തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്കില്‍ വന്‍ തീപിടിത്തം. നര്‍മദ ഷോപ്പിംഗ് കോംപ്ലസിന് സമീപത്തെ മൂന്നുനില കെട്ടിടത്തിലാണ് തീ പിടിച്ചത്. കെട്ടിടത്തിന്റെ മൂന്നാം നിലിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സ്‌പൈസ് എന്ന ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടത്തെ ജീവനക്കാരായ അന്യസംസ്ഥാന തൊഴിലാളികളാണ് മൂന്നാം നിലയിൽ താമസിക്കുന്നത്. ഇവരെ കയർ കെട്ടി താഴെ ഇറക്കിയാണ് രക്ഷപ്പെടുത്തിയത്.
ഇന്ന് ഉച്ചക്ക് ശേഷമാണ് കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്. പ്രദേശവാസികളാണ് തീപിടിത്തമുണ്ടായ വിവരം ഫയര്‍ ഫോഴ്‌സിലും പൊലീസിലും അറിയിച്ചത്. സമീപത്തുണ്ടായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരാണ് ആദ്യം സഹായത്തിന് എത്തിയത്. തൊഴിലാളികളെ താഴെ എത്തിച്ചതും ഇവരാണ്. തീ പിടിത്തതിന് കാരണം വ്യക്തമായിട്ടില്ല. തിരുവനന്തപുരം ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് നാലു യൂണിറ്റും ചാക്കയില്‍ നിന്നും രണ്ടു യൂണിറ്റും എത്തിയാണ് തീ അണച്ചത്.