ന്യൂഡൽഹി: കൊടുംകുറ്റവാളിയായ ഛോട്ടാ രാജന് കൊവിഡ് സ്ഥിരീകരിച്ചു. തിഹാർ ജയിൽ അധികൃതരാണ് ഈ വിവരം അറിയിച്ചത്. രോഗബാധിതനായ ഛോട്ടാ രാജൻ എന്ന രാജേന്ദ്ര നികാൽജെയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചെന്ന് ജയിൽ അധികൃതർ പറഞ്ഞു. വിവരം അറിഞ്ഞതോടെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിമർശനമാണ് ജനങ്ങൾ ഇതിനെതിരെ നടത്തുന്നത്. 'സാധാരണ ജനങ്ങൾ കിടക്കയ്‌ക്ക് വേണ്ടി കഷ്‌ടപ്പെടുമ്പോൾ കൊടുംകുറ്റവാളിക്ക് എയിംസിൽ ചികിത്സ നൽകുന്നു' എന്ന തരത്തിലുളള വിമർശനങ്ങളാണ് പുറത്തുവരുന്നത്. 61കാരനായ ഛോട്ടാ രാജന്റെ ചികിത്സ ഇപ്പോഴും എയിംസിൽ തുടരുകയാണ്.
മുംബയിൽ ഉൾപ്പടെ ഛോട്ടാ രാജനെതിരായ കേസുകൾ സിബിഐയ്‌ക്ക് കൈമാറിയിരുന്നു. ഇവയുടെ വിചാരണയ്‌ക്കായി പ്രത്യേക കോടതിയും സ്ഥാപിച്ചു. കൊലപാതകം, സാമ്പത്തിക തട്ടിപ്പ്, വധശ്രമം ഉൾപ്പടെ എഴുപതോളം കേസുകൾ ഛോട്ടാരാജനെതിരെ നിലവിലുണ്ട്. ഇതിൽ മാദ്ധ്യമപ്രവർത്തകനായ ജ്യോതിർമൊയ് ഡേയെ കൊലപ്പെടുത്തിയ കേസിൽ ഇയാൾക്ക് 2018ൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു. എന്നാൽ ഹാനിഫ് കാഡവാല വധക്കേസിൽ കഴിഞ്ഞയാഴ്‌ച മുംബൈ സിബിഐ പ്രത്യേത കോടതി ഇയാളെയും കൂട്ടാളികളെയും വെറുതെവിട്ടു.
നിരവധി കൊലക്കേസുകളിൽ പ്രതിയായ ഇയാൾ രാജ്യത്ത് നിന്നും മുങ്ങിയെങ്കിലും 2015ൽ ഇന്തോനേഷ്യയിൽ നിന്നും പിടിയിലായിരുന്നു. തുടർന്ന് ഇന്ത്യയിലെത്തിച്ച ഇയാളെ തിഹാർ ജയിലിലടച്ചു. കനത്ത സുരക്ഷയാണ് ഛോട്ടാരാജന് ഏർപ്പെടുത്തിയിരിക്കുന്നത്.