംഗീത് ശിവൻ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു
കാലമെത്ര പോയാലും മലയാളികൾക്ക് ഒരിക്കലും മടുക്കാത്ത നർമ്മരംഗങ്ങളുടെ പുത്തൻ ഉണർവായി ഇന്നും നിലനിൽക്കുന്ന ചിത്രമാണ് മോഹൻലാൽ ജഗതി കോമ്പിനേഷനിൽ എത്തിയ യോദ്ധ.ചിത്രത്തിന്റെ അമരക്കാരൻ സംഗീത് ശിവൻ ബോളീവുഡിലും തന്റെ ശക്തമായ സാന്നിദ്ധ്യം തെളിയിച്ച സംവിധായകനാണ്. മലയാളത്തിലും ബോളിവുഡിലും ഒരുപോലെ കയ്യൊപ്പ് പതിപ്പിച്ച സംവിധായകൻ.അദ്ദേഹം കൊവിഡ് ബാധിതനായി ദിവസങ്ങളോളം ചികിത്സയിലായിരുന്നു. വെന്റിലേറ്ററിൽ ജീവൻ തുലാസിലാടിയ ദിനങ്ങൾ. ബന്ധുക്കളുടെയും അഭ്യുദയാംകാംക്ഷികളുടെയും ,സ്നേഹിതരുടെയും പ്രാർത്ഥനയും വിദഗ്ധ ചികിത്സയും സംഗീതിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരികയായിരുന്നു. കൊവിഡ് കാലം ജീവിതത്തിൽ വ്യത്യസ്തമായ അനുഭവമായിരുന്നെന്നും ഒരർത്ഥത്തിൽ രണ്ടാം വരവാണെന്നും സംഗീത് പറഞ്ഞു. കൊവിഡിൽ മുങ്ങിയ ദിനങ്ങൾ .ആ അനുഭവം സംഗീത് ഫ്ളാഷ് മൂവീസിനോട് പങ്കുവച്ചു.
കൊവിഡ് കാലം പുനർചിന്തനം
ലോകം മുഴുവൻ കൊവിഡ് വ്യാപനം സംബന്ധിച്ചപ്പോഴും എനിക്ക് പേടി തോന്നിയില്ല. എന്റെകാര്യങ്ങളെല്ലാം സാധാരണ രീതിയിലായിരുന്നു കടന്നു പോയിരുന്നത്. അച്ഛനെ (പ്രമുഖ ഛായാഗ്രാഹകനും സംവിധായകനും ഫോട്ടോഗ്രാഫറുമായ ശിവൻ )കാണാനാണ് മുംബൈയിൽ നിന്ന് ഡിസംബറിൽ കേരളത്തിലെത്തിയത്. ഒരാഴ്ച അച്ഛനോടൊപ്പം നിൽക്കാമെന്ന് കരുതിയാണ് വന്നത്. തിരിച്ചു പോകാൻ ഫ്ളൈറ്റ് ടിക്കറ്റടക്കം ബുക്ക് ചെയ്തിരുന്നു. സന്തോഷും(സന്തോഷ് ശിവൻ ) ഭാര്യ ദീപയും മകൻ തുടങ്ങി ഞങ്ങളെല്ലാവരും ഒത്തു ചേർന്നപ്പോൾ വീട് നിറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ എനിക്ക് പനി പോലെയൊരു അസ്വസ്ഥത തോന്നിയിരുന്നു.
പിന്നീട് തൊണ്ടയ്ക്ക് വല്ലാത്തൊരു വേദനയും. ഞാൻ ആണെങ്കിൽ അത് കാര്യമാക്കിയില്ല. സ്ഥിരമായി വരുന്ന പോലെയുള്ള അസ്വസ്ഥതയായിരിക്കുമെന്ന് കരുതി തിരിച്ചു പോവാനുള്ള പരിപാടി നോക്കുകയായിരുന്നു. കുട്ടികളാണ് അച്ഛൻ യാത്രചെയ്തു വന്നതല്ലേ ടെസ്റ്റ് ചെയ്യാൻ വിളിച്ചു പറഞ്ഞത്. അവരുടെ നിർബന്ധത്താലായിരുന്നു ടെസ്റ്റ് ചെയ്തത്. എനിക്കാണേൽ അതൊന്നും എന്നെ ബാധിക്കില്ലെന്ന ഒരു ആത്മവിശ്വാസമായിരുന്നു. അങ്ങനെയുള്ള എന്റെ മുന്നിലേക്ക് എത്തിയ കൊവിഡ് പോസറ്റീവ് റിസൾട്ട് ശരിക്കും ഷോക്കായിരുന്നു. അതിന്റെ തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ അച്ഛന്റെ കൂടെയായിരുന്നു കിടന്നിരുന്നത്.അതുകൊണ്ട് തന്നെ നല്ല ടെൻഷനുമുണ്ടായിരുന്നു. വീട്ടിൽ ബാക്കി എല്ലാവരെയും ടെസ്റ്റ് ചെയ്തപ്പോൾ അച്ഛനടക്കം എല്ലാവരും നെഗറ്റീവ് ആയിരുന്നു സന്തോഷിന്റെ ഭാര്യ ദീപയും ഞാനും മാത്രം പോസിറ്റീവ്. വീട്ടിൽ ഞാൻ താഴെ ക്വാറന്റൈനിലും ദീപ മുകളിൽ ക്വാറന്റൈനിലും നിന്നു. ഓക്സിജൻ സാച്ചുറേഷൻ 94 ആയാൽ ഹോസ്പിറ്റലിലേക്ക് എത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശം നൽകിയിരുന്നു. ആദ്യത്തെ ദിവസങ്ങളിൽ 96 ആയി. ചെറുതായി ചുമയും തുടങ്ങി.94 ആയപ്പോൾ ആംബുലൻസ് വിളിച്ചു ഹോസ്പിറ്റലിലേക്ക് പോവുകയായിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടാവും അവശനായ ഒരു രോഗിയെപ്പോലെ സ്വയം ആംബുലൻസിൽ കയറി പോയത്. ഉറ്റവരും ഉടയവരും ആ കാഴ്ച നോക്കിനിൽക്കുന്നത് കണ്ടു. അത് വല്ലാത്തൊരു അനുഭവമായിരുന്നു.
ഹോസ്പിറ്റലിൽ കിടന്നതെല്ലാം മറ്റൊരു അനുഭവമായാണ് തോന്നിയത്. മാസ്ക് ടൈറ്റായി കെട്ടി വച്ചിരിക്കുന്നു. ജീവിതത്തിൽ മുൻപൊരിക്കലും ഇല്ലാത്ത ഒരു ദാഹമായിരുന്നു. തൊണ്ട വരണ്ടു പൊട്ടുന്നത് പോലെയൊരു തോന്നൽ. മക്കളെല്ലാം മുംബൈയിൽ നിന്ന് വന്നു. അവർ അകെ തളർന്നു. വെന്റിലേറ്ററിലേക്ക് മാറ്റി . പിന്നീടുള്ള കാര്യങ്ങളൊന്നും ഓർമ്മയില്ല. ആദ്യം പ്രവേശിച്ച ആശുപത്രിയിൽ നിന്ന് മക്കൾ നിർബന്ധിച്ച് എന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടുത്തെ ട്രീറ്റ്മെന്റ് മികച്ചതായിരുന്നു. മൂന്ന് ആഴ്ചയോളം വെന്റിലേറ്ററിൽ കിടന്നു. ആരോഗ്യ സ്ഥിതി അത്രയ്ക്കും മോശമായിരുന്നു. ഇത്രയും ദിവസം അബോധാവസ്ഥയിലായിരുന്നു. കുടുംബം പുറത്തു വന്ന് നോക്കിയിരുന്നു.
അബോധാവസ്ഥയിലെ ആ കാഴ്ചകൾ
ചില കാഴ്ചകൾ എന്റെ കണ്ണിനെ മനോഹരമാക്കിയിരുന്നു. വെള്ള ഡ്രസ്സിട്ട മനോഹരമായ മുഖമില്ലാത്ത ചില കാഴ്ചകൾകണ്ടു. അവരുടെ കൂടെ യാത്രചെയ്തു. ചില ശബ്ദങ്ങൾ. ആരൊക്കെയോ വന്ന് കഥകൾ പറയുന്നു.
ബോധത്തിലേക്ക് വന്നപ്പോൾ
എല്ലാവരെയും ഓരോ പേരിലാണ് വിളിച്ചത്(ഭാര്യ പറഞ്ഞ അറിവ് ). ശ്വാസ തടസം പോലെ തോന്നിയിരുന്നു. നടക്കാനായിരുന്നു ഏറ്റവും ബുദ്ധിമുട്ട്. ഓരോ സ്റ്റെപ്പും വയ്ക്കുന്നത് അത്രയും പ്രയാസപ്പെട്ടായിരുന്നു. പത്തു ദിവസത്തിനുള്ളിൽ ഞാൻ പഴയപടി നടന്നു തുടങ്ങി. മാനസികമായ കരുത്താണ് ഏറ്റവും കൂടുതൽ വേണ്ടത്.സ്റ്റെപ്പുകൾ കയറാനൊക്കെ ഉഷാറായിരിക്കും. പക്ഷേ അത് കഴിഞ്ഞ് ശ്വാസം നമുക്ക് നിയന്ത്രിക്കാൻ സാധിക്കില്ല. വീട്ടിൽ വന്നിട്ട് നടക്കുമ്പോഴും കൂടെ ആരെങ്കിലും എപ്പോഴും ഒപ്പം നിൽക്കുമായിരുന്നു. എപ്പോഴാണ് വീണു പോകുക എന്നറിയില്ലായിരുന്നു.മകൻ എല്ലാം ചെയ്യാൻ എന്നെ സ്നേഹത്തോടെ നിർബന്ധിച്ചിരുന്നു.
ഇതിൽ നിന്ന് പഠിച്ചത്
ഇന്ന് ജീവിക്കുക എന്ന കാര്യം പഠിച്ചു. നാളത്തേക്ക് വേണ്ടി ഒന്നും മാറ്റിവയ്ക്കരുതെന്ന് പഠിച്ചു. ഒരുപാട് കാര്യങ്ങൾ പ്ളാൻ ചെയ്തിട്ട് കാര്യമില്ലെന്നും തിരിച്ചറിഞ്ഞു.
കുടുംബത്തിന്റെ പിന്തുണ
കുടുംബത്തിന്റെ അതിശക്തമായ പിന്തുണയായിരുന്നു ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇമോഷണലി വീക്കാണെങ്കിലും ഭാര്യ പിടിച്ചുനിന്നു. ഹോസ്പിറ്റൽ മാറ്റണമെന്ന തീരുമാനം മകന്റെയായിരുന്നു(ശാന്തനു ). അവന്റെയുള്ളിലെ ടെൻഷൻ ഒന്നും ആരോടും പങ്കുവയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.
എന്നാൽ ആദ്യത്തെ ആശുപത്രിയിലെ എന്റെ രോഗാവസ്ഥ കണ്ടപ്പോൾഹോസ്പിറ്റൽ മുതൽ സ്റ്റാച്യു വരെ എന്ത് ചെയ്യണമെന്ന് ആലോചിച്ച് കരഞ്ഞുവെന്നു പിന്നീട് എന്നോട് പറഞ്ഞിരുന്നു.ശാന്തനു ഡോക്ടറായ എന്റെ സുഹൃത്തിനോട് നിരന്തരം സംസാരിക്കുമായിരുന്നു. ഇത്രയും ക്രിട്ടിക്കലായ അവസ്ഥ വന്നപ്പോൾ ശാന്തനു പക്വമായാണ് ഇടപെട്ടത്. അതെനിക്ക് ഒരുപാഠമായിരുന്നു. ഞാനാണ് ആ അവസ്ഥയിൽ നിൽക്കുന്നതെങ്കിൽ ഞാൻ എന്തായിരിക്കും ചെയ്തിരിക്കുകയെന്ന കാര്യത്തിൽ എനിക്ക് ഒരു നിശ്ചയവുമില്ല.
ഈ അനുഭവം സിനിമയിൽ കാണാം
പൂർണമായും തള്ളിക്കളയാൻ സാധിക്കില്ല. ചിലതെല്ലാം സിനിമയിൽ കാണാം.വെന്റിലേറ്റർ റൂമിൽ കണ്ട വെള്ളപൊതിഞ്ഞ ശരീരങ്ങളും ഹരിപ്പാടും നാശോൻമുഖമായ ഒരുബോട്ടും ബൊളീവിയൻ സംഗീതവും അവിടെയുള്ളവരുടെ ജീവിതവും.
ബോധം വന്നതിനു ശേഷം ശാന്തനുവിനോട് ഇതിന് കുറിച്ച് സംസാരിച്ചപ്പോൾ അയാൾ പറഞ്ഞത് വെന്റിലേറ്റർ റൂമിൽ ഡോക്ടർമാരെല്ലാം വെള്ള വസ്ത്ര മണിഞ്ഞിട്ടാണ് നിന്നിരുന്നത്. അതായിരിക്കും അച്ഛൻ കണ്ട വെള്ള ശരീരങ്ങൾ എന്ന് പറഞ്ഞു. ഹരിപ്പാടും ബോട്ടുമെല്ലാം എന്റെ പാസ്റ്റിൽ നിന്ന് വന്ന ഓർമ്മയായിരിക്കും.അതൊക്കെ ഇനി ഞാൻ എടുക്കുന്ന ഏതെങ്കിലും സിനിമകളിലൊക്കെ വന്നേക്കാം.
പുതിയ പ്രോജക്ട്
ലോക്ക്ഡൗൺ സമയത്ത് ഒരുസിനിമ പ്ലാൻ ചെയ്തിരുന്നു. മലയാളത്തിൽ ചെയ്യാമെന്ന് കരുതി എഴുതിയതാണ് പക്ഷേ എഴുതി വന്നപ്പോൾ വലിയ സിനിമയായി.അപ്പോൾ ഹിന്ദിയിൽ ചെയ്യാമെന്ന് തിരുമാനിക്കുകയിരുന്നു.