വ്രത ശുദ്ധിയുടെ ഇൗ പുണ്യമാസത്തിൽ പ്രിയപ്പെട്ട റംസാൻ വിഭവങ്ങളും അവയുടെ
രുചിക്കൂട്ടുകളും ഫ്ളാഷ് മൂവീസ് വായനക്കാർക്ക് വേണ്ടി പങ്കുവയ്ക്കുകയാണ് പ്രിയ താരം അനു സിതാര
കുഞ്ഞിപ്പത്തിരിയും ചിക്കൻ കറിയും ഇറച്ചിപ്പത്തിരി, കല്ലുമ്മക്കായ പൊരിച്ചത്... പ്രിയ വിഭവങ്ങളെപ്പറ്റി പറയുകയാണ് പ്രിയതാരം അനുസിതാര.
'കുഞ്ഞിപ്പത്തിരിക്ക് ഒരു നാണയത്തുട്ടിന്റെ വലിപ്പമേ കാണൂ. അതും ചിക്കൻ കറിയും. എന്തൊരു കോമ്പിനേഷനാണെന്നറിയ്വോ!" അനുവിന്റെ മനസിൽ പ്രിയ രുചികളുടെ സ്വാദ് നിറഞ്ഞു. "പ്രിയപ്പെട്ട വിഭവങ്ങളാണെങ്കിലും ഇതൊന്നും ഞാൻ സ്വന്തമായി ഉണ്ടാക്കാറില്ല. വീട്ടിൽ മമ്മിയും ഉമ്മയും കൂടിയാണ് അത്തരം പലഹാരങ്ങളൊക്കെയുണ്ടാക്കുന്നത്. ഇപ്പോൾ നൊയമ്പുകാലമാണെങ്കിലും ഞാൻ എല്ലാ നൊയമ്പുമെടുക്കാറില്ല. ഇടയ്ക്ക് നൊയമ്പെടുക്കും. കുഞ്ഞിപ്പത്തിരിയും ഇറച്ചിപ്പത്തിരിയും കല്ലുമ്മക്കായ പൊരിച്ചതുമൊക്കെ നൊയമ്പുതുറ വിഭവങ്ങളാണ്." അനുസിതാര പറഞ്ഞു.
കുഞ്ഞിപ്പത്തിരിയും
ചിക്കൻ കറിയും
കുഞ്ഞിപ്പത്തിരിക്കുള്ള ചേരുവകൾ
തേങ്ങ ചിരകിയത് ....................നാല് ടേബിൾ സ്പൂൺ
ചെറിയ ഉള്ളി ...........................................രണ്ടെണ്ണം
ചെറിയ ജീരകം .........................രണ്ട് ടേബിൾ സ്പൂൺ
ഉപ്പ് .................................................. ആവശ്യത്തിന്
വെളിച്ചെണ്ണ .....................................ആവശ്യത്തിന്
വെള്ളം ............................................ആവശ്യത്തിന്
പത്തിരിപ്പൊടി അല്ലെങ്കിൽ
പുഴുക്കലരിപ്പൊടി .............................ആവശ്യത്തിന്
വലിയ ജീരകം ..........................രണ്ട് ടേബിൾ സ്പൂൺ
പാകം ചെയ്യുന്ന വിധം
പാനിൽ രണ്ടരക്കപ്പ് വെള്ളമൊഴിച്ച് ചൂടാക്കി നാല് ടേബിൾ സ്പൂൺ തേങ്ങ ചിരകിയതും രണ്ട് ചെറിയ ഉള്ളി, രണ്ട് ചെറിയ ജീരകം എന്നിവ അരച്ചെടുത്തശേഷം ആവശ്യത്തിനുള്ള ഉപ്പും വെളിച്ചെണ്ണയും ചേർത്തശേഷം പുഴുക്കലരിപ്പൊടിയോ പത്തിരിപ്പൊടിയോ കുഴച്ചെടുക്കുക. നല്ല മയം വന്നശേഷം നാലഞ്ച് മിനിട്ട് അടച്ച് വയ്ക്കുക. അല്പംകൂടി മയം വന്നശേഷം വീണ്ടും കുഴച്ചെടുക്കുക. കൈയിൽ അല്പം എണ്ണ തടവിയശേഷം കുഴച്ച മാവ് അല്പാല്പമായി എടുത്ത് ചെറിയ വലിപ്പത്തിൽ പരത്തിയെടുക്കുക. പിന്നീട് തിളപ്പിച്ച വെള്ളത്തിലേക്ക് വാഴയിലയിൽ പൊതിഞ്ഞ് പരത്തിയെടുത്ത മാവ് വേവിച്ചെടുക്കുക. പത്തുപന്ത്രണ്ട് മിനിട്ട് കഴിഞ്ഞ് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. തേങ്ങ ചിരകിയതും രണ്ട് ചെറിയ ഉള്ളിയും രണ്ട് ടീസ്പൂൺ വലിയ ജീരകവും ചെറുതായി അരച്ചെടുക്കുക. മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കി ചെറുതായി അരിഞ്ഞ ചെറിയ ഉള്ളിയുമിട്ട് വഴറ്റിയെടുക്കുക. ഒരുപിടി കറിവേപ്പിലയും രണ്ട് നുള്ള് മഞ്ഞൾപ്പൊടിയും എണ്ണയിലേക്കിടുക. ആദ്യം തയ്യാറാക്കിയ തേങ്ങയുടെയും വലിയ ജീരകത്തിന്റെയും മിശ്രിതം ഇതിലേക്കിട്ട് അരക്കപ്പ് ചൂടുവെള്ളമൊഴിച്ച് ഉപ്പും ചേർത്ത് ഇളക്കുക. അത്യാവശ്യം വേവായിക്കഴിയുമ്പോൾ നേരത്തെ തയ്യാറാക്കിവച്ച കുഞ്ഞിപ്പത്തിരി അതിലേക്കിട്ട് ഇളക്കിയെടുക്കുക.
ചിക്കൻകറിക്കുള്ള ചേരുവകൾ
ചിക്കൻ എല്ലോടുകൂടി
കഷണങ്ങളാക്കിയത്................ .......1 കിലോ
പുതിനയില .............................ആവശ്യത്തിന്
മല്ലി ഇല ............................................ ഒരുപിടി
ഇഞ്ചി .......................................നാല് കഷണം
വെളുത്തുള്ളി.................................... എട്ട് അല്ലി
പച്ചമുളക് .....................................നാല് എണ്ണം
തൈര് ..............................................അര കപ്പ്
കറുവാപ്പട്ട ............................... ആവശ്യത്തിന്
ഏലയ്ക്ക.....................................ആവശ്യത്തിന്
ഗ്രാമ്പൂ ......................................ആവശ്യത്തിന്
സവാള (ചെറുതായി അരിഞ്ഞത്)......3 എണ്ണം
മുളക് പൊടി ................................രണ്ട് ടീസ്പൂൺ
മല്ലിപ്പൊടി...................................അര ടീസ്പൂൺ
പെരുജീരകം പൊടിച്ചത് .............അര ടീസ്പൂൺ
മഞ്ഞൾപ്പൊടി............................അര ടീസ്പൂൺ
ഗരം മസാല പൊടിച്ചത് ...............അര ടീസ്പൂൺ
തക്കാളി ............................................2 എണ്ണം
പാകം ചെയ്യുന്ന വിധം
പുതിന ഇലയും മല്ലിയിലയും ഇഞ്ചിയും വെളുത്തുള്ളിയും തൈരും അരച്ചെടുക്കുക.
കടായി അടുപ്പത്തുവച്ച് ചൂടാക്കി വെളിച്ചെണ്ണ തൂവുക. എണ്ണ ചൂടായിക്കഴിഞ്ഞ് കറുവാപ്പട്ടയും ഏലയ്ക്കയും ഗ്രാമ്പൂവും എണ്ണയിലേക്കിട്ട് മുളകുപൊടിയും മല്ലിപ്പൊടിയും പെരുംജീരകവും മഞ്ഞൾപ്പൊടിയും ഗരം മസാലയും ചേർത്ത് ചെറുതായി വഴറ്റിയെടുക്കുക.
തക്കാളി അരിഞ്ഞത് ചേർത്ത് വീണ്ടും വഴറ്റിയതിന് ശേഷം എല്ലോടുകൂടി കഷണങ്ങളാക്കി മുറിച്ച ചിക്കൻ ചേർക്കാം. നേരത്തെ അരച്ച് മാറ്റിവച്ചിരുന്ന മസാലക്കൂട്ട് ചിക്കൻ കഷണങ്ങൾക്ക് മേൽ തൂവിയ ശേഷം അല്പം വെള്ളംകൂടി ചേർത്ത് നന്നായി ഇളക്കി വീണ്ടും ആവശ്യത്തിന് വെള്ളം ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് വീണ്ടും വഴറ്റി കടായിയിൽ കറിവേപ്പില വിതറി പതിനഞ്ച് മിനിട്ട് വേവിച്ചെടുക്കുക.അടിയിൽ പിടിക്കാതിരിക്കാൻ ഇടയ്ക്ക് ഇളക്കിക്കൊടുക്കണം.
കല്ലുമ്മക്കായ പൊരിച്ചത്
ചേരുവകൾ
കല്ലുമ്മക്കായ ..................................ആവശ്യത്തിന്
പച്ചരി ....................................................... ഒരു കപ്പ്
സവാള ..................................................... ഒരെണ്ണം
തേങ്ങ ...................................................... ഒരെണ്ണം
പെരുംജീരകം.....................................മൂന്ന് ടീസ്പൂൺ
മഞ്ഞൾപ്പൊടി ................................... അര ടീസ്പൂൺ
ഉപ്പ് .................................................ആവശ്യത്തിന്
വെള്ളം...........................................ആവശ്യത്തിന്
അരിപ്പൊടി .....................................ആവശ്യത്തിന്
മുളക് പൊടി ..............................ഒരു ടേബിൾസ്പൂൺ
കറി മസാലപൊടി ..............................അര ടീസ്പൂൺ
വെളിച്ചെണ്ണ ............................................3 ടീസ്പൂൺ
പാകം ചെയ്യുന്ന വിധം
കല്ലുമ്മക്കായ ഒാരോന്നായി എടുത്ത് പുറംഭാഗത്തെ തോട് ഒരു കത്തിയോ സ്പൂണോ കൊണ്ട് നന്നായി വൃത്തിയാക്കിയെടുക്കുക. തോടോടുകൂടി വേവിക്കുന്നതിനാൽ തോട് നല്ലതുപോലെ വൃത്തിയായിരിക്കണം. തോട് വകഞ്ഞ് മാറ്റി ഉള്ളിലുള്ള ചകിരി പോലെ കട്ടിയുള്ള നാര് എടുത്ത് മാറ്റിയശേഷം കല്ലുമ്മക്കായയുടെ അകവും പുറവും നന്നായി കഴുകിയെടുക്കുക. വെള്ളം വാർന്ന് പോയ ശേഷം രണ്ടുമൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിർത്ത പച്ചരിയും ഒരു ചെറിയ സവാള അരിഞ്ഞതും ഒരു കപ്പ് തേങ്ങ ചിരകിയതും മൂന്ന് ടീസ്പൂൺ പെരുജീരകവും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും അരക്കപ്പു വെള്ളവുംചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത കൂട്ട് ഒരു ബൗളിലേക്ക് ഒഴിക്കുക. തുടർന്ന് അരിപ്പൊടി ചേർത്ത് കുഴച്ചെടുക്കുക. ആവശ്യത്തിന് കട്ടിയിൽ കുഴച്ചെടുത്ത ശേഷം കല്ലുമ്മക്കായയുടെ ഉള്ളിൽ ആവശ്യത്തിനുള്ള വലിപ്പത്തിൽ നിറയ്ക്കുക.
നിറച്ചെടുത്ത കല്ലുമ്മക്കായകൾ വേവിച്ചെടുക്കുക. വെന്തശേഷം കല്ലുമ്മക്കായയിൽ നിന്ന് ഇറച്ചിയോടെ തന്നെ അരിമാവ് ഇളക്കിയെടുത്തശേഷം പൊരിച്ചെടുക്കാനുള്ള മസാലക്കൂട്ട് തയ്യാറാക്കുക.
ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ കറിമസാലപൊടിയും മൂന്ന് നുള്ള് ഉപ്പും വെള്ളവുമൊഴിച്ച് കുഴച്ചെടുക്കുക.
ഫ്രൈയിംഗ് പാൻ ചൂടാകുമ്പോൾ മൂന്ന് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ വേവിച്ചെടുത്ത കല്ലുമ്മക്കായ മുളകിട്ട മിശ്രിതത്തിൽ നന്നായി പുരട്ടിയെടുത്ത് വറുത്തെടുക്കുക.
ഇറച്ചിപ്പത്തിരി
ചേരുവകൾ
എല്ലില്ലാത്ത ചിക്കൻ
(കഷണങ്ങളാക്കിയത്) .................ഒരു കപ്പ്
ഉപ്പ് .......................................ആവശ്യത്തിന്
മുളകുപൊടി ................................3/4 ടീസ്പൂൺ
മഞ്ഞൾപ്പൊടി .........................അര ടീസ്പൂൺ
വെള്ളം .................................ആവശ്യത്തിന്
വെളിച്ചെണ്ണ ......................2 ടേബിൾ സ്പൂൺ
സവാള (ചെറുതായി അരിഞ്ഞത് )..3 എണ്ണം
പച്ചമുളക് (കീറിയത്)..................... 2 എണ്ണം
വെളുത്തുള്ളി (ചതച്ചത്)...........അര ടീസ്പൂൺ
ഇഞ്ചി ചതച്ചത് .......................അര ടീസ്പൂൺ
ഉപ്പ് ......................................ആവശ്യത്തിന്
കുരുമുളകുപൊടി .......................ഒരു ടീസ്പൂൺ
ഗരം മസാലപൊടി ..................അര ടീസ്പൂൺ
മല്ലിപ്പൊടി ...............................അര ടീസ്പൂൺ
മല്ലിയില ..............................ആവശ്യത്തിന്
മൈദ .........................................ഒന്നര കപ്പ്
ഗോതമ്പുപൊടി ...........................അര കപ്പ്
പാകം ചെയ്യുന്ന വിധം
കഷണങ്ങളാക്കിയ എല്ലില്ലാത്ത ചിക്കൻ ആവശ്യത്തിന് ഉപ്പും മുക്കാൽ ടീസ്പൂൺ മുളക് പൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് വെള്ളമൊഴിച്ച് വേവിച്ചശേഷം ചിക്കനിൽ മസാല നന്നായി പിടിച്ച ശേഷം വെളിച്ചെണ്ണ തൂവി ചെറുതായി വഴറ്റിയെടുക്കുക.
ചിക്കൻ കഷണങ്ങൾ മാറ്റിയ ശേഷം എണ്ണയിലേക്ക് സവാള ചെറുതായി അരിഞ്ഞത് എണ്ണയിലേക്കിട്ട് വഴറ്റിയെടുക്കുക. വഴറ്റിയശേഷം പച്ചമുളക് കീറിയതും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും ഉപ്പും ചേർത്ത് ഇളക്കി വഴറ്റിയെടുക്കുക.
നേരത്തെ വേവിച്ച ചിക്കൻ മിക്സിയിലിട്ടടിച്ചെടുത്ത് വഴറ്റിയെടുത്ത സവാളക്കൂട്ടിലേക്കിട്ട് നന്നായി ഇളക്കിയെടുക്കുക. അതിലേക്ക് കുരുമുളക് പൊടിയും ഗരം മസാല പൊടിയും മല്ലിപ്പൊടിയും മുളക് പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് വീണ്ടും നന്നായി വഴറ്റിയെടുക്കുക. തയ്യാറായിക്കഴിഞ്ഞ മസാലയിലേക്ക് അല്പം മല്ലിയില കൂടി തൂവുക.
മൈദ ഒരു പാത്രത്തിലെടുത്ത് ഗോതമ്പ് പൊടികൂടി ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്തശേഷം വെള്ളമൊഴിച്ച് കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവ് ചെറിയ ചെറിയ ഉരുളകളാക്കി മാറ്റുക. ഉരുളകൾ പരത്തിയെടുത്തശേഷം നേരത്തെ തയ്യാറാക്കി വച്ച മസാല നിറയ്ക്കാം.
മസാല നിറച്ച ശേഷം എല്ലാവശവും നന്നായി അമർത്തി ഒട്ടിച്ചെടുക്കുക. ശേഷം കട്ടർ ഉപയോഗിച്ച് വശങ്ങൾ ആകൃതിയിൽ മുറിച്ചെടുത്തശേഷം
ചൂടായ എണ്ണയിലിട്ട് പൊരിച്ചെടുക്കാം.