യുവനായിക ദുർഗകൃഷ്ണ അർജുൻ രവീന്ദ്രന്റെ ഭാര്യാ വേഷത്തിൽ
''ചെറുപ്പം മുതലുള്ള ഏറ്റവും വലിയ ആഗ്രഹമായിരുന്നു കല്യാണം ഉത്സവം പോലെ നടത്തണമെന്ന്. എന്റെ തറവാട്ടിലെ ആകെയുള്ള പെൺതരി ഞാനാണ്. കിങ്ങിണി എന്നാണ് വീട്ടിൽ വിളിക്കുന്ന പേര്. എല്ലാവരും കിങ്ങിണിയുടെ കല്യാണത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. എന്റെ ആങ്ങളമാരും വീട്ടുകാരും നാട്ടുകാരുമെല്ലാം. നാലു ദിവസമായിട്ടായിരുന്നു കല്യാണം നടന്നത്. ആദ്യം ഹൽദി ( വിവാഹത്തിനു മുന്നോടിയായി ഉത്തരേന്ത്യയിലും മറ്റും നടത്തുന്ന ഒരാഘോഷം .മഞ്ഞൾ കല്യാണമെന്നും പറയാറുണ്ട് )അടുത്തദിവസം ഗുരുവായൂരിൽ കല്യാണം, അതിന്റെ അടുത്ത ദിവസം കൊച്ചിയിലെ സുഹൃത്തുക്കൾക്കും സിനിമാ പ്രവർത്തകർക്കും വേണ്ടിയുള്ള റിസപ്ഷൻ, അതിന്റെ അടുത്ത ദിവസം എന്റെ നാട്ടുകാർക്ക് കോഴിക്കോട് റിസപ്ഷൻ. വിവാഹത്തിന്റെ ക്ഷീണം മാറി നേരെ ജോലിയിലേക്ക് ഇറങ്ങി ഞങ്ങൾ.അർജുൻ നിർമ്മാതാവാണ്. ഞാൻ നായികയായ കൺഫഷൻസ് ഓഫ് കുക്കുവാണ് അർജുൻ ആദ്യമായി നിർമ്മിച്ച ചിത്രം. നീരജ് മാധവ് അഭിനയിക്കുന്ന 'കാ" യാണ് നിർമ്മിക്കുന്ന പുതിയ ചിത്രം. ഞങ്ങൾക്ക് രണ്ടുപേർക്കും ജീവിക്കാൻ കരിയർ വേണം. അതുകൊണ്ട് അതിന് തന്നെയാണ് മുൻഗണന കൊടുക്കുന്നത്. വിവാഹം കഴിഞ്ഞു ഹണിമൂൺ എവിടെയാണെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. അതെല്ലാം ഇനിയുമാവാലോ... ഇപ്പോൾ ജോലിയാണ് മുഖ്യമെന്നാണ് അങ്ങനെ ചോദിക്കുന്നവരോട് പറയാനുള്ളത്.""മലയാള സിനിമാ താരം ദുർഗ കൃഷ്ണയുടെ കല്യാണ ആഘോഷ വിഡിയോകളും ചിത്രങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. സ്വപ്നം കണ്ടപോലെ വിവാഹം ആഘോഷമാക്കിയതിന്റെ സന്തോഷത്തിലാണ് ദുർഗയും ഭർത്താവ് അർജുൻ രവീന്ദ്രനും. കാക്കനാട് പുതിയ വില്ലയിലിരുന്നു മിസിൽ നിന്ന് മിസ്സിസായി പ്രൊമോഷൻ കിട്ടിയ വിശേഷങ്ങൾ ദുർഗ പറഞ്ഞു തുടങ്ങി.
'' അർജുന്റെ വീട് ഗുരുവായൂരാണ്. നാലു വർഷമായി ഞങ്ങൾ പ്രണയത്തിലാണ്.കാമുകിയിൽ നിന്ന് ഭാര്യയിലെത്തിയെന്നൊന്നും തോന്നുന്നില്ല. ഞങ്ങൾ രണ്ടുപേരും രണ്ടു വ്യക്തികളാണ്. രണ്ടുപേർക്കും രണ്ടുപേരുടേതായ ഇഷ്ടങ്ങളുണ്ട്. അർജുന്റെ ഇഷ്ടങ്ങൾ ഞാൻ ആസ്വദിക്കാറുണ്ട്. തിരിച്ചും അങ്ങനെയാണ്. ഞങ്ങൾക്കിടയിലെ സ്നേഹം തന്നെയാണ് ഞങ്ങളുടെ ബോണ്ട്. ആദ്യ സിനിമ വിമാനത്തിൽ ഞാൻ ജോയിൻ ചെയ്ത സമയത്ത് സംവിധായകൻ എന്നെ ഒരു ആക്ടിംഗ് വർക്ക് ഷോപ്പിൽ ജോയിൻ ചെയ്യിപ്പിച്ചിരുന്നു. ആ ക്യാമ്പിൽ ഉണ്ടായിരുന്ന ആളാണ് അർജുൻ. അർജുനും അഭിനയ മോഹം കൊണ്ട് സിനിമയിലെത്തിയതാണ്. ഇപ്പോൾ നിർമാതാവായതും സിനിമയോടുള്ള അതിയായ ഇഷ്ടം കൊണ്ടാണ് . അന്ന് ഞങ്ങൾ പരിചയപ്പെട്ട സമയത്ത് തന്നെ അർജുന് എന്നെ ഇഷ്ടമായിരുന്നു. പക്ഷേ പറഞ്ഞില്ല. പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി. എപ്പോഴോ രണ്ടുപേർക്കും ഉള്ളിൽ പ്രണയമുണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ അർജുൻ എന്നെ പ്രൊപ്പോസ് ചെയ്തു. ആ സമയത്ത് തന്നെ അർജുനോട് വീട്ടിൽ അച്ഛനുമായി സംസാരിക്കാനാണ് ഞാൻ പറഞ്ഞത്. കാരണം എനിക്ക് ഒരാളെ പ്രേമിച്ച് നടന്ന് പിന്നീട് വേറെയൊരാളെ കല്യാണം കഴിക്കുകയെന്നതൊന്നും ഉൾകൊള്ളാൻ കഴിയില്ലായിരുന്നു. അർജുനും കുടുംബവും വീട്ടിൽ വന്നു ചോദിച്ചു. പറഞ്ഞു വയ്ക്കാം എന്നായിരുന്നു രണ്ടു വീട്ടുകാരുടെയും തീരുമാനം. എനിക്കും വിവാഹത്തിന് മുൻപ് നാലുവർഷം സമയം വേണമെന്ന് പറഞ്ഞിരുന്നു. നാലുവർഷം കഴിയുമ്പോൾ ഈ സ്നേഹം ഇതുപോലെയുണ്ടെങ്കിൽ നമുക്ക് കല്യാണത്തെക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു വീട്ടുകാരും പറഞ്ഞത്. അർജുനുമായുള്ള പ്രണയം കഴിഞ്ഞ നാലു വർഷം ശക്തമായി പോയത് എന്റെ വീട്ടുകാർ കണ്ടതാണ്. അവർക്ക് മനസിലായി അർജുന്റെ കൂടെ ഞാൻ ഹാപ്പിയാണെന്ന്. അതുകൊണ്ട് തന്നെ അവരുടെയെല്ലാം പൂർണ പിന്തുണ ഉണ്ടായിരുന്നു.ആ നാലു വർഷത്തെ പ്രണയസാഫല്യമാണ് ഇപ്പോൾ പൂർണതയിൽ എത്തിയിരിക്കുന്നത്. പരസ്പരം മനസിലാക്കി ഇതുവരെ ജീവിച്ചപോലെ തുടർന്നും ജീവിക്കാനാണ് ആഗ്രഹം.""
ആഘോഷ രാവുകൾ
ബാച്ചിലേഴ്സ് പാർട്ടിയടക്കം അഞ്ചു ദിവസമായിരുന്നു കല്യാണ ആഘോഷം. ഞങ്ങൾ എല്ലാവരും അത്രയധികം ആഗ്രഹിച്ചിരുന്ന ദിവസങ്ങളായിരുന്നു അത്. ഹൽദിയിലൂടെയാണ് വിവാഹ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. സാധാരണ ഹാൽദിയ്ക്ക് മഞ്ഞയാണ് ഹൈലൈറ്റായി ഉണ്ടാവാറുള്ളത്. എന്നാൽ എന്റെ ഹൽദിയ്ക്ക് ഒറ്റസ്ഥലത്തും മഞ്ഞ നിറം ഉണ്ടാവരുതെന്ന് നിർബന്ധം ഉണ്ടായിരുന്നു. മഞ്ഞയാവാനും പാടില്ല നിറയെ കളറും വേണമെന്നായിരുന്നു തീരുമാനം. ഹോളിപോലെ. അങ്ങനെയുള്ള ചർച്ചയിലാണ് പഞ്ചാബി തീമിൽ ചെയ്യാമെന്ന് നിശ്ചയിച്ചത്. ഹൽദി യ്ക്ക് വരുന്നവർക്ക് ടർബനും ബാൻഡും ഞങ്ങൾ കൊടുത്തിരുന്നു. കല്യാണത്തിന്റെ തുടക്കം കളറാവണമെന്ന നിർബന്ധം ഉണ്ടായിരുന്നു.
കല്യാണം തമിഴ് പരമ്പരാഗത സ്റ്റൈലിലാണ് ഒരുങ്ങിയത്. മൈലാഞ്ചിയ്ക്ക് പകരം ആൾട്ടയാണ് കൈയിലണിഞ്ഞത് .വിവാഹം ഗുരുവായൂർ വച്ചായിരുന്നു.
കോസ്റ്റ്യൂം മേക്കപ്പും
ഹൈലൈറ്റായി
എന്റെ ആദ്യം മുതലുള്ള കോസ്റ്റുമുകൾ ചെയ്യുന്നത് പാരീസ് ഡി ബുട്ടീകാണ്. വർഷങ്ങളായുള്ള ബന്ധമുണ്ട് അവരുമായി. എനിക്ക് എന്ത് ചേരും എനിക്ക് എന്ത് കൂടുതൽ ഇഷ്ടപ്പെടുമെന്നൊക്കെ ഏറ്റവും കൂടുതൽ അവർക്കാണ് അറിയുന്നത് . എനിക്കാണേൽ സിനിമ തിരക്കുകാരണം ഇതിന്റെ ഒന്നും പുറകെ പോവാൻ സമയമില്ലാത്തത് കൊണ്ട് തീം മാത്രമാണ് പറഞ്ഞുകൊടുത്തത്.വൈറ്റ് ഗൗണിൽ താഴെയായി കളർഫുൾ ഫെതറുകളായിരുന്നു ഹൽദിയുടെ കോസ്റ്റ്യൂം.
കല്യാണത്തിന് വേണ്ടി ചുവപ്പായിരിക്കണം സാരിയെന്ന് മാത്രമാണ് അവരോട് പറഞ്ഞത്. ബ്ലൗസിന്റെ പിൻ ഭാഗം ട്രാൻസ്പേരന്റായിരുന്നു.അവിടെ മനോഹരമായ വർക്കുകൾ ചെയ്തിരുന്നു. കാഞ്ചീപുരമായിരുന്നു സാരി .എന്റെയും അർജുന്റെയും നക്ഷത്രം രേവതിയായതുകൊണ്ട് മയിൽ തീം ഞങ്ങളുടെ രണ്ടുപേരുടെയും കല്യാണ വസ്ത്രത്തിൽ അവർ ചെയ്തിരുന്നു.
കൊച്ചിയിലെ റിസപ്ഷന് വെസ്റ്റേൺ സ്റ്റൈലായിരുന്നു . സാധാരണ ഗൗൺ പോലെയല്ലാതെ വ്യത്യസ്തമായാണ് അവർ ചെയ്തു തന്നത്. ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു വെസ്റ്റേൺ ഗൗൺ ഞാൻ ട്രൈ ചെയ്യുന്നത്. മുത്തുകൾ മതിപ്പിച്ച ഡസ്തി മവ്വേ ഗൗണാണ് റിസപ്ഷനിൽ അവർ ഒരുക്കിയത്.
കോഴിക്കോട്ടെ റിസപ്ഷനിൽ വെസ്റ്റോ- ഇൻഡോ ലുക്കായിരുന്നു. കറുപ്പിൽ മനോഹരമായി ചെയ്തെടുത്ത ഗൗണായിരുന്നു. വികാസ് ചേട്ടന്റെ ( സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ) മേക്കപ്പിന്റെ കാര്യം പിന്നെ പറയേണ്ട ആവശ്യമില്ലലോ. വർഷങ്ങളായുള്ള പരിചയമുണ്ട് വികാസ് ചേട്ടനുമായി. എനിക്ക് എത്രയധികം ആഗ്രഹമുണ്ട് സ്വപ്നമുണ്ടെന്നൊക്കെ ചേട്ടനറിയാം. അതിനെയെല്ലാം ജീവൻ വെപ്പിച്ചത് വികാസ് ചേട്ടനാണ്. എന്റെ അച്ഛനെക്കാൾ സഹോദരന്മാരെക്കാളൊക്കെ എന്റെ കല്യാണത്തിന് വേണ്ടി ഓടി നടന്ന ആളു വികാസ് ചേട്ടനാണ്. എന്റെ എല്ലാ ഔട്ട്ലുക്ക് ഗംഭീരമായതിൽ വികാസ് ചേട്ടന്റെ മേക്കപ്പിനു വലിയൊരു പങ്കുണ്ട്.
ഏറ്റവും പ്രിയപ്പെട്ട ലാലേട്ടൻ
എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ് ലാലേട്ടൻ. ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഞാൻ ആദ്യം വിളിച്ചു പറയുന്നത് അദ്ദേഹത്തോടാണ്. ബറോസിന്റെ ഷൂട്ടിലായതുകൊണ്ട് കല്യാണത്തിന് ലാലേട്ടന് വരാൻ കഴിഞ്ഞില്ല. കല്യാണദിവസം രാവിലെ മെസ്സേജ് അയച്ചപ്പോൾ ലാലേട്ടൻ എന്നെ വിളിച്ച് അനുഗ്രഹിച്ചു. ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. കല്യാണപെണ്ണായി ഒരുങ്ങി നിൽക്കുന്ന ഫോട്ടോ അയക്കാൻ പറഞ്ഞു. ഗുരുവായൂരിൽ താലികെട്ടാനായി ഇറങ്ങുന്നതിന് മുൻപും ലാലേട്ടനെ വിളിച്ചിരുന്നു.