miawaki

തിരുവനന്തപുരം: നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കനകക്കുന്നിലെ മിയാവാക്കി വനം ഇതിനോടകം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയതാണ്. 120 ഇനങ്ങളിലായി 426 ചെടികളാണ് കനകക്കുന്നിലെ അഞ്ച് സെന്റിൽ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ അതിന് സമാനമായി തലസ്ഥാനത്ത് മറ്റൊരു മിയാവാക്കി വനം കൂടി വരുന്നു.

തലസ്ഥാനത്ത് സ്‌പെഷ്യൽ സബ് ജയിലിലാണ് മിയാവാക്കി വനം തയ്യാറാവുന്നത്. പ്രകൃതിസ്നേഹിയും അന്തരിച്ച കവയത്രിയുമായ സുഗതകുമാരിയുടെ ഓർമ്മയ്ക്കായാണ് ജയിലിൽ മിയാവാക്കി വനം സൃഷ്ടിക്കാൻ അധികൃതർ തീരുമാനിച്ചത്. ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ട്രാൻസ്‌ഫൊർമേഷൻ കമ്പനിയായ യു.എസ്.ടിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

ഒരു ചതുരശ്ര മീറ്ററിൽ നാല് വൃക്ഷത്തൈകൾ എന്ന രീതിയിൽ 20 സെന്റ് സ്ഥലത്ത് 3280 ഓളം വിവിധങ്ങളായ കാട്ടുമരങ്ങൾ, ഔഷധമരങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിവയുടെ തൈകൾ ആണ് വച്ചുപിടിപ്പിക്കുക. 10 ലക്ഷം രൂപയാണ് ഇതിനായി ചെലവിടുക. ഇവയുടെ പരിപാലനവും സംരക്ഷണവും നിർവഹിക്കുക ജയിലിലെ അന്തേവാസികളായിരിക്കും.

വനം തയ്യാറാക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ഐ.ടി ജീവനക്കാർ നൽകും. ആവശ്യമായ സഹായങ്ങൾ ജയിൽ വകുപ്പും ചെയ്തു നൽകും. മിയാവാക്കി വനത്തിന് വശത്തായി ഒരു ചെറിയ പൂന്തോട്ടവും വാട്ടർ ഫൗണ്ടനും നിർമ്മിക്കുന്നുണ്ട്. വനത്തിലെ സസ്യങ്ങൾക്ക് വെള്ളം നൽകുന്നതിനായി ഒരു കിണറും കുഴിച്ചിട്ടുണ്ട്.

 2019ൽ തുടങ്ങി

ജപ്പാനിൽ സുനാമിയെ നേരിടാനാരംഭിച്ച മിയാവാക്കി പദ്ധതി നേരത്തെ തന്നെ ജില്ലാ ജയിലിൽ നടപ്പാക്കിയിരുന്നു. 2019ൽ മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് ജയിൽ വളപ്പുകളിൽ മിയാവാക്കി വനം സ്ഥാപിക്കാൻ നിർദ്ദേശിച്ചിരുന്നു. ഗാന്ധി സ്മൃതിവനം എന്ന് പേര് നൽകിയ പദ്ധതി പൂജപ്പുര ജില്ലാ ജയിലിലെ മാലിന്യം നിക്ഷേപിച്ചിരുന്ന 20 സെന്റ് സ്ഥലത്താണ് ആദ്യം ആരംഭിച്ചത്. ജൈവ വൈവിദ്ധ്യ ബോർഡും പാലോട് ട്രോപ്പിക്കൽ ഗാർഡനും വേണ്ട സഹായങ്ങളുമായി ഒപ്പം ചേർന്നു. 15 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവിട്ടത്. ഹരിതകേരളം മിഷന്റെ ഭാഗമായി ലഭ്യമായ സർക്കാർ ഭൂമിയിൽ രണ്ട് മുതൽ 5 സെന്റ് വരെ ഉപയോഗിച്ച് മിയാവാക്കി വനങ്ങൾ വച്ചു പിടിപ്പിക്കാൻ സർക്കാർ നേരത്തെ തന്നെ പദ്ധതി തയ്യാറാക്കിയിരുന്നു.

മിയാവാക്കി വനം

ചുരുങ്ങിയ സ്ഥലത്ത് കൃത്രിമമായി നിർമ്മിച്ചെടുക്കുന്ന വനമാണ് മിയാവാക്കി. പ്രശസ്ത ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ അകിര മിയാവാക്കി 1970ൽ വികസിപ്പിച്ചെടുത്ത വനനിർമ്മാണ മാതൃകയാണിത്. വളരെ വേഗം ചെടികൾ വളർച്ച കൈവരിക്കുമെന്നതാണ് മിയാവാക്കി വനങ്ങളുടെ സവിശേഷത. സസ്യങ്ങൾ നടുന്നതിലെ പ്രത്യേകതകളാണ് ഇതിന് കാരണം. നൂറു വർഷം കൊണ്ട് ഒരു സ്വാഭാവിക വനം നേടുന്ന വളർച്ച 30 വർഷം കൊണ്ട് ഒരു മിയാവാക്കി വനം കൈവരിക്കും. ആഗോള തലത്തിൽ മിയാവാക്കി വനങ്ങൾ പ്രതിവർഷം ഒരു മീറ്റർ ഉയരത്തിൽ വളരുമ്പോൾ കേരളത്തിൽ മൂന്നര മീറ്ററിൽ കുറയാത്ത വളർച്ച ഉണ്ടാകുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു.