മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്ട്സ് മാൻ ആയിരുന്ന െഎ.വി ശശിയുടെ
പാത പിന്തുടർന്ന മകൻ അനി െഎ.വി ശശി ആദ്യ സിനിമ ഒരുക്കിയതിന്റെ ആഹ്ളാദത്തിൽ
മഞ്ഞ നിറത്തിലാവും മിക്കവാറും സ്ക്രീനിൽ പേര് തെളിയുക. ആദ്യം ഇംഗ്ളീഷിൽ. പിന്നെ മലയാളത്തിൽ. സംവിധാനം ഐ.വി. ശശി എന്നു കാണുമ്പോൾ കൊട്ടകയിലുണ്ടാവുന്ന ആരവം മലയാളത്തിൽ മറ്റൊരു സംവിധായകനും അതിനു മുൻപും പിൻപും ലഭിച്ചില്ല. എഴുപതുകളിലോ എൺപതുകളിലോ കൗമാരക്കാരനായിരുന്ന ഓരോ മലയാളിയുടെയും നൊസ്റ്റാൾജിയയാണ് ഐ.വി. ശശി. അക്കാലത്ത് മലയാള സിനിമയിൽ ഒരേ ഒരു സൂപ്പർ താരമാണ് ഉണ്ടായിരുന്നത്. അത് ഐ.വി. ശശി എന്ന കുറിയ മനുഷ്യനായിരുന്നു. വർഷം പത്തും പതിനഞ്ചും പടം സംവിധാനം ചെയ്ത് ഇന്ത്യൻ സിനിമയെ അത്ഭുതപ്പെടുത്തിയ ആ മനുഷ്യൻ ഒരു ദിവസം ജീവിതസഖിയായ സീമയോട് പറഞ്ഞു 'നമ്മുടെ മോൻ സംവിധായകനാവും" . മകൻ അനിക്ക് അന്നു പത്തു വയസ്. ആ വാക്കുകൾ സത്യമായിത്തീർന്നു. വലിയൊരു സിനിമാ പാരമ്പര്യം കൈമുതലായുള്ള അനി ഐ.വി. ശശി 'നിന്നിലാ നിന്നിലാ"എന്ന തെലുങ്ക് ചിത്രം സംവിധാനം ചെയ്താണ് അച്ഛന്റെ പാതയിൽ എത്തിയത്. ഒടിടി റിലിസായി എത്തിയ ചിത്രം പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തു.വിഷ്വൽ കമ്യൂണിക്കേഷൻ പഠനം കഴിഞ്ഞ അനി പത്തുവർഷമായി പ്രിയദർശന്റെ ശിഷ്യനായി പ്രവർത്തിക്കുന്നു.മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ പ്രിയദർശനൊപ്പം തിരക്കഥ ഒരുക്കുകയും ചെയ്തു.
നാളെത്തെ സംവിധായകനെ അച്ഛന് എങ്ങനെ തിരിച്ചറിയാൻ സാധിച്ചു?
വീട്ടിൽ സിനിമ മാത്രമാണ് അച്ഛൻ സംസാരിച്ചിരുന്നത്. ഞാൻ അത് ശ്രദ്ധേയോടെ കേൾക്കും.എന്നാലും ഇത്ര കൃത്യമായി പറയാൻ അച്ഛന് എങ്ങനെകഴിഞ്ഞുവെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. സിനിമയുടെ സാങ്കേതിക വശമാണ് എന്നെ ആകർഷിച്ചത്. സിനിമ മാത്രമേ എനിക്ക് അറിയുകയുള്ളൂ. സിനിമ ചെയ്യുമ്പോഴാണ് എനിക്ക് സമാധാനം കിട്ടുന്നത്. അത് ക്ളാപ്പടിക്കുന്നതായാൽ പോലും. കാമറയുടെ പിന്നിൽ നിൽക്കുമ്പോൾ സിനിമാകുടുംബത്തിൽ നിന്നു വരുന്നതിന്റെ ടെൻഷൻ അനുഭവപ്പെടാറില്ല. എന്റെ സന്തോഷത്തിലാണ് സിനിമ ചെയ്യുന്നത്. അച്ഛൻ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. അതിന് ഒപ്പം എത്താൻ എനിക്ക് കഴിയില്ല. എനിക്ക് സിനിമകൾ ചെയ്താൽ മതി.
ഐ.വി. ശശിയുടെയും സീമയുടെയും മകൻ ആദ്യ സിനിമ മലയാളത്തിൽ ചെയ്യുമെന്നാണ് പ്രേക്ഷകർ കരുതിയത്?
മലയാളത്തിൽ ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. എന്റെ മലയാളം അത്ര നല്ലതല്ല.അപ്പോൾ തമിഴിൽ ചെയ്യാൻ തീരുമാനിച്ചു. വേഗം തിരക്കഥ പൂർത്തിയാവുകയും ചെയ്തു. അപ്പോഴാണ് സുഹൃത്തും ഛായാഗ്രാഹകനുമായ ദിവാകർ മണി ഹൈദരാബാദിലെത്തിയത്. ഞങ്ങൾ തമ്മിൽ കാണുന്നു. നിർമ്മാതാവ് ബി.വി.എസ്.എൻ പ്രസാദിന് കഥ ഇഷ്ടപ്പെട്ടു. അപ്പോഴാണ് തെലുങ്കിൽ ചെയ്യാമെന്ന തീരുമാനത്തിൽ എത്തുന്നത്. 2019ലായിരുന്നു അത്. ആ വർഷം തന്നെ ചിത്രം തുടങ്ങാമെന്നും ലണ്ടനിൽ ചിത്രീകരിക്കാമെന്നും പ്രസാദ് സർ പറഞ്ഞു. എന്റെ മനസിൽ ലൊക്കേഷൻ കുളു, മണാലി ആയിരുന്നു. മഞ്ഞും കുളിരും അത്യാവശ്യമായിരുന്നു ഈ കഥയ്ക്ക്. ലണ്ടൻ എന്നു പറഞ്ഞപ്പോൾ ചില കഥാപാത്രങ്ങളിൽ മാറ്റം വരുത്തി. തമിഴിൽ 'തീനി" എന്ന പേരിലാണ് ചിത്രം. 'റാറ്റട്യൂലി" എന്ന ഹോളിവുഡ് ചിത്രമാണ് തീനിയ്ക്ക് പ്രചോദനം. ഭക്ഷണം ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്. ഭക്ഷണത്തിന് വലിയ പവറുണ്ട്. അത് നമ്മുടെ മൂഡ് മാറ്റാൻ പറ്റും. സൗഹൃദം കൂട്ടാൻ പറ്റും. ഭക്ഷണവും ബന്ധങ്ങളും ഇഴചേർന്നു കിടക്കുന്നു. തെലുങ്ക് സിനിമയായതുകൊണ്ട് ഹൈദരാബാദിലും ആന് ധ്രയിലും തെലുങ്കാനയിലും മാത്രം ഒതുങ്ങി നിന്നേനെ. എന്നാൽ ഒടിടി റിലീസായാ
യതിനാൽ മലയാളികൾ വരെ കണ്ടു.അതിൽ എറെ സന്തോഷമുണ്ട്.
എങ്ങനെയാണ് നായകനായി അശോക് സെൽവനും നായിക മുഖമായി നിത്യയും ഋതുവു ം എത്തുന്നത്്?
അശോക് സെൽവൻ എന്റെ സുഹൃത്താണ്. ഞങ്ങൾ ഒന്നിച്ച് പഠിച്ചവർ. ഞാൻ എന്ത് എഴുതിയാലും ആദ്യം മനസിൽ വരുന്ന മുഖം അശോകിന്റേതാണ്. അശോക് തന്നെ ആദ്യ ചിത്രത്തിൽ നായകനാവുകയും ചെയ്തു. 2009ൽ അച്ഛൻ സംവിധാനം ചെയ്ത വെള്ളത്തൂവലിൽ നായികയായിരുന്നു നിത്യ മേനോൻ. അന്നുമുതൽ ഞങ്ങൾ സുഹൃത്തുക്കൾ. കാണുമ്പോഴെല്ലാം തിരക്കഥയെക്കുറിച്ച് ചർച്ച ചെയ്യുമായിരുന്നു. വളരെ മുൻപേ നിത്യയോട് കഥ പറഞ്ഞു. മായ എന്ന കഥാപാത്രത്തെ താൻ ചെയ്തോളാമെന്ന് നിത്യ പറഞ്ഞിരുന്നു. 2017ൽ മായ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിരുന്നു. അതിലെ നായികയായി ഋതുവിനെയാണ് തീരുമാനിച്ചത്. എന്നാൽ ഋതുവിന് അഭിനയിക്കാൻ സാധിച്ചില്ല. പ്രിയ ആനന്ദാണ് ആ ചിത്രത്തിൽ നായികയായത്. പിന്നീട് ഋതുവിനെ കണ്ട സമയത്ത് ഈ കഥ പറഞ്ഞു. കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു.
സിനിമ കണ്ടശേഷം അമ്മ എന്തു പറഞ്ഞു?
സന്തോഷത്താൽ അമ്മ കരഞ്ഞു. പിന്നെ കുറെ ചിരിച്ചു. അച്ഛൻ കൂടി വേണമായിരുന്നുവെന്ന് പറഞ്ഞു. അമ്മയുടെ ഫോട്ടോ സിനിമയിൽ കാണിക്കുന്നുണ്ട്. സിനിമ കണ്ടപ്പോഴാണ് അമ്മ അറിയുന്നത്. മനഃപൂർവം ഞാൻ അമ്മയോട് പറയാതിരുന്നതാണ്.മോനെ, നന്നായിട്ടുണ്ടെന്ന് ചേച്ചി പറഞ്ഞു. ചേച്ചി അനുവും ഭർത്താവ് മിലനും മകൻ ആരവും സിഡ്നിയിലാണ്.ആരവിന് ഏഴു വയസ്. ചേച്ചിയുടെയും എന്റെയും കുട്ടിക്കാലത്ത് സിനിമയിൽ അമ്മ നല്ല തിരക്കായിരുന്നു. ആസമയത്ത് ചേച്ചിയാണ് എന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. എട്ടുവയസിന്റെ വ്യത്യാസമുണ്ട് ചേച്ചിയും ഞാനും തമ്മിൽ. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ചേച്ചി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ അഭിനയിക്കണമെന്ന് ഒരിക്കൽപോലും എനിക്ക് തോന്നിയില്ല. സിനിമയുടെ സാങ്കേതിക മേഖലയെപ്പറ്റി പറഞ്ഞു അച്ഛൻ ഭ്രമിപ്പിച്ചപ്പോൾ അഭിനയത്തെപ്പറ്റി ചിന്തിക്കാൻ സമയമില്ലായിരുന്നു. അമ്മയിൽ നിന്നു പഠിച്ച കാര്യങ്ങളാണ് ജീവിതത്തിൽ നടപ്പാക്കുന്നത്. എപ്പോഴും സന്തോഷത്തിൽ ഇരിക്കുക. ടെൻഷൻ പാടില്ല എന്നൊക്കെ. കുട്ടികളുടെ മനസാണ് അമ്മയ്ക്ക്. അമ്മ ഒരു കർക്കശക്കാരിയല്ല. ഉപദേശം നൽകുന്ന ആളുമല്ല.
ശരിക്കുള്ള മാസ് പടം എന്തെന്നറിയാൻ ഐ.വി. ശശിയിലേക്ക് തിരിഞ്ഞുനോക്കണം. ഈ നാട്, ഇനിയെങ്കിലും, മീൻ, അങ്ങാടി, വാർത്ത അടിമകൾ ഉടമകൾ, അബ്കാരി, നാൽക്കവല, മോഹൻലാലിന്റെ മീശപിരിയൻ മാടമ്പി വേഷം തുടങ്ങിവച്ചതുപോലും ഐ.വി. ശശിയായിരുന്നു .സിനിമ ദേവാസുരം. അസാദ്ധ്യമായ വേഗം ഐ.വി. ശശിയുടെ ശക്തിയായിരുന്നു. മാസ്റ്റർ ക്രാഫ്ട്സ്മാൻ.ആ, ആ, ഇ, ഈ എന്നു മലയാളി പ്രേക്ഷകൻ സിനിമ കണ്ടുപഠിച്ചത് ശശിയിലൂടെയായിരുന്നു. അ എന്ന അക്ഷരത്തെയും ആ എന്ന അക്ഷരത്തെയും അഗാധമായി പ്രണയിച്ചു. അവളുടെ രാവുകൾ, അഭിനന്ദനം, അനുഭവം, അമേരിക്ക അമേരിക്ക, അങ്ങാടി, അനുപല്ലവി, അലാവുദ്ദീനും അദ്ഭുതവിളക്കും, അനുഭവങ്ങളെ നന്ദി, അക്ഷരങ്ങൾ, അടിമകൾ ഉടമകൾ, അബ്കാരി, അനുരാഗി, അനുഭൂതി, ആശീർവാദം, ആലിംഗനം, ആരാധന, ആൾക്കൂട്ടത്തിൽ തനിയെ, 1921, ആവനാഴി.
എന്റെ ഭീഷണീന്നു പറഞ്ഞാൽ ഊച്ചാളി രാഷ്ട്രീയക്കാരെ പോലെ സ്ഥലം മാറ്റിക്കളയലാകില്ല. കൊന്നുകളയും. മടിക്കില്ല ഞാൻ. പുതിയ ആളായതോണ്ടോ - ഇവിടെ ചോദിച്ചാമതി പറഞ്ഞുതരും.
ആൾക്കൂട്ടത്തിനു നടുവിൽ നെഞ്ചുവിരിച്ചു നായകൻ.
എപ്പോഴായിരിക്കും അച്ഛനെ പോലെ മാസ് സിനിമ ചെയ്യുക?
കഥ ആവശ്യപ്പെട്ടാൽ ചെയ്യും. ഇരുപതുപേരെ വച്ച് ഷൂട്ട് ചെയ്യാൻ സുഖമാണ്. മരക്കാറിൽ ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ അഞ്ഞൂറിലധികം ആളുകളുണ്ട്. എന്നാൽ അച്ഛന്റെ സമയത്ത് ഇത്രയും ആളുകളെ നിയന്ത്രിച്ച് സിനിമ ചെയ്യുക ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. എല്ലാവരെയും നിയന്ത്രിച്ച് എങ്ങനെ സിനിമ ചെയ്യാൻ കഴിയുന്നുവെന്ന് അച്ഛനോട് ചോദിച്ചിട്ടുണ്ട്. ഞാൻ പറഞ്ഞാൽ ആളുകള് അനുസരിക്കുമെന്നായിരുന്നു അച്ഛന്റെ മറുപടി. ലൗഡ് സ്പീക്കറിലൂടെ അച്ഛൻ ആളുകളെ നിയന്ത്രിച്ചു. അത് അച്ഛന്റെ പവറാണ്. അച്ഛന്റെ സിനിമകൾ ആളുകളിൽ ചെലുത്തിയ സ്വാധീനമായിരിക്കും. ഒപ്പം അച്ഛനോടുള്ള സ്നേഹവും .ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ സഹ സംവിധായകർക്ക് കഴിയില്ല. അച്ഛന്റെ മാസ് സിനിമയേക്കാൾ എനിക്ക് ഇഷ്ടം എം.ടി സാറിന്റെയും പദ്മരാജൻ സാറിന്റെയും തിരക്കഥയിൽ ചെയ്ത സിനിമകളാണ്. ആൾക്കൂട്ടത്തിൽ തനിയേ, ആരൂഢം, അനുബന്ധം, കാണാമറയത്ത് തുടങ്ങിയ സിനിമകൾ.
അച്ഛന്റെ ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച മമ്മൂട്ടിയോടൊപ്പം എപ്പോഴായിരിക്കും ഒത്തുച്ചേരുക?
ആലോചനയുണ്ട്. എപ്പോൾ നടക്കുമെന്ന് അറിയില്ല. ചിലപ്പോൾ തെലുങ്കിൽ തന്നെയായിരിക്കും അടുത്ത സിനിമയും. ചർച്ചകൾ നടക്കുന്നു.വൈകാതെ മലയാളത്തിലും ചെയ്യണം.
അച്ഛൻ Vs പ്രിയൻ സാർ
അച്ഛനിൽനിന്ന് സിനിമ തന്നെയാണ് പഠിച്ചത്. അച്ഛനെ കണ്ടുപഠിച്ചത് ക്ഷമ. അച്ഛൻ ജീവിച്ചിരുന്ന സമയത്ത് മറ്റുള്ളവരോട് ഞാൻ പെട്ടെന്ന് ദേഷ്യപ്പെടുമായിരുന്നു. അച്ഛൻ പോയ ശേഷമാണ് എന്റെ സ്വഭാവം മാറിയത്. ശാന്തമായ പെരുമാറ്റത്തിന്റെ വില ഇപ്പോഴാണ് അറിയുന്നത്. അച്ഛൻ ഒരിക്കലും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. അധികം സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നുഅച് ഛൻ. സിനിമയിലേക്ക് വന്നപ്പോൾ ഉപദേശമൊന്നും തന്നില്ല. പ്രിയൻ സാർ ഒന്നും പറഞ്ഞുതരില്ല. എല്ലാം കണ്ട് പഠിച്ചെടുക്കേണ്ടതാണ്. ഒരു നിമിഷം പോലും നമ്മുടെ ശ്രദ്ധ മാറിപ്പോവാനും പാടില്ല. സ്ക്രിപ്ടിങ്, ആൾക്കൂട്ടം വച്ച് എങ്ങനെ ഭംഗിയായി ഫ്രെയിം ഒരുക്കാമെന്നുള്ള കാര്യമെല്ലാം പ്രിയൻ സാറിൽ നിന്നാണ് പഠിച്ചത്. ലോകത്ത് നല്ല സിനിമ മോശം സിനിമ എന്നൊന്നില്ലെന്ന് പ്രിയൻ സാർ എപ്പോഴും പറയാറുണ്ട്. മോശം സിനിമ എന്നു നമ്മൾ പറയുന്നത് ചിലർക്ക് ഇഷ്ടപ്പെടുന്നുണ്ടാവും. ആളുകൾ എന്തു അഭിപ്രായം പറഞ്ഞാലും അതു മുഖ്യമായി കാണാൻ പാടില്ല. നമുക്ക് ശരി എന്നു തോന്നുന്നത് ചെയ്യുക. ആ വാക്കുകൾ പിന്തുടരുന്നു.