അഭിനയം, തിരക്കഥഎഴുത്ത്,
സഹസംവിധാനം
ശാന്തി ബാലചന്ദ്രന്റെ വഴികൾ
Behind the
character
നല്ല കഥാപാത്രങ്ങൾക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. നാടൻ പെൺകുട്ടിയാണ്
'ആഹാ"യിലെ മേരി . ഇന്ദ്രേട്ടന്റെ നായിക.
'ആഹാ" പൂർണമായി വടംവലിയുടെ പശ്ചാത്തലത്തിൽ മനോഹരമായ വലിയ സിനിമയാണ്. ടൊബിത്ത് ഏറെ പഠിച്ചശേഷമാണ് തിരക്കഥ തയാറാക്കിയത്. ജിന്നിൽ സൗബിൻ ഷാഹിർ നായകൻ. വലിയ കാൻവാസിലെത്തുന്ന എന്റർടെയ്നറാണ് 'ജിന്ന്."ചതുരത്തിൽ റോഷൻ മാത്യു, അലൻസിയർ, സ്വാസിക തുടങ്ങിയവർ. രണ്ടു സിനിമയുടെയും സംവിധാനം സിദ്ധാർത്ഥ് ഭരതൻ.ജിന്നിലെയും ചതുരത്തിലെയും കഥാപാത്രങ്ങളെപ്പറ്റി കൂടുതൽ പറയാൻ കഴിയില്ല .മൂന്നു സിനിമകളും റിലീസിന് കാത്തിരിക്കുന്നു.പരീക്ഷണ സിനിമയുടെ ഭാഗമായിരുന്നു ഇതുവരെ. ആഹായും ജിന്നും ചതുരവും എത്തുന്നതോടെ കൂടുതൽ കൊമേഴ്സ്യൽ സിനിമകളുടെ ഭാഗമാകാൻ കഴിയുമെന്ന് കരുതുന്നു.ഒരേസമയം എല്ലാത്തരം സിനിമയിലും അഭിനയിക്കാൻ കഴിയണം.
കഥ ഇഷ്ടപ്പെടുകയും ആ ടീമിനൊപ്പം പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്താൽ മാത്രമേ സിനിമയുടെ ഭാഗമാകുകയുള്ളൂ. അധികം സിനിമയിൽ അഭിനയിച്ചിട്ടില്ല. എന്നാൽ വന്നതിൽ നിന്ന് നല്ലത് തിരഞ്ഞെടുത്തുവെന്ന് കരുതുന്നു.കഥാപാത്രങ്ങൾ എല്ലാം സംതൃപ്തി തന്നു. പ്രതിഭാധനരായ നിരവധി സംവിധായകരുടെ സിനിമയുടെ ഭാഗമാകണമെന്ന് ആഗ്രഹമുണ്ട്.വിവിധ മേഖലയിൽ സർഗാത്മകരായ കുറെ ആളുകൾക്കൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതാണ് സിനിമ. ആ ജോലി എനിക്ക് ഇഷ്ടമാണ്. സംവിധായകന്റെയും ഒപ്പം അഭിനയിക്കുന്നവരുടെയും ഉപദേശം സ്വീകരിക്കാറുണ്ട്. ആദ്യ സിനിമ തരംഗത്തിൽ നായകൻ ടൊവിനോ .അതിലെ മാലു എന്ന കഥാപാത്രം സ്വതന്ത്രയാണ്.
തരംഗം കഴിഞ്ഞു ചെയ്ത 'രണ്ടുപേർ" ഐ.എഫ്.എഫ്.കെ യിലായിരുന്നു പ്രദർശനം.ജല്ലിക്കട്ടിലെ സോഫി വേറിട്ട ആളും ധൈര്യശാലിയുമാണ്. 'ജല്ലിക്കട്ട്" അഭിനയിച്ചു ഒരുവർഷം കഴിഞ്ഞാണ് എത്തിയത്. അതിനുശേഷം പാപം ചെയ്യാത്തവർ കല്ലെറിയട്ടെ. ആ സിനിമയിലെ ലിന്റ എന്ന കഥാപാത്രത്തിന് അവളുടേതായ ലോകമുണ്ട്. തരംഗത്തിലെ മിന്നുന്നുണ്ടേ മുല്ലപ്പോലെ എന്ന പാട്ടും ശ്രദ്ധേയമായിരുന്നു. പാട്ടിന്റെ ഭംഗിയും പശ്ചാത്തലവും കൃത്യമായി പ്രേക്ഷകരിലേക്ക് എത്തുകയും ചെയ്തു 'ആഹാ"യിലെ തണ്ടൊടിഞ്ഞ താമരയിൽ എന്ന ഗാനത്തിന് സായ മികച്ച സംഗീതം ഒരുക്കി .പാട്ട് ഇപ്പോഴും ഹിറ്റ് ചാർട്ടിൽ.
Behind the
Scene
തരംഗത്തിന്റെ സംവിധായകൻ ഡൊമനിക് അരുണിനൊപ്പം കൂട്ടെഴുത്തിലാണ്. എന്റെ ആദ്യ തിരക്കഥ.ആഗസ്റ്റിൽ സിനിമയുടെ ഷൂട്ട് ആരംഭിക്കാനാണ് ആലോചന. പ്രൊഡക്ഷൻ മീറ്റിംഗ് നടക്കുന്നു. ആ സിനിമ ആരംഭിക്കുന്നതിന് വേണ്ടി കാത്തിരിക്കുന്നു. അതിലാണ് മുഴുവൻ ശ്രദ്ധയും. 'ഒബ് ലിവ്യൻ"എന്ന മ്യൂസിക് വീഡിയോയുടെ തിരക്കഥ ഒരുക്കി. ഡൊമനിക്കാണ് സംവിധാനം. അശ്വിൻ രഞ്ജുവാണ് സംഗീത സംവിധാനം. കെ.എസ്. ഹരിശങ്കറിന്റെ മനോഹരമായ പാട്ട് കേൾക്കാം. ഛായാഗ്രഹണം നിമിഷ് രവിയും ഗാനരചന മനു മഞ്ജിത്തും.ജീവിതത്തിലെ ഒാർമകളെക്കുറിച്ചും നഷ്ടബോധത്തെക്കുറിച്ചുമാണ് മ്യൂസിക് വീഡിയോ.നോർഡിക് മിത്തിലൂടെയാണ് ആഖ്യാനം.ഗൃഹാതുരത്വം ഉണർത്തുന്നതായിരിക്കും സംഗീതം.ഏറെ ആസ്വദിച്ചായിരുന്നു ചിത്രീകരണം. നന്നായി വന്നിട്ടുണ്ടെന്ന് തോന്നുന്നു.ലോഞ്ച് ഉടൻ ഉണ്ടാവും. എഴുത്ത് ഇഷ്ടമേഖലയാണ്. അർച്ചനാകവി അഭിനയിച്ച 'മീൻ അവിയൽ" വെബ് സീരിസിൽ സഹസംവിധായികയായിരുന്നു. സംവിധായകൻ അഭിഷേക് നായർ സുഹൃത്താണ്. വലിയ പഠനം തന്നെയാണ് സംവിധാനം. നല്ല വീക്ഷണവും കാഴ്ചപ്പാടും ഉണ്ടാവണം. അതു കൈവരിച്ചുവെന്ന് തോന്നുന്നില്ല. ലോക്ഡൗണിൽ ഒരു ഷോർട്ട് ഫിലിം ഞാൻ വീട്ടിൽ ഷൂട്ട് ചെയ്തു . എഡിറ്റ് ചെയ്തു. അപ് ലോഡ് ചെയ്യുകയും ചെയ്തു. അച്ഛൻ എം. ബാലചന്ദ്രൻ, അമ്മ എം.എസ്. പ്രേമലത. രണ്ടുപേർക്കും ബാങ്കിംഗ് മേഖലയിലാണ് ജോലി. എന്റെ ആഗ്രഹത്തിനും ഇഷ്ടത്തിനും ഒപ്പം നിന്നു പ്രോത്സാഹിപ്പിച്ചു അച്ഛനും അമ്മയും. സഹോദരൻ സന്ദീപ് എം. ബി . എ കഴിഞ്ഞ് മാർക്കറ്റിങ് മേഖലയിൽ. കോട്ടയമാണ് നാട്. കൊച്ചിയിലാണ് താമസം. അച്ഛന്റെ സ്ഥലംമാറ്റത്തിനനുസരിച്ച് കേരളത്തിലും ചെന്നൈയിലും കൊൽക്കത്തയിലുമായിരുന്നു പഠനം.ഒാക്സ് ഫോർഡ് യുണിവേഴ് സിറ്റിയിൽനിന്ന് ആന്ത്രപോളജിയിലായിരുന്നു മാസ്റ്റർ പഠനം. അതിനാൽ കലയോടും സംസ് കാരത്തോടും സാമൂഹികചുറ്റപ്പാടിനോടും പ്രത്യേക താത്പര്യമാണ്. യാത്രയിലൂടെ ഒാരോ ദിവസത്തെയും സംസ്കാരത്തെ അടുത്ത റിയുന്നു. ആ യാത്രകൾ എന്നെ സ്വാധീനിച്ചു.
Behind the
curtain
സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ നാടകത്തിൽ അഭിനയിച്ചു. നാടകത്തിനൊപ്പം സഞ്ചരിച്ചു. നിരവധി വർക്ഷോപ്പുകൾ. നാലുവർഷം മുൻപ് ഹെറോൾഡ് പിന്ററുടെ 'ദ ലവർ" നാടകം അവതരിപ്പിച്ചു. അസ്തമനം വരെ, മാലിക് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച സനൽ അമനാണ് സംവിധാനം. ദ ലവറിലൂടെയാണ് പ്രൊഫഷണൽ നാടകത്തിന്റെ ഭാഗമാവുന്നത്. സാറ എന്നും എന്റെ മികച്ച കഥാപാത്രമായിരിക്കും. ആ നാടകം ചെയ്യുമ്പോഴാണ് അഭിനയത്തിനോട് ഇത്രമാത്രം ഇഷ്ടമുണ്ടെന്ന് തിരിച്ചറിയുന്നത്. ടീസറും ട്രെയിലറും കണ്ടാണ് തരംഗത്തിന്റെയും രണ്ടുപേരിന്റെയും ഒാഡിഷന് വിളിക്കുന്നത്.
നാടകം കാണാൻ റോഷൻമാത്യവും ദർശനയും വന്നിരുന്നു. അടുത്ത നാടകം ' എ വെരി നോർമെൽ ഫാമിലി" സംവിധാനം ചെയ്തത് റോഷൻ . ഇംഗ്ളീഷിലും മലയാളത്തിലും അവതരണം. ഫ്രാൻസിസ് മികച്ച തിരനാടകം ഒരുക്കി. ശരിക്കും പരീക്ഷണ നാടകം. കൊച്ചിയിലും തിരുവനന്തപുരത്തും പ്രദർശനങ്ങൾ. നാടകത്തിന്റെ ഓർമ കൂടെയുണ്ട്.